സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടി.
സോഷ്യൽ മീഡിയയിലും ആക്ടീവാണ് സുഹാസിനി. കോട്ടൺ സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുഹാസിനി. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തോന്നും സുഹാസിനിയുടെ ചിത്രങ്ങൾ കണ്ടാൽ.
പത്മരാജന്റെ ‘കൂടെവിടെ’ ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യമലയാളചിത്രം. പിന്നീട് ‘രാക്കുയിലിൻ രാജസദസ്സിൽ,’ ‘എഴുതാപുറങ്ങൾ,’ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,’ ‘ആദാമിന്റെ വാരിയെല്ല്,’ ‘സമൂഹം,’ ‘വാനപ്രസ്ഥം,’ ‘തീർത്ഥാടനം,’ ‘നമ്മൾ,’ ‘മകന്റെ അച്ഛൻ,’ ‘കളിമണ്ണ്,’ ‘സാൾട്ട് മാംഗോ ട്രീ’ തുടങ്ങി റിലീസിനൊരുങ്ങുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ വരെ മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്.
മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയമുദ്ര പതിപ്പിച്ച സുഹാസിനി പിന്നീട് സംവിധാന രംഗത്തേക്കും കടന്നു. ‘പെണ്‍,’ എന്ന ടെലിസീരീസ്, ‘ഇന്ദിര’ എന്ന ചലച്ചിത്രം എന്നിവയാണ് ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ് ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവമാണ്.
Read More: സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ; ചിത്രങ്ങൾ