വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വിദ്യാർത്ഥികളുടെ പഠിക്കാനുള്ള കഴിവിനെ മെച്ചപ്പെടുത്തുമെന്ന് പഠനം. സാമൂഹിക അന്തരീക്ഷം സാമ്പത്തിക അവസ്ഥയെക്കാൾ അഞ്ച് മടങ്ങ് വിദ്യാർത്ഥികളുടെ പഠിക്കാനുള്ള കഴിവിനെ സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ.
പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച സാമൂഹിക അന്തരീക്ഷത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ കണക്കിലും വായനയിലും മികവ് പുർത്തുന്നതായ് തെളിഞ്ഞു. വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുളള ബന്ധങ്ങളെ സോഷ്യൽ ക്യാപിറ്റൽ എന്നാണ് വിളിക്കുന്നത്. ഇത്തരം സോഷ്യൽ ക്യാപിറ്റൽ വിദ്യാർത്ഥികളിൽ വിശ്വാസം, ആദർശം എന്നിവ വളർത്തുന്നതിൽ നിർണായക സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും പണം അത്യാവശ്യമാണെങ്കിലും സാമൂഹിക അന്തരീക്ഷം ചിന്താശേഷി തുടങ്ങിയവയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഒഹിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ റോജർ ഗൊദാർദ് പറഞ്ഞു. മിഷിഗനിലെ സ്കൂളുകളിൽ നടത്തിയ പഠനത്തിൽ 5003 വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും പങ്കെടുത്തു. ജേർണൽ ഓഫ് എജ്യുക്കേഷൻ ഫോർ സ്റ്റുഡൻസ് അറ്റ് റിസ്കിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സാമൂഹിക അന്തരീക്ഷം പഠനത്തെ മാത്രമല്ല സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കുമെന്നും ഗൊദാർദ് അഭിപ്രായപ്പെട്ടു. എന്നാൽ സാമ്പത്തിക സുരക്ഷിതത്വം സോഷ്യൽ ക്യാപിറ്റലിനെ ബാധിക്കുന്നുണ്ട്. ദാരിദ്രത്തിന്റെ നിരക്ക് വർദ്ധിക്കുമ്പോൾ സോഷ്യൽ ക്യാപിറ്റൽ ഗണ്യമായി കുറയുമെന്നും ഗൊദാർദ് അഭിപ്രായപ്പെട്ടു.