എന്തെങ്കിലും കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? നമ്മുടെ ഉണർന്നിരിക്കുന്ന സമയത്തിന്റെ 47 ശതമാനവും നമ്മൾ ചെയ്യുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും ചിന്തിക്കാൻ ചെലവഴിക്കുന്നതായി 2010ലെ ഒരു പഠനത്തിൽ പറയുന്നു. ഇത് എല്ലായ്‌പ്പോഴും ഉത്കണ്ഠയ്‌ക്കുള്ള കാരണമല്ല. പക്ഷേ ഇത് മറ്റെന്തെങ്കിലും പ്രശ്നത്തിന്റെ അടിസ്ഥാന കാരണമായേക്കാം.
“ചുറ്റുമുള്ള അപ്രസക്തമായ ഇൻപുട്ടുകളിൽ നിന്ന് പ്രസക്തമായവ മാത്രം തിരഞ്ഞെടുക്കാനുള്ള കഴിവിനെയാണ് ശ്രദ്ധയെന്ന് പറയുന്നത്. അതേസമയം ഏകാഗ്രത എന്നത് ഒരു പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ്, “ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സൈക്യാട്രി കൺസൾട്ടന്റ് ഡോ സച്ചിൻ ബാലിഗ പറഞ്ഞു.
“എല്ലാ സമയത്തും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാധ്യമായേക്കില്ല. എന്നാൽ ശരിയായ ശ്രദ്ധയില്ലായ്മ, ഏറ്റവും ലളിതമായ ജോലി പോലും കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും,” കൺസൾട്ടന്റ് റേഡിയോളജിസ്റ്റായ ഡോ.നൂറി ഇൻസ്റ്റാഗ്രാമിൽ എഴുതി.
പ്രായപൂർത്തിയായ ഒരാൾക്ക് ഏകദേശം 20 മിനിറ്റാണ് പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത്. ഒരേ പ്രവർത്തനത്തിൽ ആവർത്തിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുമെങ്കിലും അതിൽ ഇടയ്ക്ക് വീഴ്ചകൾ സംഭവിക്കുന്നത് സാധാരണമാണ്.
ശ്രദ്ധ വർധിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങൾ ഇതാ,
വ്യതിചലനങ്ങളിൽ നിന്ന് മുക്തി നേടുക
ശ്രദ്ധ വർധിപ്പിക്കാനുള്ള ഒരു മികച്ച മാർഗമാണ് മറ്റു കാര്യങ്ങളിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുക എന്നത്. ടെലിവിഷൻ, മൊബൈൽ ഫോൺ, കംപ്യൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് ഒരു മണിക്കൂർ സ്വസ്ഥമായി ഇരിക്കാൻ ശ്രദ്ധിക്കുക. ചില ഔട്ട്ഡോർ പ്രവർത്തനങ്ങളിലോ മറ്റോ ഏർപ്പെടാം.
മൾട്ടിടാസ്കിംഗ് നിർത്തുക
മൾട്ടിടാസ്‌കിങ് നിങ്ങളുടെ ശ്രദ്ധ മാറ്റുകയും അത് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കുക. ഇത് ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നത് എളുപ്പമാക്കുന്നു.
“നല്ല ശ്രദ്ധയുള്ളവർക്ക് മൾട്ടിടാസ്‌കിങ്ങിൽ ഒന്നിൽനിന്നു മറ്റൊന്നിലേക്ക്, ശ്രദ്ധ മാറ്റുന്നത് വളരെ എളുപ്പം സാധിക്കും. എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമുള്ളവർക്ക് അത് ബുദ്ധിമുട്ടായി മാറുന്നു. മൾട്ടിടാസ്‌കിംഗ് ശ്രദ്ധയിലെ ലാപ്സിനും മറവിക്കുപോലും കാരണമാകുന്നു, ഡോ സച്ചിൻ പറയുന്നു.
ബ്രേക്ക് എടുക്കുക
പെട്ടെന്ന് ഒരു ബ്രേക്ക് എടുക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഫോക്കസ് വീണ്ടെടുക്കാനും സഹായിക്കും. മാറ്റങ്ങൾ കണ്ടുപിടിക്കാനും പ്രതികരിക്കാനും മസ്തിഷ്കം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുറെ നേരം ഒരേ കാര്യം ചെയ്യുമ്പോൾ അത് പ്രതികരിക്കുന്നത് നിർത്തുന്നു എന്നാണ് ഇതിനർത്ഥം.
അതുകൊണ്ടാണ് നിങ്ങൾ തുടർച്ചയായി മണിക്കൂറുകളോളം ജോലി ചെയ്യുമ്പോൾ, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും, ക്ഷീണം അനുഭവപ്പെടുന്നത്. ഇത് ഒരു മാനസിക തടസ്സം സൃഷ്ടിക്കുന്നു.
മെഡിറ്റേറ്റ്
ഫോക്ക്സ് നഷ്ടപ്പെടുന്നു എന്ന തോന്നുമ്പോൾ ശ്രദ്ധ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. ധ്യാനം ഒരു വ്യായാമം പോലെയാണ് അത് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
ഉറക്കക്കുറവ്
ഉറക്കക്കുറവ് ഏകാഗ്രത കുറയുന്നതിനും പ്രതികരണ സമയം കുറയുന്നതിനും കാരണമാകുന്നു. ഡ്രൈവിങ് ചെയ്യുമ്പോൾ ഇത്തരം ഫോക്കസ് ഔട്ട് അപകടങ്ങൾക്ക് കാരണമാകുന്നു. ശരിയായ ഉറക്കത്തിലൂടെ, മസ്തിഷ്കവും അതിന്റെ കോശങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പഴയ ഓർമ്മകൾ വീണ്ടും സജീവമാക്കുകയും ചെയ്യുന്നു. ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക.
വായനയ്ക്കായി കൂടുതൽ സമയം നീക്കിവയ്ക്കുക
നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേള, ജോലിക്ക് മുൻപ്, ഉറങ്ങുന്നതിന് മുൻപ് എന്നിങ്ങനെ 20 മുതൽ 30 മിനിറ്റ് വരെ വായനയ്ക്കായി മാറ്റിവയ്ക്കുക.
പണ്ട് വായിച്ചിട്ടുള്ള എന്തെങ്കിലും വീണ്ടും വായിക്കാൻ ശ്രമിക്കുക, എന്നിട്ട് പുതിയ കണ്ടെത്തലുകൾ നടത്താൻ പറ്റുമോയെന്ന് ശ്രമിക്കുക.
കേൾക്കുന്നതിൽ പരിശീലിക്കുക
എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, തങ്ങളുടെ മേഖലകളിൽ വിജയിക്കുന്നവരിൽ ഭൂരിഭാഗവും നല്ല സ്പീക്കറുകൾ ആയിരിക്കണമെന്നില്ല, എന്നാൽ അവർ തീർച്ചയായും നല്ല ശ്രോതാക്കളും നിരീക്ഷകരുമാണ്. ശ്രദ്ധയോടെ കേൾക്കുന്നത് വിവരങ്ങൾ സ്വീകരിക്കാനും ആഗിരണം ചെയ്യാനുമുള്ള മനസ്സിന്റെ കഴിവ് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. തടസ്സം കൂടാതെ കേൾക്കാൻ സമയം കൊടുക്കുക. സംഗീതമോ പോഡ്‌കാസ്‌റ്റോ ഇടയ്ക്ക് കേൾക്കുക.