ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി കൗമാരക്കാരി 12 മാസം കൊണ്ട് കുറച്ചത് 63 കി.ഗ്രാം ഭാരം. ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡില്‍ നിന്നുളള ജോസി ഡെസ്ഗ്രാന്‍ഡ് ആണ് ആരേയും കൊതിപ്പിക്കുന്ന പരിണാമം നടത്തിയത്. 127 കി.ഗ്രാം ഭാരമുണ്ടായിരുന്ന താന്‍ അമിതവണ്ണത്തിന്റെ പേരില്‍ സ്കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്നതായി ജോസി പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ 18കാരി തന്നെ കളിയാക്കിയവരുടേയും വിമര്‍ശകരുടേയും വായടപ്പിച്ചു. 64 കി.ഗ്രാം ഭാരത്തിലേക്ക് എത്തിയ താന്‍ ഒരു റെഡ് ഗൗണ്‍ അണിഞ്ഞാണ് സ്കൂളിലേക്ക് പോയതെന്ന് ജോസി ഓര്‍ത്തെടുക്കുന്നു.

ആരോഗ്യപരമായ ഒരു ജീവിതത്തെയാണ് താന്‍ ഇതോടെ കെട്ടിപ്പുര്‍ന്നതെന്നും ജോസി പറയുന്നു. ആദ്യം ഭക്ഷണത്തിന്റെ കാര്യത്തിലാണ് താന്‍ നിയന്ത്രണം വരുത്തിയതെന്ന് ജോസി വ്യക്തമാക്കി. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു. മാംസ വിഭവങ്ങള്‍ പരമാവധി കുറച്ചു.

ആദ്യ മാസങ്ങളില്‍ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. ജോഗിംങ്ങും വാക്കിങ്ങും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പതുക്കെ ജിമ്മില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. ഒരു പേഴ്സണല്‍ ട്രെയിനറുടെ സഹായവും തേടി വ്യായാമം കടുപ്പിച്ചു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യും.
ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം ജോസി വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു.

ആദ്യകാലത്തേത്തിന്റെ നിഴല് പോലും അല്ലാത്ത രൂപത്തിലേക്ക് ജോസി ഒഴുക്കോടെ നീങ്ങുകയായിരുന്നു. ‘എല്ലാവര്‍ക്കും മോശം ദിനങ്ങളുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അമിതവണ്ണമുണ്ടായിരുന്ന നാളുകള്‍. പക്ഷെ പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാം,’ ജോസി പറഞ്ഞു. സ്കൂളില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങള്‍ തന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തിരുന്നതായും ജോസി വ്യക്തമാക്കി.


‘എന്നെ തന്നെ എനിക്ക് അക്കാലത്ത് വെറുപ്പായിരുന്നു. സുഹൃത്തുക്കള്‍ എനിക്ക് പാടെ ഇല്ലായിരുന്നെന്ന് പറയാം. പുറത്ത് പോവാന്‍ തന്നെ എനിക്ക് മടിയായിരുന്നു. ഒരു ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്താലോ എന്ന് പോലും ആലോചിക്കുകയുണ്ടായി. ഭാരം കുറച്ച് തിരികെ വന്നതിന് ശേഷം സുഹൃത്തുക്കള്‍ ശരിക്കും അതിശയപ്പെട്ടു. ഞാന്‍ കാരണം ആര്‍ക്കെങ്കിലും പ്രചോദനം ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ ജീവിതരീതി തുടരാന്‍ ആ കാരണം തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നതും,’ തന്റെ ഭാരം കുറച്ചതിനെ കുറിച്ച് ഒരു പുസ്തകം എഴുതാനും ജോസി ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook