കൂടുതല്‍ പച്ചപ്പുള്ള പരിസരങ്ങളില്‍ കളിച്ചു വളരുന്ന കുട്ടികളില്‍ മുതിരുമ്പോള്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭാവിയില്‍ പച്ചപ്പ് നിറഞ്ഞ ആരോഗ്യകരമായ നഗരങ്ങള്‍ രൂപകല്പന ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം.

ലോകജനസംഖ്യ വര്‍ധിച്ചു വരികയും കൂടുതല്‍ ആളുകള്‍ നഗര ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സ്ഥിതി വിശേഷം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 450 മില്യണ്‍ ജനങ്ങള്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

1985 മുതല്‍ 2013 വരെയുള്ള ഉപഗ്രഹ വിവരത്തെ അടിസ്ഥാനമാക്കി ഡെന്മാര്‍ക്കിലെ ആറസ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. പച്ചപ്പ് നിറഞ്ഞ പരിസരമുള്ള വീടുകളില്‍ ബാല്യം ജീവിച്ചവരുടെ വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഈ വിവരങ്ങളെ പിന്നീട് 16 വ്യത്യസ്ത മാനസികരോഗങ്ങളുടെ വികാസവുമായി ബന്ധപ്പെടുത്തി താരതമ്യം ചെയ്തു.

പിഎന്‍എഎസ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കുട്ടിക്കാലത്ത് കൂടുതല്‍ പച്ചപ്പിന്റെ സാന്നിധ്യത്തില്‍ വളര്‍ന്നവര്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് പഠനത്തില്‍ പറയുന്നു.

‘ജനനം മുതല്‍ 10 വയസുവരെ നിങ്ങള്‍ ജീവിച്ച ചുറ്റുപാടും അവിടുത്തെ പച്ചപ്പും അനുസരിച്ച് കുട്ടികളില്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു. കുട്ടിക്കാലം പച്ചപ്പ് നിറഞ്ഞ ഇടങ്ങളില്‍ ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്,’ ആറസ് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റിന്‍ എന്‍ഗെമാന്‍ പറയുന്നു.

‘മുമ്പ് ചിന്തിച്ചതിനേക്കാള്‍, സ്വാഭാവിക പരിസ്ഥിതിയും പ്രകൃതിയും മാനസികാരോഗ്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതിന് എന്നതിന് തെളിവുകള്‍ ഉണ്ട്,’എന്‍ഗെമാന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook