സമാനതകളില്ലാത്ത ഫാഷൻ പിൻതുടരുന്ന സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാൻ. പഠാന്റെ പ്രമോഷൻ സമയത്ത് ഷാരൂഖ് ഖാൻ ധരിച്ച ലക്ഷ്വറി വാച്ചാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. ഇന്റർനാഷണൽ ലീഗ് ടി20 (ILT20) ഉദ്ഘാടനത്തിനും ഷാരൂഖ് ഇതേ വാച്ച് ധരിച്ചിരുന്നു.

ആഢംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചാണ് ഇത്. 4.98 കോടി രൂപയാണ് ഇതിന്റെ വില. 41 എംഎം ഡയലാണ് ഈ വാച്ചിലുള്ളത്. പൂർണ്ണമായും നീല നിറത്തിലുള്ള ഈ വാച്ച് നീല സെറാമിക്സിലാണ് നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കലണ്ടർ വാച്ചിൽ തീയതി, ദിവസം, മാസം, മൂൺഫെയ്സ് എന്നിങ്ങനെയുള്ള വിവരങ്ങളും കാണാം.
അതേസമയം, ബോളിവുഡിന് ജീവവായു നൽകി കുതിക്കുകയാണ് ഷാരൂഖിന്റെ ‘പഠാൻ’. നാലു വർഷങ്ങൾക്കു ശേഷം കിങ്ങ് ഖാൻ ബിഗ് സ്ക്രീനിലെത്തിയപ്പോൾ ആവേശത്തിൽ ആറാടുകയായിരുന്നു ആരാധകർ. ലോകത്തെ പല രാജ്യങ്ങളിൽ നിന്നായി ചിത്രം കൊയ്‌തത് 875 കോടിയാണ്. ഈ ആഴ്ചയോടെ ചിത്രം 900 കോടിയിലേക്ക് അടുക്കുമെന്നാണ് സൂചന. വെറും 15 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തതെന്നും കൗതുകമുണർത്തുന്ന കാര്യമാണ്.