scorecardresearch
Latest News

ബോഡി മോയ്സ്ച്യുറൈസർ മുഖത്തും പരുട്ടാമോ?

ശരീരത്തിൽ പ്രയോഗിക്കുന്ന അതേ ലോഷൻ മുഖത്തും പുരട്ടാമോ എന്ന സംശയം പലർക്കുമുണ്ട്

ബോഡി മോയ്സ്ച്യുറൈസർ മുഖത്തും പരുട്ടാമോ?

മുഖത്തും ശരീരത്തും പതിവായി മോയ്സ്ച്യുറൈസർ പ്രയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യാനും ജലാംശം നൽകാനും ശരിയായ തരത്തിലുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. ശരീരത്തിൽ പ്രയോഗിക്കുന്ന അതേ ലോഷൻ മുഖത്തും പുരട്ടാമോ എന്ന സംശയം പലർക്കുമുണ്ട്.

ടെക്നിക്കലി ഉപയോഗിക്കാമെന്നാണ് ഡെർമറ്റോളജിസ്റ്റ് അഞ്ചൽ പന്ത് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ ബോഡി മോയ്സ്ച്യുറൈസർ മുഖത്തും ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ, മുഖത്ത് ലൈറ്റ്‌വെയ്റ്റ് ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഡോ.പന്ത് പറഞ്ഞു.

ബോഡി ലോഷനുകൾക്ക് സുഗന്ധമുണ്ടാകാം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമെന്ന് അവർ പറഞ്ഞു. ”ശരീരത്തിൽ സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. അവ നല്ല മണം നൽകുകയും നിങ്ങളെ ഫ്രഷ് ആക്കുകയും ചെയ്യും. പക്ഷേ, മുഖത്ത് നല്ല സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുഖത്തും ശരീരത്തിലും ഒരേ മോയ്സ്ച്യുറൈസർ ഉപയോഗിക്കണമെങ്കിൽ, സുഗന്ധമില്ലാത്ത ഒന്ന് തിരഞ്ഞെടുക്കുക,” അവർ പറഞ്ഞു.

അതേസമയം, മുഖത്തും ശരീരത്തും ഉയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ വളരെ വ്യത്യാസമുണ്ടെന്ന് ഡോ.ചാന്ദ്‌നി ജെയിൻ ഗുപ്ത പറഞ്ഞു. ”ശരീരത്തിന് വേണ്ടി നിർമ്മിച്ച ഉൽപ്പന്നങ്ങൾ ശരീരത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നതിനോ എക്സ്ഫോളിയേറ്റിങ്ങിനോ പൊതുവെ ശക്തമാണ്. മുഖത്തെ സെൻസിറ്റീവ് ചർമ്മത്തിന് അവ ചിലപ്പോൾ അനുയോജ്യമാകണമെന്നില്ല. അതുപോലെ മുഖത്തെ അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഫേഷ്യൽ ക്രീമുകൾ,” അവർ വ്യക്തമാക്കി.

മുഖത്തിനും ശരീരത്തിനും വേണ്ടിയുള്ള ഉൽപ്പന്നങ്ങളിൽ വ്യത്യസ്ത ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ബോഡി ലോഷനുകളിൽ സാധാരണയായി ഈർപ്പം തടയുന്നതിന് വെണ്ണ അല്ലെങ്കിൽ എണ്ണകൾ പോലുള്ള മോയ്സ്ച്യുറൈസിങ് ചേരുവകൾ അടങ്ങിയിരിക്കുന്നു. ഈ ചേരുവകൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്‌നങ്ങളെ വഷളാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

അവസാനമായി, ബോഡി ലോഷൻ മുഖത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു. ശരീരത്തിൽ ഫേഷ്യൽ ക്രീം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Should body moisturisers be used on the face