നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് മുഖം വൃത്തിയായി കഴുക്കുക എന്നത്. ചർമ്മത്തിലെ ജലാംശവും പുതുമയും നിലനിർത്തുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് പതിവായി മുഖം കഴുകുന്നത്. എന്നിരുന്നാലും അത് ചെയ്യേണ്ട രീതിയിൽ അല്ല ചെയ്യുന്നതെങ്കിൽ ഒരു ഫലവും ലഭിക്കില്ല.
ചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭാഗത്ത് നിന്നു തെറ്റുകൾ സംഭവിച്ചേക്കാം. ഇവ മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവയ്ക്കും കാരണമാകാം. അതിനാൽ ചർമ്മസംരക്ഷണത്തിൽ ചെയ്യാൻ പാടില്ല അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന്, ഡോ. അഞ്ചൽ പന്ത് പറയുന്നു.
ഡ്രൈ ആയ മുഖത്ത് ഫെയ്സ് വാഷ് ഉപയോഗിക്കരുത്
ഫെയ്സ് വാഷ് ഉപയോഗികുന്നതിന് മുൻപ്, എല്ലായ്പ്പോഴും നിങ്ങളുടെ മുഖം പൂർണ്ണമായും നനയ്ക്കുക,” ഡോ. അഞ്ചൽ പറഞ്ഞു. ഇത് ഫെയ്സ് വാഷ് തുല്യമായി വ്യാപിക്കുന്നു എന്ന് ഉറപ്പാക്കുകയും ഒരിടത്ത് മാത്രം കേന്ദ്രീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.
അധികമോ വളരെ കുറഞ്ഞതോ ആയ അളവിൽ ഉപയോഗിക്കുന്നത്
എന്ത് കാര്യത്തിലാണെങ്കിൽ അധികമോ വളരെ കുറവോ ദോഷകരമാണ്. ചർമ്മസംരക്ഷണത്തിനും ഇത് ബാധകമാണ്. അതിനാൽ ശരിയായ അളവിൽ ഫെയ്സ് വാഷ് ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ്. ഡോ. അഞ്ചൽ വിശദീകരിക്കുന്നു. ഒരു നാണയത്തിന്റെ അളവിലുള്ള ഫെയ്സ് വാഷാണ് ഉപയോഗത്തിനായി എടുക്കേണ്ടത്. വളരെയധികം ഫെയ്സ് വാഷ് ഉപയോഗിക്കുന്നത് ചർമ്മത്തെ വരണ്ടതാക്കുന്നു.
അതിവേഗം കഴുകി കളയുക
ഫെയ്സ് വാഷ് വളരെ പെട്ടെന്ന് കഴുകിക്കളയരുതെന്നും അതിലെ ചേരുവകൾക്ക് ചർമ്മത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ സമയം ലഭിക്കണമെന്നും വിദഗ്ധ ചൂണ്ടിക്കാട്ടി. “നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ അല്ലെങ്കിൽ സാലിസിലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഫെയ്സ് വാഷാണ് ഉപയോഗിക്കുന്നതെങ്കിൽ, പ്രവർത്തിക്കാൻ രണ്ടു മിനിറ്റ് സമയം നൽകണം.”
തൂവാല കൊണ്ട് മുഖം അമർത്തി തുടയ്ക്കുക
“മൃദുവായ ടവൽ ഉപയോഗിക്കുക, ചർമ്മത്തിൽ അധികമായ വെള്ളം മാത്രം തുടച്ചു കളയുക,” ഡോ അഞ്ചൽ പറഞ്ഞു. മോയിസ്ചറൈസർ ഉപയോഗിക്കുന്നതിന് മുൻപ് ചർമ്മത്തിൽ അൽപം നനവുള്ളത് നല്ലതാണെന്നും വിദഗ്ധ പറയുന്നു.
മോയിസ്ചറൈസർ ഉടനടി ഉപയോഗിക്കുന്നില്ല
മോയ്സ്ചറൈസർ ഇല്ലാതെ ചർമ്മസംരക്ഷണ ദിനചര്യ അപൂർണ്ണമാണ്. മുഖം കഴുകി ഉടൻ തന്നെ മോയ്സ്ചറൈസ് ചെയ്യുന്നത് പ്രധാനമാണെന്ന് വിദഗ്ധ വിശദീകരിച്ചു. എന്നിരുന്നാലും, “റെറ്റിനോൾ അല്ലെങ്കിൽ സാലിസിലിക് ആസിഡ്” പോലെയുള്ള ചർമ്മസംരക്ഷണ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവ ഉപയോഗിക്കുന്നതിന് മുൻപ് ചർമ്മം ഡ്രൈ ആക്കണമെന്നും അവർ കൂട്ടിച്ചേർത്തു.