ആത്മഹത്യ മനുഷ്യ ജീവനു വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും എട്ടു ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നുണ്ട്. അതായത് ആഗോളതലത്തിൽ ഓരോ 40 സെക്കന്റിലും ഒരാൾവീതം ആത്മഹത്യ ചെയ്യുന്നു.

ആഗോളതലത്തിൽ കൊലപാതകങ്ങളെക്കാൾ രണ്ടിരട്ടിയാണ് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകളെന്നതാണ് മറ്റൊരു അതിശയകരമായ വസ്തുത. ഭീകരവാദം, യുദ്ധം, സംഘർഷം, വധശിക്ഷ എന്നിവയിലൂടെ മരിക്കുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഓരോ വർഷവും ആത്മഹത്യയിലൂടെ ജീവൻ നഷ്ടപ്പെടുന്നവരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് 2016 ൽ 817,148 പേരാണ് ആത്മഹത്യ ചെയ്തത്. കൊലപാതകത്തിലൂടെയും ഭീകരവാദത്തിലൂടെയും കൊല്ലപ്പെട്ടവർ 390,794 ആണ്.

ആത്മഹത്യ നിരക്ക് കൂടുതലുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യുകെ, അമേരിക്ക എന്നിവയാണ് മുന്നിൽ. 2015 ലെ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1.33 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 42,088 പേർ സ്ത്രീകളാണ്.

വിഷാദം, മാനസിക സംഘർഷം തുടങ്ങിയവയടക്കം പലവിധ കാരണങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. ആത്മഹത്യ പ്രവണത നീക്കാനും ആരോഗ്യത്തിനും വേണ്ടി നിരവധി ആഗോള സംഘടനകളും, എൻജിഒകളും മാനസിക ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook