രാവിലെ ഉണർന്നെണീറ്റയുടനെ വെറുംവയറ്റിൽ ചെറുചൂട് വെള്ളം കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? ശരീരത്തിന് ഏറെ ഗുണകരമായൊരു കാര്യമായാണ് ആയുർവേദം ഈ ശീലത്തെ നോക്കി കാണുന്നത്. ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിച്ചാൽ മൊത്തത്തിലുള്ള ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭവ്സർ പറയുന്നത്. “രാവിലെ എണീറ്റയുടനെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളിൽ മാജിക് പ്രവർത്തിക്കും,” ദിക്സ പറയുന്നു.
“ഓരോ ശരീരങ്ങളുടെയും ദോഷങ്ങൾക്ക് (വാതം, കഫം, പിത്തം) അനുസരിച്ച് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ആയുർവേദം മൂന്ന് വ്യത്യസ്ത താപനിലകളും നിർദ്ദേശിക്കുന്നുണ്ട്,” ഡോക്ടർ ദിക്സ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഹൈപ്പർ അസിഡിറ്റി, അൾസർ, അമിതമായ ചൂട് മൂലമുള്ള പ്രശ്നങ്ങൾ, ശോഷണം എന്നീ ബുദ്ധിമുട്ടുകള് ഉള്ളവരാണ് നിങ്ങളെങ്കിൽ ഇത് അഭികാമ്യമല്ലെന്നും ദിക്സ വ്യക്തമാക്കുന്നു.
ഗുണങ്ങൾ
- കുടൽ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.
- മധുരത്തോടും മറ്റുമുള്ള നിങ്ങളുടെ ആസക്തികളെ ഇത് അകറ്റി നിർത്തും
- വയറുവേദന, വയറിലെ അസ്വസ്ഥതകൾ പോലുള്ള പ്രശ്നങ്ങളെ അകറ്റി നിർത്തും.
- നിങ്ങളുടെ വിശപ്പ് മെച്ചപ്പെടുത്തുന്നു.
- ചർമ്മം വൃത്തിയാക്കി നിലനിർത്താൻ സഹായകമാണ്.
- യാത്രാവേളയിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം (കലോറി കത്തിക്കാൻ സഹായിക്കുന്നതിനാൽ) കാരണം ശരീരഭാരം വർദ്ധിക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ അകറ്റി നിർത്തുന്നു
കഫം, വാതം, പിത്തം എന്നിങ്ങനെയുള്ള ശരീര ദോഷങ്ങൾ പരിഗണിച്ച് ഓരോരുത്തരും എങ്ങനെ വേണം ചൂടുവെള്ളത്തിന്റെ താപനില നിർണയിക്കാനെന്നും ദിക്സ വിശദമാക്കുന്നു.
കഫ ദോഷക്കാർ
കഫ പ്രകൃതക്കാർക്ക് അത്യാവശ്യം ചൂടോടെ തന്നെ വെള്ളം കുടിക്കാം. ഇത് കഫശല്യം കുറയ്ക്കാനും സഹായിക്കും.
പിത്ത ദോഷക്കാർ
പിത്ത പ്രകൃതമുള്ളവർ തിളപ്പിച്ചാറ്റിയ വെള്ളം ശരീര ഊഷ്മാവിന് അനുസരിച്ച് തണുപ്പിച്ച ശേഷം വേണം കുടിക്കാൻ. അമിത ചൂടിൽ വെള്ളം കുടിക്കാതിരിക്കാൻ പിത്ത പ്രകൃതക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
വാത ദോഷക്കാർ
അധിക ചൂടോ തണുപ്പോ ഒഴിവാക്കി, നേരിയ ചൂടുള്ള വെള്ളമാണ് വാതപ്രകൃതക്കാർ കുടിക്കേണ്ടത്. വാതപ്രകൃതമുള്ളവരുടെ തണുത്തതും വരണ്ടതുമായ ചർമ്മത്തിന് ജലാംശം നൽകാനും ശരീരത്തെ ശുദ്ധീകരിക്കാനും ദഹനം എളുപ്പമാക്കാനും ചൂടുവെള്ളം ആവശ്യമാണ്.
“ശരീരഭാരം കുറയ്ക്കാനും ആനുപാതികമായി നിലനിർത്താനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, മലബന്ധം, വയറ് വീർക്കൽ എന്നിവ ഒഴിവാക്കാനും ചർമ്മത്തെ ശുദ്ധമായി നിലനിർത്താനും ആഗ്രഹിക്കുന്നെങ്കിൽ രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് എല്ലാ വിധത്തിലും നിങ്ങൾക്ക് നല്ലതാണ്,” ഡോ. ദിക്സ കൂട്ടിച്ചേർത്തു.