അരിമ്പാറ, പാലുണ്ണി എന്നിവയോട് സാമ്യമുള്ള ഒരു ചർമ്മപ്രശ്നമാണ് സ്കിൻ ടാഗ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ കണ്ടുവരുന്ന ഒന്നാണിത്. കഴുത്തിലും കക്ഷത്തിലും മുഖത്തും കൺപീലികൾക്കു മുകളിലും സ്ത്രീകളുടെ മാറിടത്തിന്റെ ഇടുക്കിലും തുടയിടുക്കിലുമെല്ലാം സ്കിൻ ടാഗുകൾ വ്യാപകമായി കാണപ്പെടാറുണ്ട്. വെളുത്ത നിറത്തിലോ ചെറിയ ചുവപ്പു നിറത്തിലോ ഇരുണ്ട നിറത്തിലോ ഒക്കെയാണ് സാധാരണ ഇവ കാണപ്പെടുന്നത്.
അരിമ്പാറയോട് സാമ്യമുള്ള ഈ സ്കിൻ ടാഗ് ചെറുതും നേർത്തതുമായ ഒരു തണ്ടിനാൽ ചർമ്മവുമായി ബന്ധിച്ചിരിക്കും. “സാധാരണയായി മാംസ നിറമോ ചെറുതായി ഇരുണ്ടതോ ആവും ഇവ. ഏതാനും മില്ലിമീറ്റർ മുതൽ ഒരു സെന്റീമീറ്റർ വരെ വ്യാസത്തിൽ വ്യത്യാസമുണ്ടാകാം. പുരുഷന്മാരിലും സ്ത്രീകളിലും സാധാരണമാണിത്. ചിലരിൽ പ്രായം കൂടുന്നതിനു അനുസരിച്ച് സ്കിൻ ടാഗുകളും കൂടിവരും. കൊളാജൻ (ഒരു തരം പ്രോട്ടീൻ) കൊണ്ടാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്,” ന്യൂ ഡൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.നവ്യ ഹാൻഡ പറയുന്നു.
സ്കിൻ ടാഗിനെ പലരും ഒരു സൗന്ദര്യപ്രശ്നമായാണ് കാണുന്നത്. എന്നാൽ ആരോഗ്യപരമായ ചില സൂചനകൾ കൂടി നൽകുന്നുണ്ട് ഈ സ്കിൻ ടാഗുകൾ. ചർമ്മം പരസ്പരം ഉരസുന്നയിടങ്ങളിലാണ് സാധാരണ സ്കിൻ ടാഗുകൾ വികസിക്കുന്നത്. ചർമ്മത്തിന്റെ മുകളിലെ പാളികളിൽ അധിക കോശങ്ങൾ വളരും. സാധാരണയായി ഇവ വേദനയുണ്ടാക്കുന്നവയല്ല. എന്നാൽ വസ്ത്രങ്ങളിലോ ആഭരണങ്ങളിലോ ഉരസുമ്പോൾ രക്തസ്രാവമോ വ്രണമോ ഉണ്ടാകാം. “വസ്ത്രത്തിലോ മറ്റും ചർമ്മം ഉരസുന്നതിനാൽ ഘർഷണത്തിന്റെ ഫലമായി സ്കിൻ ടാഗുകൾ വികസിക്കും. മധ്യവയസ്‌കരിലും പ്രായമായവരിലും സ്‌കിൻ ടാഗുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അതുപോലെ അമിതവണ്ണമുള്ളവരിലും. ചില പ്രമേഹരോഗികളിലും ഗർഭിണികളിലും ഹോർമോൺ മാറ്റങ്ങൾ സ്കിൻ ടാഗുകൾ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കും,” ഡോ.നവ്യ ഹാൻഡ പറയുന്നു.
ചികിത്സ
സ്കിൻ ടാഗുകൾ സാധാരണയായി നിരുപദ്രവകാരികളാണ്. എന്നാൽ സൗന്ദര്യപരമായ കാരണങ്ങളാൽ പലരും ഇവ ശരീരത്തിൽ നിന്നു നീക്കം ചെയ്യാൻ ആഗ്രഹിക്കാറുണ്ട്. സ്കിൻ ടാഗുകൾ നീക്കം ചെയ്യാൻ ഏറ്റവും പ്രചാരത്തിലുള്ള ചില ചികിത്സ മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സ്കിൻ ടാഗ് റിമൂവൽ ബാൻഡുകളും പാച്ചുകളും
സ്‌കിൻ ടാഗ് റിമൂവൽ ബാൻഡ് സ്‌കിൻ ടാഗിന്റെ അടിഭാഗത്തേക്ക് രക്തം വിതരണം ചെയ്യുന്നത് നിർത്തുന്നു. അതുവഴി ആ കോശങ്ങൾ മരിക്കുകയും ടാഗ് അടർന്നു വീഴുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ലിഗേഷൻ എന്നറാണ് പറയുന്നത്.
ഫ്രീസിംഗ് കിറ്റ്
ഡെർമറ്റോളജി ക്ലിനിക്കുകളിൽ ഫ്രീസിംഗ് കിറ്റ് ചികിത്സയും ചെയ്യാം. വിദഗ്ധരായ ഡോക്ടർമാർ ക്രയോതെറാപ്പി എന്നറിയപ്പെടുന്ന അനാവശ്യ ചർമ്മകോശങ്ങളെ നശിപ്പിക്കാൻ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നു.
കട്ടിംഗ് / ക്ലിപ്പിംഗ്
ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ സാമിപ്യത്തിൽ മാത്രമേ സ്കിൻ ടാഗ് മുറിക്കുകയോ ക്ലിപ്പ് ചെയ്യുകയോ ആയ ഈ ചികിത്സ ചെയ്യാവൂ. അണുബാധ തടയുന്നതിന് ചർമ്മഭാഗവും ഉപകരണവും നന്നായി വൃത്തിയാക്കുക. കൂടാതെ, കണ്ണുകൾക്കും ജനനേന്ദ്രിയത്തിനും ചുറ്റുമുള്ള ടാഗുകളിൽ ഈ രീതി പരീക്ഷിക്കരുത്.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറിൽ ഒരു കോട്ടൺ ബോൾ മുക്കി ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മത്തിലെ ടാഗ് നീക്കം ചെയ്യാൻ സാധിക്കുമെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു. ടാഗ് അടർന്നു പോവാൻ രണ്ടാഴ്ച വരെ എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ടീ ട്രീ ഓയിൽ
ആപ്പിൾ സിഡെർ വിനെഗർ രീതിക്ക് സമാനമായി, ടീ ട്രീ ഓയിലിൽ മുക്കിയ കോട്ടൺ ബോൾ പുരട്ടുന്നതും ചർമ്മത്തിലെ ടാഗ് നീക്കംചെയ്യാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് ടീ ട്രീ ഓയിലിനോട് അലർജി ഉണ്ടാകാം.
കോട്ടറൈസേഷൻ (Cauterisation)
സ്കിൻ ടാഗിന്റെ ചുവടുഭാഗം കരിച്ചുകളയുകയാണ് ഇവിടെ ചെയ്യുന്നത്. ഇലക്ട്രിക് കറന്റും നീഡിലും ഉപയോഗിച്ചാണ് ഈ പ്രക്രിയ.
നിങ്ങൾക്ക് സ്കിൻ ടാഗുകളെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുന്നതാണ് നല്ലതെന്നും ഡോ. നവ്യ ശുപാർശ ചെയ്യുന്നു.