നിങ്ങളുടെ ചർമ്മത്തെ ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കും. പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. കൗമാരത്തിലാണ് ഇത് പ്രധാനമായും വരുന്നതെങ്കിലും, ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിക്കാതിരുന്നാൽ എപ്പോൾ വേണമെങ്കിലും മുഖക്കുരു വരാൻ സാധ്യതയുണ്ട്.
ഡെർമറ്റോളജിസ്റ്റ് ഡോ.സ്റ്റുതി ഖാരെ ശുക്ല മുഖക്കുരുവിന് കാരണമായേക്കാവുന്ന ചില ദൈനംദിന മോശം ശീലങ്ങളെക്കുറിച്ചും അതിന് നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നും വിശദീകരിച്ചിട്ടുണ്ട്.
ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റ്
പാൽ ഉൽപന്നങ്ങൾ പോലുള്ള കാർബോഹൈഡ്രേറ്റുകൾ അമിതമായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. പച്ച ഇലക്കറികൾ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ സമീകൃത ആഹാരം കഴിക്കുന്നത് മുഖക്കുരു തടയാൻ സഹായിക്കും. പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ചിപ്സ്, ചോക്ലേറ്റ്, ഐസ് ക്രീം, ജങ്ക് ഫുഡ് ഒഴിവാക്കണം, അവ മുഖക്കുരുവിന് കാരണമാകും.
ചില മരുന്നുകൾ
ചില മരുന്നുകൾ നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. എല്ലായ്പ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
വ്യായാമത്തിനുശേഷം കുളിക്കാതിരിക്കുക
വർക്കൗട്ടിനുശേഷം കുളിക്കാതിരിക്കുന്നത് മുഖക്കുരുവിന് കാരണമാകും. ചൂടും വിയർപ്പും തങ്ങിനിന്ന് ബാക്ടീരിയകൾ പെരുകാൻ തുടങ്ങും. വ്യായാമത്തിനുശേഷം എപ്പോഴും കുളിക്കുകയും മുഖം ശരിയായി വൃത്തിയാക്കുകയും വേണം.
സൂര്യപ്രകാശം
കൂടുതൽ നേരം സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മ വീക്കം ഉണ്ടാക്കും. ഇത് കൂടുതൽ വിയർപ്പിന് ഇടയാക്കുകയും ചർമ്മത്തിൽ തങ്ങിനിന്ന് ബാക്ടീരിയ വളർച്ച കൂട്ടുകയും ചെയ്യും.
ഉറക്കമില്ലായ്മയും വ്യായാമക്കുറവും
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നിങ്ങളെ സമ്മർദ്ദത്തിലാക്കും, ഇത് ഹോർമോണുകളുടെ അസാധാരണമായ ഉത്പാദനത്തിനും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്, കാരണം ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
നിങ്ങൾ ചെയ്യേണ്ടത്
- ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം നന്നായി കഴുകുക. ചർമ്മം മോയിസ്ച്യുറൈസിങ് ചെയ്യേണ്ടതും പ്രധാനമാണ്.
- മേക്കപ്പ് പൂർണമായും നീക്കം ചെയ്യുക.
- മുഖക്കുരു ഒരിക്കലും പൊട്ടിക്കരുത്
- ചർമ്മത്തിന് അനുസരിച്ചുളള ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക
Read More: മീൻ മുതൽ തക്കാളിവരെ; മുഖക്കുരുവില്ലാത്ത ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ