scorecardresearch

ഷെഫാലിയുടെ മരണത്തിനു പിന്നിലെ വില്ലൻ ആന്റി- ഏജിംഗ് ചികിത്സയോ?

Shefali Jariwala death cause: 42 വയസ്സുകാരിയായ ഷെഫാലിയുടെ അപ്രതീക്ഷിതമരണത്തിനു കാരണമായത് ആന്റി-ഏജിംഗ് ഗുളികകളും ഗ്ലൂട്ടത്തയോൺ ചികിത്സയുമോ? വിദഗ്ധർ പറയുന്നതിങ്ങനെ

Shefali Jariwala death cause: 42 വയസ്സുകാരിയായ ഷെഫാലിയുടെ അപ്രതീക്ഷിതമരണത്തിനു കാരണമായത് ആന്റി-ഏജിംഗ് ഗുളികകളും ഗ്ലൂട്ടത്തയോൺ ചികിത്സയുമോ? വിദഗ്ധർ പറയുന്നതിങ്ങനെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shefali Jariwala death cause

Shefali Jariwala

നടിയും അവതാരകയുമായ ഷെഫാലി ജാരിവാലയുടെ പെട്ടെന്നുള്ള ഹൃദയാഘാതത്തിനും മരണത്തിനും കാരണമായതെന്ത്? റിപ്പോർട്ടുകൾ പറയുന്നതു പോലെ, ആന്റി-ഏജിംഗ് ഗുളികകളും ഗ്ലൂട്ടത്തയോൺ ചികിത്സയുമൊക്കെയാണ് ഇവിടെ വില്ലനായത്? മിക്ക റിപ്പോർട്ടുകളും പറയുന്നത് ഇത്തരം മരുന്നുകൾക്ക് അഡിക്റ്റായിരുന്നു ഷിഫാലി  എന്നാണ്. മാത്രമല്ല, മരണദിവസം ഷിഫാലി ഉപവസിച്ചിരുന്നു എന്നും അന്ന് ആന്റി ഏജിംഗ് ഇൻജെക്ഷൻ എടുത്തതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നുമാണ്. എന്താണ് ഈ റിപ്പോർട്ടുകൾക്കു പിന്നിലെ വാസ്തവം? 

Advertisment

ഇതിനെല്ലാം പിറകിലെ യഥാർത്ഥ സ്റ്റോറി ആരും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. സമൂഹം സെറ്റ് ചെയ്ത ബ്യൂട്ടി സ്റ്റാൻഡേർഡിലേക്ക് എത്താൻ വേണ്ടി  സോഷ്യൽ മീഡിയയും മറ്റും ആളുകളിൽ ചെലുത്തുന്ന സമ്മർദ്ദവും ഇവിടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഡോക്ടറെ സമീപിക്കുന്നതിനുപകരം ഓൺലൈനിൽ ലഭ്യമായ മരുന്നുകളെ ആശ്രയിക്കുന്നതും ചുളിവുകൾ തടയാൻ "സുരക്ഷിത" വഴി എന്ന രീതിയിൽ വിൽക്കപ്പെടുന്ന സപ്ലിമെന്റുകൾ വിദഗ്ധോപദേശം തേടാതെ കഴിക്കുന്നതും  പ്രായമാകൽ പ്രക്രിയയ്ക്ക് തടയിടണമെന്ന ആസക്തിയുമെല്ലാം ഇവിടെ പ്രശ്നമാണ്. വിദഗ്ധോപദേശം തേടാതെ ആന്റി ഏജിംഗ് ട്രീറ്റ്‌മെന്റുകളും മറ്റും സ്വീകരിക്കുമ്പോഴുള്ള അപകടസാധ്യതകൾ എന്തൊക്കെയാണ്? വിദഗ്ധരുമായി സംസാരിക്കുന്നു.

Also Read: ഷെഫാലിയുടെ അപ്രതീക്ഷിത വിയോഗം; നടുക്കം മാറാതെ ആരാധകർ

എന്താണ് ആന്റി-ഏജിംഗ് മരുന്നുകൾ?

വാർദ്ധക്യത്തെ മന്ദഗതിയിലാക്കുന്ന മരുന്നുകളോ സംയുക്ത മരുന്നുകളുടെ കോമ്പിനേഷനോ ആണ് ആന്റി-ഏജിംഗ് മെഡിസിനുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വൈൻ, ബ്ലാക്ക് ടീ എന്നിവയിൽ കാണപ്പെടുന്ന ഏറ്റവും സമൃദ്ധമായ പോളിഫെനോളുകളിൽ ഒന്നായ ക്വെർസെറ്റിൻ പോലുള്ള സാന്ദ്രീകൃത സപ്ലിമെന്റുകൾ ഉണ്ട് - കുർക്കുമിൻ, NR (വിറ്റാമിൻ B3 ന്റെ ഒരു രൂപമായ നിക്കോട്ടിനാമൈഡ് റൈബോസൈഡ്), NMN (വിറ്റാമിൻ B3 ൽ നിന്ന് വേർതിരിച്ചെടുത്ത നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ്) എന്നിവയെല്ലാം ഇക്കൂട്ടത്തിൽ വരും. മറ്റ് രോഗങ്ങൾക്കായി കണ്ടുപിടിച്ച മരുന്നുകളിൽ നിന്ന് പുനർനിർമ്മിച്ച മിശ്രിതങ്ങൾ പോലും ആന്റി-ഏജിംഗിനുള്ള മരുന്നുകളായി ഇന്ന് ഉപയോഗിക്കുന്നുണ്ട്.  

"പുനർനിർമ്മിച്ച മരുന്നുകളുടെ പ്രശ്നം, അവ ഒരു പ്രത്യേക രോഗത്തിന് ഉപയോഗിക്കാവുന്ന യുഎസ് എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യുടെയും സിഡിഎസ്സിഒ (സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) യുടെയും അംഗീകാരങ്ങൾ ഉണ്ടായിരിക്കും.  എന്നാൽ, ഈ സപ്ലിമെന്റുകളിലെ ചില ഘടകങ്ങൾക്ക് ആന്റി- ഏജിംഗ് ഗുണങ്ങളുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു," ഡൽഹി സർ ഗംഗാറാം ആശുപത്രിയിലെ ഡെർമറ്റോളജി ചെയർമാൻ ഡോ. ഋഷി പരാശർ പറയുന്നു.

Advertisment

"കൂടാതെ, ഹെർബൽ സപ്ലിമെന്റ്സ് എന്ന് വിളിക്കപ്പെടുന്ന വിപണി നിയന്ത്രണാതീതമാണ്. അവയിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്നോ അവ സുരക്ഷിതമായ രീതിയിലുള്ളതാണോ എന്ന് നമുക്ക് അറിയില്ല. മാത്രമല്ല, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉള്ള പല ആന്റി-ഏജിംഗ് മരുന്നുകളും കാര്യമായ പോസിറ്റീവ് ഫലങ്ങൾ നൽകിയിട്ടില്ല. ഈ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നടത്തിയ പഠനങ്ങളാണ്, മനുഷ്യ പരീക്ഷണങ്ങളിൽ ഫലങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം. ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതുപോലെ, ആന്റി-ഏജിംഗ് സംയുക്തങ്ങളുടെ ഫലപ്രാപ്തി ലഭിക്കാൻ വർഷങ്ങളെടുക്കും. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ നിങ്ങൾ വായിക്കുന്നത് പലതും വ്യാജമായ കാര്യങ്ങളാണ്," ഡോ. ഋഷി പരാശർ  കൂട്ടിച്ചേർത്തു. 

ബോട്ടോക്സ് കുത്തിവയ്പ്പുകൾ അപകടകരമോ?

കഴിഞ്ഞ 20 വർഷമായി, ഡോ. പരാശർ ആന്റി-ഏജിംഗ് ബോട്ടോക്സ് കുത്തിവയ്പ്പുകളും ഫില്ലറുകളും നൽകിവരികയാണ്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയിൽ നിന്ന് ഉരുത്തിരിഞ്ഞ ഇതിലെ ടോക്സിൻ  മുഖത്തെ പേശികളെ തളർത്തുകയും വിശ്രമം അനുവദിക്കുകയും ചെയ്യുന്നു, അതിനാൽ ചുളിവുകൾ കുറയ്ക്കുന്നു. 

"വളരെ അപൂർവമായ കേസുകളിൽ ഉണ്ടാകുന്ന സങ്കീർണതകൾ ഒഴികെ, കുത്തിവയ്പ്പ് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അവയിൽ മിക്കതും പരിഹരിക്കപ്പെട്ടു. കർശനമായ ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു മെഡിക്കൽ സ്ഥാപനത്തിൽ രജിസ്റ്റേർഡായ ഒരു ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വേണം ഇത്തരം ചികിത്സകൾ സ്വീകരിക്കാൻ. ചില ബോട്ടോക്സ് ചികിത്സകൾക്കൊപ്പം കുറിപ്പടി മരുന്നുകളും ഉൾപ്പെടുന്നു, അതിനാൽ പ്രാഥമിക കൺസൾട്ടേഷനുശേഷം പരിചയസമ്പന്നനായ ഡോക്ടറേ അവ നൽകാവൂ," ഡോക്ടർ പരാശർ പറയുന്നു.

2024 ഏപ്രിലിൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) 25 നും 59 നും ഇടയിൽ പ്രായമുള്ള 22 സ്ത്രീകളിൽ അശാസ്ത്രീയമായി ബോട്ടോക്സ് ചികിത്സ കൈകാര്യം ചെയ്തതു കൊണ്ടോ മറ്റോ അപകടകരമായ റിയാക്ഷൻ കണ്ടെത്തിയതോടെ  ബോട്ടോക്സിനെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമായി. 

ബോട്ടുലിസത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആറ് പേർക്ക് ആന്റിടോക്സിൻ നൽകി - 'ടോക്സിൻ' നിശ്ചിത സ്ഥലത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും കേന്ദ്ര നാഡീവ്യൂഹത്തെ ആക്രമിക്കുകയും ചെയ്തതോടെ പലരിലും പേശി തളർച്ച, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ചിലർക്ക് മരണം സംഭവിച്ചു. മങ്ങിയ കാഴ്ച, ഡബിൾ വിഷൻ, കൺപോളകൾ തൂങ്ങുന്നതും, വ്യക്തമല്ലാത്ത സംസാരം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, ബലഹീനത എന്നീ ലക്ഷണങ്ങളും പലരിലും കണ്ടു.

"ലൈസൻസില്ലാത്തതോ, മുൻപരിചയം കുറവായ സ്ഥലങ്ങളിൽ നിന്നോ ആണ് ഈ സ്ത്രീകളെല്ലാം കുത്തിവയ്പ്പുകൾ സ്വീകരിച്ചതെന്ന് പിന്നാലെ തെളിയിക്കപ്പെട്ടു. ഇന്ത്യയിൽ ഇത്തരം ക്ലിനിക്കുകൾ കൂണുപോലെ വളർന്നുവരുന്നുണ്ട്," ഡോ. പരാശർ പറയുന്നു.

മുഖത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ബോട്ടോക്സ് നടപടിക്രമങ്ങൾ അനുവദനീയമാകൂ. നിങ്ങളുടെ മുഖത്തിന്റെയോ ശരീരത്തിന്റെയോ മറ്റു ഭാഗങ്ങളിലേക്ക് ഇത് ബാധിച്ചാൽ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാകും.

ഗ്ലൂട്ടത്തയോൺ സുരക്ഷിതമോ? 

ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സംയുക്തം ആന്റി ഓക്‌സിഡന്റായ ഗ്ലൂട്ടത്തയോൺ ആണ്. ഇതിന് ചർമ്മത്തിന്റെ പിഗ്മെന്റേഷനെ നിയന്ത്രിക്കുന്ന മെലാനിന്റെ അളവ് അടിച്ചമർത്താൻ കഴിവുള്ളതിനാൽ പലപ്പോഴും ഇവ ചർമ്മത്തിന് തിളക്കം നൽകുന്നു. അതിനാൽ ക്രീമുകൾ, സെറം, ലോഷനുകൾ എന്നിവയിലെ ജനപ്രിയ കണ്ടന്റാണ് ഇത്. ഇവിടെയെല്ലാം ഇത് ടോപ്പിക്കൽ ആപ്ലിക്കേഷനായാണ് ഉപയോഗിക്കുന്നത്. 

“എന്നാൽ ഗ്ലൂട്ടത്തയോണിന്റെ യഥാർത്ഥ അപകടസാധ്യത IV (ഇൻട്രാവണസ്) ഉപയോഗത്തിലാണ്. പല സെലിബ്രിറ്റികളും  ഗ്ലൂട്ടത്തയോൺ ഐവി ഉപയോഗത്തെ അംഗീകരിക്കുകയും ഈ ചികിത്സാരീതി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ചർമ്മത്തിന്റെ തിളക്കവും സൗന്ദര്യവും വർദ്ധിക്കാനുള്ള മരുന്നായി ഇതിനെ അംഗീകരിക്കുന്നില്ല. അലർജി പ്രതിപ്രവർത്തനങ്ങൾ, കുറഞ്ഞ രക്തസമ്മർദ്ദം, വൃക്കകൾക്ക് തകരാർ,  ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റ് സന്തുലിതാവസ്ഥയെ തകർക്കുന്നു തുടങ്ങിയ പാർശ്വഫലങ്ങൾ ഇവയ്ക്കുണ്ട്. സൗന്ദര്യവർദ്ധക മരുന്നായി ഇത് ഉപയോഗിക്കുന്നതിനെതിരെ മെഡിക്കൽ ലോകത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, ”കോസ്മെറ്റിക് സർജൻ ഡോ. അനുപ് ധീർ പറയുന്നു.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഗ്ലൂട്ടത്തയോൺ ചർമ്മത്തിന് തിളക്കം നൽകുന്നതായി അംഗീകരിച്ചിട്ടില്ല, എന്നിരുന്നാലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. "യഥാർത്ഥത്തിൽ ആൽക്കഹോളിക് ഫാറ്റി ലിവർ, ഫൈബ്രോസിസ്, സിറോസിസ്, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളിലും  ചിലപ്പോൾ കീമോതെറാപ്പിയിലൂടെ ശരീരത്തിലെത്തുന്ന വിഷാംശം നിർവീര്യമാക്കുന്നതിനുമാണ് മെഡിക്കൽ ലോകം ഇതിനു അംഗീകാരം നൽകിയിരിക്കുന്നത്,” ഡോ. ധീർ കൂട്ടിച്ചേർത്തു. 

എന്നിരുന്നാലും, ചർമ്മത്തിന് തിളക്കം നൽകുന്നതിനായി സ്കിൻ ക്ലിനിക്കുകൾ വിറ്റാമിൻ സിക്കൊപ്പം ഗ്ലൂട്ടത്തയോൺ കുത്തിവയ്പ്പുകൾ നൽകുന്നു. “എല്ലാ IV ഇൻഫ്യൂഷനുകളുടെയും സൗന്ദര്യവർദ്ധക ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമാണ്. ചിലരിൽ പോസിറ്റീവ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇവ പലപ്പോഴും പഠനങ്ങളെക്കാൾ വ്യക്തിഗത അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല,  ചർമ്മത്തിന്റെ നിറത്തിൽ വ്യത്യാസം വരുത്തുന്ന കാര്യം ശരീരം മരുന്നിനെ എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്," താൻ ഗ്ലൂട്ടത്തയോൺ കുത്തിവയ്പ്പിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഡോ. ധീർ വ്യക്തമാക്കി. 

IV ചികിത്സകൾ അംഗീകൃതമായ ക്ലിനിക്കിൽ വിദഗ്ധരുടെ സാന്നിധ്യത്തിൽ മാത്രമേ സ്വീകരിക്കാവൂ. സലൂണിൽ ചെയ്യേണ്ട കാര്യമല്ല ഇതൊന്നും.  "അതുകൊണ്ടാണ് ചർമ്മത്തിൽ പൊട്ടലുകളും കേടുപാടുകളും ഇത്രയധികം സംഭവിക്കുന്നത്. ഗ്ലൂട്ടത്തയോൺ കുത്തിവയ്പ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം ഡോസേജ് ആണ്, അത് ശരീരഭാരത്തിനനുസരിച്ച് കാലിബ്രേറ്റ് ചെയ്തു വേണം നൽകാൻ. മുതിർന്നവർക്ക് ഗ്ലൂട്ടത്തയോൺ ഗുളിക രൂപത്തിൽ ശുപാർശ ചെയ്യുന്ന പ്രതിദിന ഡോസ് 500-2,000 മില്ലിഗ്രാം വരെയാണ്. എന്നാൽ, ഇത്തരം ചികിത്സകളിൽ ചർമ്മത്തിന് എത്ര അളവിലാണ് ഇതൊക്കെ നൽകുന്നതെന്ന് ആർക്കറിയാം?" ഡോ. ധീർ ചോദിക്കുന്നു.

മറ്റൊരു അപകടസാധ്യത, അത്ര സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ക്ലിനിക്കിലുമാണ് ഇത്തരം ചികിത്സകൾ എടുക്കുന്നതെങ്കിൽ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ബി തുടങ്ങിയ പകർച്ചവ്യാധികൾ പകരുന്നതിനും  കാരണമാവാം. 

ഓൺലൈനായി വാങ്ങരുത്

അത്തരം ഉൽപ്പന്നങ്ങളൊന്നും ഓൺലൈനിൽ വാങ്ങരുതെന്ന് ഡോ. പരാശർ കർശനമായി പറയുന്നു. “സുരക്ഷിത സൗന്ദര്യവർദ്ധക ഉൽപ്പന്നമെന്ന ലേബലിൽ അവർ പറയുന്ന വാഗ്ദാനങ്ങൾ  വിശ്വസിച്ചാണ് ഉപയോക്താക്കൾ ഇവയെല്ലാം വാങ്ങുന്നത്. ഓൺലൈൻ വിൽപ്പനക്കാർ അവയുടെ ചേരുവകളുടെ സാന്ദ്രതയെക്കുറിച്ചോ അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചോ ആശങ്കപ്പെടുന്നില്ല. ചർമ്മരോഗ വിദഗ്ധരെ കണ്ട് ഇത്തരം ചികിത്സകൾ തേടുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ഉടനടി വൈദ്യസഹായം തേടിയില്ലെങ്കിൽ വലിയ അപകടം സംഭവിക്കാം." ഡോ. പരാശർ കൂട്ടിച്ചേർത്തു. 

Actress Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: