അബുദാബി: പൈലറ്റിനോട് വിമാനം പറത്തുന്നതിനെ കുറിച്ച് വിശദമായി സംസാരിക്കുന്ന ഒരു ആറു വയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു മിടുക്കന്റെ അറിവും വിഷയത്തിലെ താൽപര്യവും. ഇത്തിഹാദ് വിമാനക്കമ്പനി ഈ മിടുക്കന്റെ ആഗ്രഹങ്ങൾ സഫലീകരിച്ചിരിക്കുകയാണിപ്പോൾ. ഒരു ദിവസത്തേക്ക് ആറു വയസുകാരനെ ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റാക്കിയാണ് സ്വപ്നം യാഥാർഥ്യമാക്കിയത്.

ആദം മുഹമ്മദ് അമീർ എന്ന ഈജിപ്ഷ്യൻ–മൊറോകൻ വംശജനായ ആറു വയസുകാരനെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റൻ സമീറിനും മറ്റുപൈലറ്റുകൾക്കുമൊപ്പമുള്ള യാത്ര മകൻ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീർ പറഞ്ഞു.


കടപ്പാട്: Etihad Airways

മൊറോക്കോയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയിൽ കോക്ക്പിറ്റിൽ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പിൽ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കണമെന്നാണ് ‍ഞങ്ങളുടെ ആഗ്രഹം. അവന് പ്രിയപ്പെട്ട വിമാനം, ഞങ്ങളുടെ ട്രെയിനിങ് അക്കാദമിയിൽ നിന്നും ഒരു ദിവസത്തേക്ക് നൽകുകയായിരുന്നു. ‘ക്യാപ്റ്റൻ ആദം, നിങ്ങളുടെ സ്വപ്നങ്ങൾ കൂടുതൽ ഉയരത്തിലാകട്ടേ’ എന്ന് ആശംസിച്ചാണ് ഇത്തിഹാദ് കൊച്ചു മിടുക്കനെ യാത്രയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ