കഞ്ചാവിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുമെന്ന് പഠനങ്ങള്‍. തലച്ചോറിനെ എളുപ്പത്തില്‍ വയസ്സനാക്കുന്ന പ്രക്രിയ കഞ്ചാവ് ഉപയോഗത്തിലൂടെ നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ 2.8 വര്‍ഷം വേഗത്തില്‍ തലച്ചോറിന് പ്രായം കൂട്ടും. അതേസമയം സ്കീസോഫ്രീനിയ ബാധിച്ചവരില്‍ നാല് വര്‍ഷത്തിന്റെ വേഗതയിലാണ് തലച്ചോറിന് പ്രായം കൂടുന്നത്. പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് അള്‍ഷിമേഴ്സ് ഡിസീലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തലച്ചോറിന് പ്രായം കൂടുന്നത് അവയവങ്ങളിലൂടെയുളള രക്തചംക്രമണം കുറയ്ക്കും. ഈ പഠനം യുവാക്കള്‍ കണക്കിലെടുക്കണമെന്ന് ആമേന്‍ ക്ലിനിക്സ് സ്ഥാപകനൈയ ഡോ. ഡാനിയേല്‍ ആമേന്‍ പറഞ്ഞു. രക്തയോട്ടം കുറയുന്നത് ഹൃദയാഘാതത്തിനും മറവിരോഗത്തിനും കാരണമാകും. 31,227 ആളുകളില്‍ നിന്നായി 62,454 തവണ തലച്ചോറുകളുടെ സ്കാന്‍ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 9 മാസത്തിനും 105 വയസിനും ഇടയിലുളളവരിലാണ് പഠനം നടത്തിയത്.

കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്‌സി കൗമാരക്കാരുടെ തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും സ്വഭാവത്തില്‍ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ ചില പേശികള്‍ക്ക് വല്ലാതെ കട്ടി കൂടുന്നുവെന്നും ഇത് കൗമാര കാലത്ത് തലച്ചോറില്‍ നടക്കേണ്ട പ്രവര്‍ത്തനത്തിന്റെ വിപരീതമാണെന്നും വിദഗ്ധര്‍ പറയുന്നു. കൗമാരത്തില്‍ സാധാരണയായി തലച്ചോറിന് കട്ടി അല്‍പം കുറയുന്ന പ്രവണതയുണ്ട്.

ഇംഗ്ലണ്ട്, അയര്‍ലെന്റ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. തലച്ചോറിലെ ഗ്രേ മാറ്റര്‍ എന്ന ഘടകത്തിന്റെ അളവില്‍ വ്യത്യാസം കണ്ടിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. തലച്ചോറിലെ അമിഡല, ഹിപ്പോകാമ്ബസ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന വ്യത്യാസം കുട്ടികളിലെ വികാരങ്ങള്‍, പേടി, ഓര്‍മ്മ ശക്തി, അഭിരുചി എന്നിവയെ സാരമായി ബാധിക്കും. വെറും ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പോലും ഈ അവസ്ഥയുണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ