തണ്ണീർമത്തൻ നിറമുള്ള പിങ്ക് ലെഹങ്കയിൽ അതിസുന്ദരിയായി സോനം കപൂർ. ഡിസൈനർ അഭിനവ് മിശ്രയുടെ ഫാഷൻ ഷോയിൽ ഷോ സ്റ്റോപ്പറായി എത്തി ക്യാമറക്കണ്ണുകളുടെ ഹൃദയം കവരുകയാണ് സോനം. ഇന്നലെ വൈകിട്ട് ഡൽഹിയിൽ നടന്ന മെഹ്സബീൻ എന്ന ഷോയിലാണ് റാംപിന്റെ ശ്രദ്ധ കവരുന്ന ആടയാഭരണങ്ങൾ അണിഞ്ഞ് സോനമെത്തിയത്. എകെഎം മെഹ്റസൺസ് ജ്വല്ലേഴ്സിന്റെ ആഭരണങ്ങൾ സോനത്തിന്റെ ഔട്ട്ഫിറ്റിന് കൂടുതൽ മിഴിവേകി. പിങ്ക് കളറിലുള്ള ലിപ്സ്റ്റികും ബ്രൗൺ-പിങ്ക് കോമ്പിനേഷനിലുള്ള ഐ മേക്കപ്പുമാണ് താരമണിഞ്ഞത്.
ഡീപ്പ് നെക്ക് കട്ടുള്ള ബ്ലൗസും ഹെവി സ്വീകൻസ് വർക്കുമുള്ള ലെഹങ്കയുമാണ് സോനം അണിഞ്ഞത്. ഫാഷൻ ട്രെൻഡുകൾ അനുദിനം പിന്തുടരുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് സോനം. ഫാഷന്റെ കാര്യത്തിൽ താനൊരു ട്രെൻഡ്‌സെറ്ററാണെന്ന് സോനം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
‘ദ സോയ ഫാക്ടർ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ സോന കപൂർ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ വേഷമിടുന്ന ചിത്രത്തിൽ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിച്ചത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആയിരുന്നു.
അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നേടികൊണ്ടിരിക്കുന്നത്.