സഞ്ചാരികളുടെ പറുദീസയാണ് വടക്ക്-കിഴക്കൻ സംസ്ഥാനമായ സിക്കിം. എന്നാൽ മലയോര പ്രദേശമായ അവിടെ എത്തിചേരുക എന്നത് ആളുകൾക്ക് വളരെ ബുദ്ധിമുട്ടുളള കാര്യമായിരുന്നു. ഇതിന് അന്ത്യം കുറിച്ചുകൊണ്ടാണ് പാക്യോങ് എയർപോർട്ട് പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്.

ഹിമാലയൻ മലനിരകളിൽ 4500 അടി ഉയരത്തിലാണ് രാജ്യത്തെ 100-ാമത്തെ എയർപോർട്ട് പ്രവർത്തന ക്ഷമമാകാൻ പോകുന്നത്. സെപ്റ്റംബർ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ദി ഗ്രീൻ ഫീൾഡ് എയർപോർട്ട് എന്നറിയപ്പെടുന്ന വടക്ക് കിഴക്കൻ ഇന്ത്യയിലെ തന്നെ ആദ്യത്തെ എയർപോർട്ടിന്റെ പ്രധാന പ്രത്യേകത അതിന്റെ ഭംഗി തന്നെയാണ്. 605.59 കോടി രൂപ മുടക്കിയാണ് മലമുകളിൽ എയർപോർട്ട് പണികഴിപ്പിച്ചിരിക്കുന്നത്.

നേരത്തെ പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തികരിച്ച ശേഷമാണ് വ്യാവസായിക ഉപയോഗത്തിന് വിമാനത്താവളം തുറന്നുനൽകുന്നത്. ഒക്ടോബർ 8 മുതൽ കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും സർവ്വീസുകൾ ആരംഭിക്കും. ആഭ്യന്തര സർവ്വീസുകൾക്ക് പുറമെ രാജ്യാന്തര സർവ്വീസുകൾക്കും ഗ്രീൻഫീൾഡ് വിമാനത്താവളം ഉപകാരപ്രദമാകും.

ഭൂട്ടാൻ, നേപ്പാൾ, ടിബറ്റ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമാണ് സിക്കിം. നേരത്തെ സിക്കിമിലെത്താൻ വെസ്റ്റ് ബംഗാളിലെ ബാഗ്‍ദോഗ്രാ വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും 124 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാണ് സിക്കിമിലെത്തിയിരുന്നത്. പാക്യോങ് എയർപോർട്ട് വരുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook