ഹോ, എന്തൊരു ചൂട്! ഫ്രിഡ്ജ് തുറന്നു വെള്ളം എടുക്കുമ്പോൾ ഓർമ വന്നു. അമ്മ ഉണ്ടായിരുന്നെങ്കിൽ പുറത്തുനിന്നു കയറി വരുമ്പോഴേക്കും ഓട്ടു ഗ്ലാസിൽ മൺകൂജയിൽ നിന്നെടുത്ത വെള്ളം നീട്ടി ദാഹം മാത്രമല്ല ഉളളവും തണുപ്പിക്കുമായിരുന്നു. പുഴയിലെ മാനത്തുകണ്ണികളെ പോലെ കൂജയിലെ ഇത്തിരി വട്ടത്തിൽ വെളുത്ത് മിനുങ്ങി കിടക്കുന്നുണ്ടാവും വെള്ളാരങ്കല്ലുകൾ. വെള്ളം തണുപ്പിക്കാനിടുന്നതാണ്.
അന്നൊക്കെ കാലത്തുണരുന്നതു തന്നെ മുത്തശ്ശി തൈര് കടയുന്ന ഒച്ച കേട്ടാണ്. മീനക്കൊടു വെയിലിൽ ചൂടാറ്റാൻ സംഭാരം തന്നെ വേണം. വെണ്ണയെടുത്തു ബാക്കിയാവുന്ന മോരിൽ ഇരട്ടി വെള്ളമൊഴിച്ച് നീട്ടിയെടുത്ത് ഇഞ്ചിയും കറിവേപ്പിലയും കല്ലുപ്പും ചതച്ചിട്ടാൽ അസൽ സംഭാരമായി. നാരകത്തില ചേർത്താൽ സംഭാരത്തിന് സുഗന്ധമുണ്ടാവും. അസുഖക്കാർക്കും കുടിക്കാം. കാന്താരിയും ചുവന്നുള്ളിയും ചേർക്കുന്നവരുണ്ട്. കായം പൊടിച്ചതും ഉലുവ പൊടിയും ചേർത്ത് മോര് കാച്ചി കുടിച്ചാലും നല്ലതാണ്.
മാമ്പഴമില്ലാത്ത വേനൽക്കാലമുണ്ടോ? പറമ്പിലെ പല തരം മാവുകളിൽ നിന്നു പറിച്ചെടുക്കുന്ന മാങ്ങകൾ കുട്ടിച്ചാക്കുകളിലായി പഴുക്കാൻ വെച്ചിട്ടുണ്ടാവും. അകത്തളങ്ങളിൽ കാറ്റു കയറിയിറങ്ങുന്നതിനൊപ്പം തന്നെ മാമ്പഴമെടുത്തു കടിച്ചു ഞങ്ങൾ കുട്ടികളും തിമിർക്കും. മാമ്പഴം ആരും പൂളിത്തിന്നാറില്ല. പല്ലിനും മോണയ്ക്കും ബലം കിട്ടാൻ മാമ്പഴവും പേരയ്ക്കയുമെല്ലാം കടിച്ചു തിന്നണമെന്നാണ്. അല്ലെങ്കിലും മാമ്പഴത്തിന്റെ തുഞ്ചത്തൊന്നു കടിച്ചു മാമ്പഴച്ചാർ ഉറുമ്പി കുടിക്കുന്ന രസം പൂളിത്തിന്നാൽ കിട്ടുമോ?
പച്ചമാങ്ങ ചതച്ചിട്ടുള്ള സംഭാരവും പതിവുണ്ട്. അതിന് മുറ്റത്തു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചെനച്ച മാങ്ങ തന്നെ വേണം. എന്നാലേ രുചിയുണ്ടാവൂ. മാങ്ങ കഷണങ്ങളും ചുവന്ന ഉള്ളിയും കാന്താരിയും ഒരു ചെറിയ കഷണം ഇഞ്ചിയും വേപ്പിലയും ചതച്ച് വെള്ളവും ഉപ്പും ചേർത്താൽ മാങ്ങാ സംഭാരമായി. മാങ്ങയ്ക്ക് ചൂടു കുറയ്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് ഈയൊരു സംഭാരത്തിന് ഇത്ര പ്രിയം. മാമ്പഴം പിഴിഞ്ഞെടുക്കുന്ന പഴച്ചാറും നല്ലതാണ്. ധാരാളം നാരുകളുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. കാറ്റു വീശുമ്പോഴേക്കും മാവിൻ ചോട്ടിലേക്കോടിയിരുന്ന കുട്ടിക്കാലത്തിന് ഇപ്പോഴും മാമ്പൂവിന്റെ മണവും വശ്യതയുമാണ്.
തൊടിയിലെ നാരകം പറിച്ചെടുത്ത് പിഴിഞ്ഞുണ്ടാക്കുന്ന പാനീയത്തിന് പച്ചനാരങ്ങത്തൊലിയുടെ കനപ്പുണ്ടെങ്കിലും ആത്മാവോളം ചെന്നെത്തുന്ന സുഗന്ധമുണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം അച്ഛൻ അങ്ങാടിയിൽ നിന്നു കൊണ്ടുവരുന്ന ചെറുനാരങ്ങയോടൊന്നും സ്വന്തമെന്നൊരു അടുപ്പം തോന്നിയിട്ടില്ല. ‘പഞ്ചസാര ദാഹം കൂട്ടും ആരോഗ്യവും കേടാക്കും’ എന്നാണ് അമ്മയുടെ പക്ഷം. മധുരം വേണമെങ്കിൽ തേനോ നന്നാറിയോ ആണ് ചേർത്തു തരിക. വെറും വെള്ളത്തിൽ ചെറു തേൻ ചേർത്തു കഴിച്ചിട്ടുണ്ടോ. കാടിന്റെ തണുപ്പു ഉള്ളിലുലയും. എന്നാലും കൂട്ടുകാരി മിനിയുടെ വീട്ടിൽ ചെന്നാൽ പഞ്ചസാര വെള്ളമാണ് തരിക. അതു കുടിക്കാനുള്ള കൊതി കൊണ്ടു മാത്രം എത്രയോ തവണ അവിടെ പായാരം പറയാൻ പോയിരിക്കുന്നു.
ചേച്ചിയുടെ കുട്ടികൾക്കും മുത്തശ്ശനുമൊക്കെ ചൂടു കൂടുമ്പോൾ കൂവപ്പൊടി കലക്കി കൊടുക്കും. വെയിലേറ്റ് വാടാതിരിക്കാനാണ്. ഉപ്പോ പഞ്ചസാരയോ ചേർത്ത് തിളപ്പിച്ചെടുത്താൽ ക്ഷീണം പമ്പ കടക്കും. കൊടുംവെയിലത്തും പാടത്തു പണിക്കാരുണ്ടാവും. നെൽപ്പണി കഴിഞ്ഞ പാടങ്ങളിൽ പച്ചക്കറി കൃഷിയുടെ പണിത്തിരക്കാണ്. വെയിലേറ്റു വാടുമ്പോൾ പണിക്കാർക്ക് ഉഷാറാവാൻ അവലു വെള്ളം കൊടുക്കും. പുന്നെല്ലുകൊണ്ടുണ്ടാക്കുന്ന അവല് വെള്ളത്തിലിട്ട് കുതിർത്ത് മധുരം ചേർത്ത് ചെറുപഴവും രണ്ടു ചോന്നുള്ളിയും ചേർത്ത് ഞെരടിയാൽ അവലു വെള്ളമായി. ദാഹത്തിനൊപ്പം വിശപ്പും മാറും. അമ്മയ്ക്കു പിന്നാലെ ജാഥയായി ഞങ്ങൾ കുട്ടികളുടെ സംഘവുമുണ്ടാകും. അതു നട്ടപ്പറ ഉച്ചയിലിരുന്ന് കുടിക്കാൻ എന്തൊരു രസമായിരുന്നു.
പണ്ട് പണ്ടൊരിക്കൽ കോത്താഴത്തുകാർ ഒരു നാട്ടിൽ ചെന്നു. നടന്നു വന്ന ദാഹം തീർക്കാർ അടുത്തു കണ്ട കിണറിനടുത്തേക്കു പോയപ്പോൾ തൊട്ടടുത്തൊരു മരം. അതിൽ നിറയെ ഉരുണ്ട കായകൾ. ഇതെന്ത് മരം എന്ന് കണ്ണു മിഴിച്ച് നില്ലപായി അവർ. ആ സമയം അതുവഴി പോയയാൾ പറഞ്ഞു. “ആ കായ പൊട്ടിച്ചു തിന്ന് വെള്ളം കുടിച്ചു നോക്കൂ,” അവർ അങ്ങിനെ ചെയ്തു. എന്തു മധുരമാണ് ഈ കിണറിലെ വെള്ളത്തിന്. നമുക്കീ കിണറ് മാന്തിക്കൊണ്ടുപോയി നമ്മുടെ നാട്ടിൽ വെച്ചാലോ? അവർ മാന്താൻ തുടങ്ങി. അന്നാട്ടുകാരൊക്കെ കോത്താഴത്തുകാരുടെ ചെയ്തികണ്ട് അന്തം വിട്ടു. നെല്ലിക്ക മരമായിരുന്നു അത്. നെല്ലിക്ക തിന്ന് വെള്ളം കുടിച്ചാൽ പിന്നെ മധുരിക്കില്ലേ. ഒരു മുത്തശ്ശിക്കഥയായിരിക്കാം. എന്നാലും അതിനൊരു ചന്തമുണ്ട്.
വേനൽക്കാലമായാലും മഴക്കാലമായാലും അമ്മയ്ക്കിഷ്ടം കഞ്ഞിവെള്ളമാണ്. അതു ഉപ്പിട്ടു കുടിക്കും. കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കരിങ്ങാലിയോ പതിമുഖമോ കൊത്താമ്പലരിയോ ചേർക്കും. തുളസിയും മല്ലിയും ജീരകവും ചുക്കും വെള്ളം തിളപ്പിക്കുമ്പോൾ ചേർക്കാൻ പറ്റിയ ഔഷധങ്ങളാണ്. ചെറൂളയും ബാർലിയും തിളപ്പിച്ച വെള്ളവും വേനൽക്കാലത്ത് നല്ലതാണ്.
കൂജയിലെ വെള്ളത്തിൽ രാമച്ചമോ തുളസിയോ ഇട്ടു വെയ്ക്കുന്ന പതിവുണ്ട്. മുല്ലപ്പൂവ് ഇട്ടു വെച്ച വെള്ളം കുടിക്കുന്നത് ആർത്തവകാലത്ത് നല്ലതാണ്. ഇളനീരും നാളികേര വെള്ളവും ചൂടു ശമിപ്പിക്കും. കുതിർത്ത ഉലുവ പിഴിഞ്ഞ് തേങ്ങാപ്പാലും ചക്കരയും ചേർത്തതും ഏലത്തരികളും ചക്കരയും തേങ്ങാപ്പാലും ചേർത്ത തിളപ്പിച്ച പാനീയങ്ങളും പണ്ടുണ്ടായിരുന്നു. ശബരിമലയ്ക്ക് പോകുന്നവർ കരിക്കിൻ വെള്ളത്തിൽ മലര് പൊടിച്ചതിട്ട് കുടിക്കും. ഗ്ലൂക്കോസ് കഴിച്ച എനർജിയാണ്. മുത്താറിവെള്ളത്തിനും മലരും മഞ്ഞൾ പൊടിയും ചേർന്ന വെള്ളത്തിനും ഔഷധ ഗുണമുണ്ട്. കശുമാങ്ങ നീരിൽ കഞ്ഞി വെള്ളം ഒഴിച്ച് തെളിവെള്ളത്തിൽ മധുരം ചേർത്ത് കുടിക്കാം. പച്ചക്കശുവണ്ടി പരിപ്പ് അരച്ച് ചേർത്ത അണ്ടിപരിപ്പു വെള്ളവും കാവ എന്ന പാനീയവും തരിക്കഞ്ഞിയുമെല്ലാം നാട്ടു പാനീയത്തിൽ പെടും.
ഈ പാനീയങ്ങൾക്കിടയിലും രാജാവിനെ പോലെ തലയുയർത്തി നില്ക്കുന്നതും പ്രജയെപ്പോലെ ലളിതമായതുമായ ഒരു പാനീയമുണ്ട്. ഉത്സവ പറമ്പിൽ നിന്നു കിട്ടുന്ന പാനകം. സുഗന്ധ മസാലകളും ശർക്കര വെല്ലവും വെള്ളവും ചേർത്ത് മൺകലത്തിലാണ് തയാറാക്കുക. ചെക്കന്മാർ ചെറിയ മൺകുടുക്കകളിൽ പകർന്നു തരും. കഥകളിയും നാടകവും കഥാപ്രസംഗങ്ങളും കണ്ടിരുന്ന് പാനകവും ചുക്കുകാപ്പിയും ചക്കര വെള്ളവും ആസ്വദിച്ചു കുടിച്ച കാലങ്ങൾ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നോർക്കുമ്പോൾ വേനലിന്റെ ചൂട് ചുറ്റും വീശുന്നു.