സന്തോഷവും ചിരിയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. സന്തോഷത്തോടെയിരിക്കാൻ ചിരി സഹായിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. മുഖഭാവങ്ങൾക്ക് വികാരങ്ങളെ സ്വാധീനിക്കാൻ കഴിയുമോയെന്ന് ഏതാണ്ട് 50 വർഷത്തിനിടയിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്.
”ചെറുതായൊന്നു ചിരിച്ചാൽ ചെറിയൊരു സന്തോഷം കിട്ടുമെന്ന് പറയപ്പെടാറുണ്ട്. നെറ്റി ചുളിക്കുന്നതും തുറിച്ചു നോക്കുന്നതും നമ്മുടെ മനോഭാവം മാറ്റും. പക്ഷേ മനഃശാസ്ത്രജ്ഞർ 100 വർഷത്തോളമായി ഈ ആശയത്തോട് വിജയോജിപ്പ് അറിയിക്കാൻ തുടങ്ങിയിട്ട്,” യുഎസിലെ ടെന്നസി യൂണിവേഴ്സിറ്റി പിഎച്ച്ഡി വിദ്യാർഥി നിക്കോളസ് കോളസ് പറഞ്ഞു. 2016 ൽ 17 പേരടങ്ങിയ ഗവേഷക ടീമിന് ചിരിക്കുന്നത് ജനങ്ങളെ സന്തോഷമുളളവരാക്കുമെന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് മനഃശാസ്ത്രജ്ഞർ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നത്.
”മുഖഭാവത്തിലെ മാറ്റങ്ങൾ വികാരങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ചില പഠനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു പഠനം കൊണ്ട് മാത്രം ഇത് തെളിയിക്കാനാവില്ല. 1970 മുതൽ മനഃശാസ്ത്രജ്ഞർ ഈ ആശയത്തെക്കുറിച്ച് പരീക്ഷണം നടത്തുന്നുണ്ട്. എല്ലാ തെളിവുകളും പരിശോധിച്ചുനോക്കണം,” കോളസ് പറഞ്ഞു.
138 പഠനങ്ങൾ താരതമ്യം ചെയ്തുളള ലേഖനം സൈക്കോളജിക്കൽ ബുളളനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മുഖഭാവങ്ങൾക്ക് മനുഷ്യന്റെ വികാരങ്ങളെ ചെറുതായി സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ”മുഖഭാവങ്ങളും വികാരങ്ങളും തമ്മിലുളള ബന്ധത്തെക്കുറിച്ച് ഇനിയും നിരവധി പഠിക്കാനുണ്ട്. ഈ മെറ്റ അനാലിസിസ് ഞങ്ങൾക്ക് കുറച്ചു കൂടി സഹായകമാകും,” കോളസ് പറഞ്ഞു.