ബോളിവുഡില്‍ പ്രായം കൂടും തോറും സുന്ദരനായിക്കൊണ്ടിരിക്കുന്ന താരമാണ് സുനില്‍ ഷെട്ടി. ഫിറ്റ്നസിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആരേയും കൊതിപ്പിക്കുന്നതുമാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. തന്റെ പരിശീലനത്തെ കുറിച്ചും ഭക്ഷണരീതികളെ കുറിച്ചുമുളള വിവരങ്ങള്‍ അദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. 57 വയസാണ് സുനില്‍ ഷെട്ടിക്കെന്ന് കേട്ടാല്‍ ആദ്യമായി അറിയുന്നവരൊന്ന് മൂക്കത്ത് വിരല്‍ വെച്ച് പോകും. അത്രയ്ക്കാണ് അദ്ദേഹത്തിന്റെ ആകാരഭംഗി. എന്നാല്‍ ഫിറ്റ്നസിനായി താന്‍ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്റുകളോ ഉപയാഗിക്കാറില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഫിറ്റായി ഇരിക്കാന്‍ പൗഡറുകള്‍, ടാബ്ലെറ്റുകള്‍ പോലെയുളള സപ്ലിമെന്റുകള്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ടൈസ് ഓഫ് ഇന്ത്യയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
‘സിക്സ് പാക്ക് ആണ് ഫിറ്റ്നസെന്ന് കരുതുന്ന പലരുമുണ്ട്. കുട്ടികളെ ഇപ്പോള്‍ നിരവധി സപ്ലിമെന്റുകള്‍ കിട്ടുന്നുണ്ട്. ഉപയോഗിച്ച് കൂടാത്ത സ്റ്റിറോയ്ഡ് അടക്കമുളളവ ഇന്ന് ഉപയോഗിക്കപ്പെടുന്നു. അവസാനം അവര്‍ സ്വന്തം ശരീരത്തെ തന്നെ കുറ്റം പറയുന്നു. ഇതൊക്കെ ഉപയോഗിക്കും മുമ്പ് നിങ്ങള്‍ അറിയുന്നവരോട് ചോദിക്കണം. നന്നായി കഠിനാധ്വാനം ചെയ്യുന്ന അത്ലറ്റുകളോ കായിക താരങ്ങളോ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. ഉപയോഗിച്ചാല്‍ അത് സ്വന്തം ശരീരത്തെ തന്നെയാണ് കേടാക്കുന്നതെന്ന് അവര്‍ക്ക് അറിയാം. കിഡ്നിക്ക് കൂടുതല്‍ ജോലിഭാരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫിറ്റനസിന് കുറുക്കുവഴികളല്ല വേണ്ടത്, കുറുക്കുവഴിയിലൂടെ ഫിറ്റ്നസ് സാധ്യവുമല്ല. ‘മസില്‍ മെമ്മറി’ എന്നൊരു പ്രക്രിയ ഉണ്ടെന്ന് മറക്കരുത്, ദിനവും പരിശീലനം നടത്തിയാല്‍ നല്ല ഫിറ്റ്നസ് സാധ്യമാവും. ഓരോ ദിവസവും പരിശീലനം ചെയ്യുന്തോറും അടുത്ത ദിവസം നിങ്ങളുടെ ശരീരം തയ്യാറായി ഇരിക്കും. മാറ്റം കാണാനാവും’, സുനില്‍ ഷെട്ടി പറഞ്ഞു.
‘എന്റെ ശീലങ്ങളാണ് എനിക്ക് ഫിറ്റ്നസ് സമ്മാനിക്കുന്നത്. ദിനവും ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. എന്റെ നിയമം എന്താണെന്ന് കേട്ടോളു- ‘ഒരു രാജാവിനെ പോലെ പ്രാതല്‍ കഴിക്കുക, രാജ്ഞിയെ പോലെ ഉച്ചഭക്ഷണം കഴിക്കുക, ദരിദ്രനെ പോലെ അത്താഴം കഴിക്കുക’. ഈ പ്രായത്തിലും ഫിറ്റ്നസിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ അഭിനന്ദിക്കുന്നുണ്ടെങ്കില്‍ അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നമ്മള്‍ മറ്റുളളവരെ പ്രചോദിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ അതാണ് എന്നെ വ്യായാമം ചെയ്യാന്‍ കൊതിപ്പിക്കുന്നത്’, സുനില്‍ ഷെട്ടി വ്യക്തമാക്കുന്നു.
‘ഫിറ്റനസ് എനിക്കൊരു ജീവിതരീതിയാണ്. ചിട്ടയായി വ്യായാമം ചെയ്യുന്നത് കൊണ്ട് എന്റെ കുടുംബജീവിതത്തിലും ഒരു ചിട്ടയുണ്ട്. എന്റെ രക്ഷിതാക്കളും ഇതേ ചിട്ടയുളളവരാണ്. ഫിറ്റനസ് നിങ്ങളെ ചിട്ടയുളള ഒരാളാക്കി മാറ്റും. നല്ല ചിന്തകളും ശരിയായ മനോഭാവത്തോടെയും ആത്മവിശ്വാസത്തോടേയും മുന്നോട്ട് പോവാന്‍ ഫിറ്റ്നസ് നമ്മളെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ക്കുന്നു.
View this post on Instagram
Workin on MYSELF, by MYSELF, for MYSELF! #thinkaboutit @missionfitindiaofficial
‘ഇപ്പോള്‍ ഒരുപാട് പേര്‍ ഫിറ്റനസിന് പ്രാധാന്യം നല്‍കുന്നുണ്ട്. ‘ഫിറ്റ്നസ് കുട്ടിക്കളി ആണ്’ എന്ന് പറഞ്ഞ് ഇന്ത്യയിലെ മുഴുവന്‍ പേരേയും പ്രചോദിപ്പിക്കണം എന്നാണ് എന്റെ സ്വപ്നം. ഇത് ശരിക്കും മനസ്സിന്റെ കളിയാണ്. നമ്മള്‍ നമ്മളില്‍ വിശ്വസിക്കുകയും പോസിറ്റീവ് ആയി ചിന്തിക്കുകയും ചെയ്താല്‍ മാറ്റം കണ്ടുതുടങ്ങും. നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഭാരം കൂട്ടാനോ കുറക്കാനോ എന്നൊന്നും പ്രശ്നമല്ല. നിങ്ങളില്‍ വിശ്വസിക്കുക, പോസിറ്റീവ് ആയി ഇരിക്കുക’, സുനില്‍ ഷെട്ടി പറഞ്ഞു.