സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ‘ചതുരം’ ആണ് സ്വാസികയും അവസാനമായി റിലീസിനെത്തിയ ചിത്രം. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യപിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ സ്വാസിക ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. സാരി ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്വാസിക പൊതുയിടങ്ങളിൽ അധികവും പ്രത്യക്ഷപ്പെടാറുള്ളത് സാരിയിൽ തന്നെയാണ്. ബെയ്ജ് നിറത്തിലുള്ള പ്ലെയിൻ സാരിയാണ് സ്വാസിക അണിഞ്ഞിരിക്കുന്നത്. ഷീ ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. വളരെ മിനിമൽ ആഭരണങ്ങളാണ് സാരിയ്‌ക്കൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. 25,000 രൂപയാണ് സാരിയുടെ വില.
‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.
നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.