വേനൽക്കാലത്തെ ബുദ്ധിമുട്ടുകൾ പലവിധത്തിലാണ് ഓരോ വ്യക്തികളെയും ബാധിക്കുന്നത്. ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം വർധിക്കുകയാണ്. വൈറ്റമിൻ ഡിയുടെ ഗുണങ്ങൾ ലഭിക്കുന്നതിന് സൂര്യ പ്രകാശം ചർമ്മത്തിൽ ഏൽക്കേണ്ട ആവശ്യകതയുണ്ടെങ്കിലും കൂടുതലായുള്ള എക്സ്പോഷർ ചർമ്മത്തെയും എന്തിന് നഖത്തെ പോലും ബാധിക്കാം.
“മൃദുലത, മിനുസം എന്നിവയാണ് ആരോഗ്യമുള്ള നഖങ്ങളുടെ സവിശേഷത. നഖത്തിന്റെ അറ്റവും പ്രതലവുമെല്ലാം വളരെ കൃത്യതയോടെയായിരിക്കും കാണാനാവുക. വിരലുകളിലെ എല്ലാ നഖത്തിന്റെയും നിറവും ഒരേ പോലെയാകുന്നതിനൊപ്പം പാടുകളോ മറ്റു പ്രശ്നങ്ങളോ ആരോഗ്യമുള്ളവയ്ക്ക് ഇല്ലായിരിക്കും” ചർമ്മസംരക്ഷണ വിദഗ്ധ ഡോക്ടർ സീമ ഒബ്റോയ് ലാൾ ഇന്ത്യൻ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
വേനൽക്കാലത്ത് നഖങ്ങൾക്കു കൂടുതൽ പരിപാലനം നൽകേണ്ടത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. കഠിനമായ ചൂടും ഇർപ്പവും കാരണം നഖങ്ങൾ വരണ്ടു പോകാനും മിനുസം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ചൂട് സമയങ്ങളിൽ നഖം എങ്ങനെ പരിപാലിക്കാമെന്ന് നോക്കാം:
- നഖത്തിലെ ഈർപ്പം നിലനിർത്തുക
എണ്ണമയം ഉത്പാദിപ്പിക്കാനുള്ള ശേഷി ചർമ്മത്തിനുണ്ടെങ്കിലും നഖത്തിനു ആ ശേഷിയില്ല. നഖത്തിനു ആരോഗ്യവും കരുത്തും ഉണ്ടാകാനായി ഈർപ്പം നിലനിർത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. തണ്ണിമത്തൻ, സ്ട്രോബെറി, വെള്ളരി തുടങ്ങിയവയ്‌ക്കൊപ്പം ധാരാളം വെള്ളവും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെ കൈ കഴുകുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ആ സമയങ്ങളിൽ മൊയ്ചറൈസർ പുരട്ടാനും മറക്കരുത്.
- കൈ ഉറ ഉപയോഗിക്കുക
കൈ ഉറകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ കൈകളെ സൂര്യ രശ്മികളിൽ നിന്ന് സംരക്ഷിക്കും. പാത്രം കഴുകുന്നത് തുടങ്ങിയ നിത്യേനയുള്ള ജോലികൾ ചെയ്യുമ്പോഴും കൈ ഉറകൾ ഉപയോഗിക്കാം. ഇതുവഴി അണുക്കളിൽ നിന്ന് സുരക്ഷയേകാൻ സാധിക്കും.
- സൺസ്ക്രീൻ പുരട്ടുക
സൂര്യ രശ്മികൾ വൻതോതിലേൽക്കുന്നത് നഖത്തിന്റെ വരൾച്ച, നിറത്തിലെ വ്യത്യാസം എന്നിവയിലേക്ക് നയിക്കും. പുറത്തിറങ്ങുമ്പോഴെല്ലാം സൺസ്ക്രീം മറക്കാതെ പുരട്ടുക. ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും സൺസ്ക്രീം ഉപയോഗിക്കേണ്ടതുണ്ട്. ഹാൻഡ് സ്ക്രബ് ഉപയോഗിക്കുന്നതും വിരലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതാണ്. രക്തയോട്ടം വർധിപ്പിക്കുക, കോശങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നിവയെല്ലാം ഹാൻഡ് സ്ക്രബ് ഉപയോഗിക്കുന്നതു വഴി സാധ്യമാകും.
- അസറ്റോൺ ഒഴിവാക്കുക
നെയിൽ പെയ്ന്റ് തുടച്ചു കളയാൻ ഉപോഗിക്കുന്ന രാസവസ്തുവാണിത്. ഇതു നിങ്ങളുടെ വിരലുകളെയും കൈകളെയും മോശമായി ബാധിച്ചേക്കാം. ദിവസേനയുള്ള ഉപയോഗം നഖത്തിന്റെ ഈർപ്പം ഇല്ലായ്മയിലേക്ക് നയിക്കുന്നു. വൈറ്റമിൻ ഇ, ആൽമണ്ട് ഓയിൽ എന്നിവയടങ്ങിയ റിമൂവറുകൾ ഉപയോഗിക്കുന്നതാകും നല്ലത്.
- സ്ഥിരമായി നെയിൽ പോളിഷ് ഉപയോഗിക്കരുത്
നെയിൽ പോളിഷ് ഉപയോഗിക്കുന്നത് നിങ്ങളുടെ നഖങ്ങൾക്കു ഭംഗിയേകുമെങ്കിലും നിത്യേനയുള്ള ഉപയോഗം ദോഷം ചെയ്യുന്നതാണ്. നഖം പൊട്ടി പോകുന്നതു വരെ ഇതിനു കാരണമായേക്കാം. അതുകൊണ്ട് ഓരോ പ്രാവിശ്യം പുരട്ടുമ്പോഴും കൃത്യമായ ഇടവേളയെടുക്കാൻ ശ്രദ്ധിക്കുക.