ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഏറ്റവും നല്ല ഉറവിടമാണ് സൂര്യപ്രകാശം. പക്ഷേ, ഇതിൽ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളുണ്ട്, ഇത് നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടാണ് സൺസ്ക്രീൻ ഉപതിവായി ഉപയോഗിക്കണമെന്ന് വിദഗ്‌ധർ ഉപദേശിക്കുന്നത്.
അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗം വളരെ പ്രധാനമാണ്. വീടിനുള്ളിൽ പോലും സൺസ്ക്രീൻ ധരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
കാരണം സെൽഫോണുകൾ, ടെലിവിഷൻ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ മുതലായവയിൽനിന്നും പുറപ്പെടുന്ന ബ്ലൂ ലൈറ്റ് ചർമ്മത്തിന് വളരെ ദോഷം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി (എഎഡി) പ്രകാരം, എല്ലാ തരം ചർമ്മമുള്ളവരും, എസ്പിഎഫ് 30 അല്ലെങ്കിൽ ഉയർന്ന എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ധരിക്കണം. ചർമ്മത്തിന്റെ ടോൺ ഏതായാലും സൺസ്ക്രീൻ നിർബന്ധമാണ്.
പക്ഷേ, കുട്ടികളും സൺസ്‌ക്രീൻ ധരിക്കേണ്ടതുണ്ടോ? ഏത് പ്രായത്തിലാണ്, നിങ്ങളുടെ കുട്ടിയുടെ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം? എന്നുള്ള ആശങ്ക ഒട്ടുമിക്ക മാതാപിതാക്കൾക്കും ഉണ്ട്. ഇതിനെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.ഗുർവീൻ വാരിച്ച് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മറുപടി നൽകുന്നു.
ശരിയായ പ്രായം
വിദഗ്ധയുടെ അഭിപ്രായത്തിൽ, ആറ് മാസം പ്രായമായതിന് ശേഷം മാതാപിതാക്കൾക്ക് അവരുടെ കുട്ടികളിൽ സൺസ്ക്രീൻ പുരട്ടാൻ തുടങ്ങാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങളുടെ കുട്ടിയുടെ സൺസ്‌ക്രീനിൽ ആവശ്യമായ ഘടകങ്ങളെക്കുറിച്ചും ഡോ.ഗുർവീൻ പറയുന്നു.
- ബ്രോഡ് സ്പെക്ട്രം
- എസ്പിഎഫ് 30 അല്ലെങ്കിൽ അതിലും ഉയർന്നത്
- വെള്ളത്തെ പ്രതിരോധിക്കുന്ന
സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
നിങ്ങളുടെ കുട്ടിയുടെ ചർമ്മ സംരക്ഷണത്തിന് സൺസ്‌ക്രീൻ അത്യാവശ്യമാണെങ്കിലും, ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.
- സെൻസിറ്റീവ് ചർമ്മമോ എക്സിമയോ ഉള്ള കുട്ടികളിൽ കെമിക്കൽ സൺസ്‌ക്രീനുകളും സ്റ്റിക്കുകളും ഒഴിവാക്കുക. പകരം, സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഫിസിക്കൽ അല്ലെങ്കിൽ മിനറൽ സൺസ്ക്രീനുകൾ ഉപയോഗിക്കുക.
- കുട്ടികൾ അത് ശ്വസിക്കുന്നത് ഒഴിവാക്കാൻ എയറോസോൾ സൺസ്ക്രീൻ സ്പ്രേകൾ ഒഴിവാക്കുക.
- ആറ് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക.