സോഫ്റ്റ് ഡ്രിങ്കുകളോ എനർജി ഡ്രിങ്കുകളോ സോഡകളോ കാനുകളിൽനിന്നു കുടിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? എങ്കിൽ അത് നിർത്തുക. കാനുകളിൽനിന്നു നേരിട്ട് ഇത്തരം പാനീയങ്ങൾ കുടിക്കരുത്. കാരണം അണുക്കളുടെയും അണുബാധകളുടെയും കലവറയാകാം ഈ കാനുകൾ. നിങ്ങൾക്ക് കുടിക്കാൻ നൽകുന്നതിനുമുമ്പ് കാനുകൾ കഴുകുന്നത് വളരെ അപൂർവമാണ്.
“കാനുകൾ വെയർഹൗസുകളിലാണ് സൂക്ഷിക്കുന്നത്. നിങ്ങൾക്ക് ലഭിക്കുന്നതിനു മുൻപ് ഇത് കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യുന്നത് അപൂർവമാണ്. സംഭരണ സമയത്ത്, അവയുടെ മുകളിലൂടെ എലികളും മറ്റു ഓടിനടന്നതാക്കാം. ചിലത് അവയുടെ മൂത്രത്തിലും മറ്റും കിടന്നതുമാകാം. ഈ കാനുകളിൽ നിന്നു പാനീയങ്ങൾ കുടിക്കുന്നത് എലിപ്പനിക്ക് കാരണമാകും, “പോഷകാഹാര വിദഗ്ധ സിമ്രുൺ ചോപ്ര ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, ലെപ്റ്റോസ്പൈറ ജനുസ്സിലെ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ലെപ്റ്റോസ്പൈറോറിസ് (എലിപ്പനി) മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കും. “മനുഷ്യരിൽ, ഇത് പലതരം രോഗലക്ഷണങ്ങൾക്ക് സൃഷ്ടിക്കും. അവ ചിലപ്പോൾ മറ്റു രോഗങ്ങളായി തെറ്റിദ്ധരിച്ചേക്കാം. ചില രോഗബാധിതരിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുകയുമില്ല,” സിമ്രുൺ പറയുന്നു.
എലിപ്പനിയുടെ ചില ലക്ഷണങ്ങൾ പങ്കുവെച്ച് ചോപ്ര കൂട്ടിച്ചേർത്തു, “തലവേദന, പനി, വയറുവേദന, വയറിളക്കം, വൃക്ക അല്ലെങ്കിൽ കരൾ തകരാറുകൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇതിന്റെ ലക്ഷണങ്ങൾ ആകാം” സിമ്രുൺ കൂട്ടിച്ചേർത്തു. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക, അല്ലെങ്കിൽ സ്ട്രോ ഉപയോഗിച്ചോ കാനുകളിൽനിന്നു പാനീയങ്ങൾ കുടിക്കാം.
മലിനീകരണം, രാസവസ്തുക്കൾ, മൂർച്ചയുള്ള വക്കുകൾ എന്നിവ കാരണം കാനിൽനിന്നു ശീതളപാനീയം നേരിട്ട് കുടിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ, ഡോ. ആതർ പാഷ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. “ഈ അപകടസാധ്യതകൾ ഒഴിവാക്കാൻ ഒരു ഗ്ലാസോ സ്ട്രോയോ ഉപയോഗിക്കുന്നതാണ് നല്ലത്,”ഡോ. ആതർ പറയുന്നു.
കാനിൽ നിന്ന് നേരിട്ട് കുടിക്കുന്നതിന്റെ ദോഷഫലങ്ങൾ:
മലിനീകരണം: ഗതാഗതത്തിലോ സംഭരണത്തിലോ കൈകാര്യം ചെയ്യുമ്പോഴോ കാനിന്റെ മുകൾഭാഗം അണുക്കൾ, ബാക്ടീരിയകൾ, അഴുക്ക് എന്നിവയുമായി സമ്പർക്കം പുലർത്തിയിരിക്കാം. കാനിൽ നിന്ന് നേരിട്ട് കുടിക്കുന്നത് ഈ ദോഷകരമായ വസ്തുക്കളെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തിക്കും. ഇത് അണുബാധകളിലേക്കോ അസുഖങ്ങളിലേക്കോ നയിക്കുന്നു.
രാസവസ്തുക്കൾ: കാനിന്റെ പാളിയിൽ ബിസ്ഫെനോൾ എ (ബിപിഎ) പോലുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കാം. ഇത് പാനീയത്തിൽ കലർന്ന് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. ബിപിഎ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ചുണ്ടുകൾ മുറിയും: കാനിന്റെ അറ്റം മൂർച്ചയുള്ളതാണ്. ഇത് നിങ്ങളുടെ ചുണ്ടുകളോ വായോ മുറിക്കുകയോ രക്തസ്രാവത്തിനോ അണുബാധയോ ഉണ്ടാക്കുകയോ ചെയ്യാം.