പുകവലി പുരുഷന്മാരിൽ ബീജാണുക്കളുടെ എണ്ണം കുറയ്ക്കുന്നു എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലുളള മാതാവ് പുകവലിക്കുന്നതും കുട്ടികളില്‍ ബീജാണുക്കളുടെ എണ്ണം കുറയ്ക്കും. എന്നാല്‍ പിതാവ് പുകവലിക്കുന്നത് ആണ്‍മക്കളില്‍ ബീജാണുക്കളുടെ എണ്ണം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. പുകവലിക്കാത്ത അച്ഛന്മാരുടെ മക്കളെ അപേക്ഷിച്ച് 50 ശതമാനം ബീജാണുക്കള്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്ക് കുറവായിരിക്കുമെന്നാണ് പഠനം.

അമ്മയിലുളള നിക്കോട്ടിന്റെ സാന്നിധ്യം, സാമൂഹ്യപരമായ കാരണങ്ങള്‍, ആണ്‍മക്കളുടെ തന്നെ പുകവലി എന്നിവ ബീജാണു കുറയാന്‍ കാരണമാകും. പുകവലിക്കാത്ത പിതാക്കന്മാരുടെ മക്കളെ അപേക്ഷിച്ച് ഇവരുടെ ബീജാണുക്കളുടെ എണ്ണം 51 ശതമാനം കുറവായിരിക്കും.

‘അമ്മയിലുളള നിക്കോട്ടിന്റെ അളവ് അല്ലാതെ പിതാവിന്റെ പുകവലി കാരണം മകന്റെ ബീജാണുക്കളില്‍ കുറവുണ്ടാകുമെന്ന ഫലം കണ്ട് വളരെയധികം അതിശയപ്പെട്ട് പോയി. ഗര്‍ഭധാരണത്തിന് ബീജാണുക്കളുടെ എണ്ണം വേണമെന്നിരിക്കെ പുകവലിക്കുന്ന അച്ഛന്മാരുടെ മക്കള്‍ ആശങ്കപ്പെടേണ്ടത് തന്നെയാണ്,’ സ്വീഡനിലെ ലുണ്ട് സര്‍വകലാശാലയിലെ ഫിസിഷ്യന്‍ ജൊനാഥന്‍ അക്സല്‍സന്‍ പറഞ്ഞു.

അതേസമയം പിതാവിന്റെ പ്രായവും രോഗങ്ങളും മക്കളില്‍ ബീജാണുക്കള്‍ കുറക്കാന്‍ കാരണമാവുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നുണ്ട്. പ്ലോസ് വണ്‍ ജേണലില്‍ പബ്ലിഷ് ചെയ്ത പേപ്പറിലാണ് പഠനത്തെ കുറിച്ച് പറയുന്നത്. പുകവലി ബീജാണുക്കളിലെ ഡി.എന്‍.എയുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook