ബോളിവുഡിൽ സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു.
മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു.
അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം തന്റെ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ആർക്കിടെക്റ്റ് റൂഷാദ് ഷ്റോഫ് ആണ് സോനത്തിന്റെ ഫ്ളാറ്റിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
“ഞാനും ആനന്ദ് അഹൂജയും ആദ്യമായി ഈ ഫ്ളാറ്റിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു വീടിന്റെ ഫീലാണ് അനുഭവപപ്പെട്ടത്. രണ്ടു ബെഡ് റൂമുകൾ അടങ്ങിയ ഈ ഫ്ളാറ്റ് നോട്ടിംഗ് ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഇവിടെയാണ്. ഈ സ്പേസ് കണ്ടപ്പോൾ തന്നെ, മനസ്സിനിണങ്ങിയ രീതിയിൽ റൂഷാദ് ഡിസൈൻ ഒരുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒന്നിച്ചു സഹകരിക്കുക എന്നത് ഞാനും റൂഷാദും എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഓരോ വ്യക്തികളുടെയും ആവശ്യങ്ങൾക്കും വ്യക്തിഗതമായ അഭിരുചികൾക്കും അനുസരിച്ച് ഒരു സ്ഥലം ഡിസൈൻ ചെയ്യുന്നതിൽ അദ്ദേഹം വളരെ സമർത്ഥനാണ്,” സോനം പറയുന്നു.