ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യവും കൂടി വരികയാണ്. വേനക്കാലത്ത് ചർമ്മസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ക്ലെൻസിങ്, ടോണിങ്, മോയിസ്ച്യുറൈസിങ്, സൺസ്ക്രീൻ പുരട്ടുക തുടങ്ങിയവ എല്ലാ സീസണിലും ചെയ്യേണ്ടതാണ്. ചർമ്മത്തെ ആരോഗ്യകരവും മുഖക്കുരു രഹിതവുമാക്കാൻ സഹായിക്കുന്നതിന് ഭക്ഷണ ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തണം.
“ശരിയായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കിൽ കാലാവസ്ഥയ്ക്ക് അനുസൃതമായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുക. ഉദാഹരണത്തിന്, വേനൽക്കാലത്ത് ഉയർന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ആവശ്യമാണ്”, സോൾ സ്കിൻ ഗ്രൂപ്പ് സ്ഥാപകയായ ഡോ. രശ്മി ഷെട്ടി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിനായ് ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം വർധിപ്പിക്കേണ്ടതുണ്ട്. ചില ഭക്ഷണ പദാർത്ഥങ്ങൾ ഇതിനു സഹായിക്കുമെന്ന് ഡോ.ഷെട്ടി പറഞ്ഞു. വൈറ്റമിൻ എ, ബീറ്റാ കരോട്ടിനുകൾ എന്നിവയാൽ സമ്പുഷ്ടമായ മാമ്പഴങ്ങൾ, വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും മാത്രമല്ല, ഉയർന്ന അളവിലുള്ള ജലാംശവും ഉള്ളതിനാൽ എല്ലാത്തരം തണ്ണിമത്തനും കഴിക്കാമെന്ന് അവർ നിർദേശിച്ചു.
വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കാതെ നോക്കണമെന്ന് ഗുഡ്‌ഗാവിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ന്യൂട്രീഷ്യണലിസ്റ്റ് മേധാവി ദീപ്തി ഖദൂജ പറഞ്ഞു. പഞ്ചസാരയും പ്രിസർവേറ്റീവുകളും കൂടുതലുള്ള ജ്യൂസുകളല്ലെന്നും അവർ ഓർമ്മിപ്പിച്ചു. പകരം, നാരങ്ങാവെള്ളം, ക്യൂആർഎസ്, ലസ്സി, തേങ്ങാവെള്ളം, തൈര്, മോര് എന്നിവ വേനൽക്കാലത്ത് നമുക്ക് നഷ്ടപ്പെടുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് നിലനിർത്താൻ നല്ലതാണ്. ഇവ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ മാത്രമല്ല, വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.