സ്ത്രീപുരുഷഭേദമില്ലാതെ വളരെ വ്യാപകമായി കാണുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഏതാനും മുടിയിഴകൾ നിത്യേന കൊഴിഞ്ഞു പോവുന്നത് വളരെ സാധാരണമായ പ്രക്രിയയാണ്. എന്നാൽ 100 മുടിയിഴകളോളം നിത്യേന കൊഴിയുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം കൂടി കാണും. അത്തരം കേസുകളിൽ ചികിത്സ നേടേണ്ടതുണ്ട്.
മുടികൊഴിച്ചിൽ രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ നിർദേശിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ആഞ്ചൽ പന്ത്.
രക്തം പരിശോധിക്കുക
ശരീരത്തിലെ എന്തെങ്കിലും പോഷകങ്ങളുടെ അപര്യാപ്തത കൊണ്ടാവും ചിലപ്പോൾ ഈ കനത്ത മുടികൊഴിച്ചിൽ. എന്തിന്റെ അപര്യാപ്തത കൊണ്ടാണ് മുടികൊഴിയുന്നത് എന്നു കണ്ടെത്താൻ രക്തം പരിശോധിക്കുക. രക്തത്തിലെ അയേൺ, തൈറോയിഡ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവയുടെ അളവ് പരിശോധിക്കുക. കാരണം ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുടെ അപര്യാപ്തതയാണ് മുടികൊഴിച്ചിലിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ. ബയോട്ടിൻ സപ്ലിമെന്റുകൾ വളരെ ജനപ്രിയമാണെങ്കിലും, ബയോട്ടിൻ കുറവ് വളരെ അപൂർവമാണ്. ഇതു പരിശോധിക്കുന്നതിന് ദയവായി ഡോക്ടറെ സന്ദർശിക്കുക. നിങ്ങളുടെ ബ്ലഡ് ടെസ്റ്റ് റിസൽറ്റിനു അനുസരിച്ച് ചിലപ്പോൾ ആറ് മാസം വരെ സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം.
പെപ്റ്റൈഡ് ഹെയർ സെറം ദിവസത്തിൽ രണ്ടുതവണ
പെപ്റ്റൈഡുകളായ റെഡൻസിൽ, അനഗൈൻ, ബയോട്ടിനൈൽ ജിഎച്ച്കെ, പ്രോകാപിൽ എന്നിവ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസത്തിൽ രണ്ടുതവണ ഇവ തലയിൽ പുരട്ടുക. 3 മുതൽ 6 മാസം വരെ ഇവ ഉപയോഗിക്കേണ്ടി വന്നേക്കാം.
മിൻടോപ്പ് പ്രോ, ഫോളിറിച്ച് ഹെയർ സെറം, ലാ മാറ്റിസ് ഹെയർ സെറം തുടങ്ങിയ ഏതാനും പെപ്റ്റൈഡ് സെറങ്ങളും ഡോ. ആഞ്ചൽ നിർദ്ദേശിക്കുന്നു.
സമീകൃതാഹാരം കഴിക്കുക
കഴിക്കുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ പ്രധാനമാണ്. ക്രാഷ് ഡയറ്റിംഗും പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതുമെല്ലാം മുടി കൊഴിച്ചിലിനും കാരണമായി മാറാറുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണം പോഷകസമൃദ്ധമാണെന്ന് ഉറപ്പാക്കുക.
ഹെയർ ട്രീറ്റ്മെന്റുകൾ ഒഴിവാക്കുക
നിങ്ങൾക്ക് ശക്തമായ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഹെയർ ട്രീറ്റ്മെന്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഹെയർ സ്പാ, കെരാറ്റിൻ ട്രീറ്റ്മെന്റ്, സിസ്റ്റൈൻ ഹെയർ ബോട്ടോക്സ് പോലുള്ള ചികിത്സകൾ ഈ ഘട്ടത്തിൽ വേണ്ട. ഇത് മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കും. ഈ ചികിത്സകൾ എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, മുടികൊഴിച്ചിൽ 80% കുറയുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്.
തലയോട്ടി വൃത്തിയായി സൂക്ഷിക്കുക
തലയോട്ടിയുടെ വൃത്തിയും മുടിയുടെ ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ്. മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും അധികനാൾ മുടി കഴുകാതെ ഇരിക്കരുത്. കൃത്യമായ ഇടവേളകളിൽ മുടി കഴുകിയില്ലെങ്കിൽ അത് താരനു കാരണമാവുകയും മുടികൊഴിച്ചിൽ വഷളാക്കുകയും ചെയ്യും. ആഴ്ചയിൽ 2-3 തവണയെങ്കിലും തല കഴുകി വൃത്തിയായി സൂക്ഷിക്കുക. ഷാംപൂ മുടികൊഴിച്ചിൽ ഉണ്ടാക്കുകയോ തടയുകയോ ചെയ്യില്ലെന്ന് ഓർക്കുക. തലയോട്ടി വൃത്തിയാക്കുക എന്നതുമാത്രമാണ് ഇതിന്റെ ധർമ്മം.
മുടികൊഴിച്ചിൽ ശക്തമായി തുടരുകയാണെങ്കിൽ ഉടനെ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുക. സാധാരണ ഗതിയിൽ മൂന്നുമാസത്തോളം ചികിത്സയെടുക്കുമ്പോൾ തന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.