scorecardresearch

എങ്ങനെ ഫോട്ടോയിൽ തിളങ്ങാം?; അറിഞ്ഞിരിക്കാം ഈ ട്രിക്കുകൾ

Selfie/Photo Tricks: ഈ 12 ഫൊട്ടോ ട്രിക്കുകൾ നിങ്ങളുടെ ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും

Selfie/Photo Tricks: ഈ 12 ഫൊട്ടോ ട്രിക്കുകൾ നിങ്ങളുടെ ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും

author-image
Lifestyle Desk
New Update
Selfie tricks, How to make your face more photogenic, 12 photo tricks, simple photo tricks, Photography tricks, Photography basics

Selfie/Photo Tricks: സ്മാർട്ട് ഫോണുകളുടെ വരവോടെ ഒട്ടുമിക്ക പേരും ഫോട്ടോ എക്സ്പേർട്ടുകളായി മാറിയിട്ടുണ്ട്. മൊബൈലിൽ തന്നെ കിടിലൻ ചിത്രങ്ങൾ പകർത്തുന്നവർ നിരവധിയാണ്. പ്രൊഫഷണൽ ക്യാമറയോട് കിട പിടിക്കുന്ന ഫോട്ടോ ക്വാളിറ്റിയാണ് പല മൊബൈൽ ക്യാമറകളും നൽകുന്നത്.

Advertisment

ഫോൺ ക്യാമറയിൽ ചിത്രങ്ങളെടുത്ത് പഠിക്കുന്ന തുടക്കക്കാർക്ക് ഫലപ്രദമാവുന്ന ഏതാനും ഫൊട്ടോ ട്രിക്കുകൾ പരിചയപ്പെടാം. അടിസ്ഥാനപരമായ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മികച്ച ചിത്രങ്ങൾ എടുക്കാനും ഫോട്ടോയ്ക്ക് കൂടുതൽ ഫൊട്ടൊജെനിക് ആയി പോസ് ചെയ്യാനും സാധിക്കും.

ഓരോ ഫോട്ടോ മൊമന്റും പ്രധാനമാണ്. കടന്നുപോവുന്ന ഒരു നിമിഷത്തെ അതിമനോഹരമായി ക്ലിക്ക് ചെയ്ത് എക്കാലത്തേക്കുമായി ഫ്രെയിം ചെയ്യുകയാണ് ഓരോ ചിത്രങ്ങളും ചെയ്യുന്നത്. അതുകൊണ്ടു തന്നെ, ചിത്രങ്ങളെ ഏറ്റവും മികവോടെ തന്നെ പകർത്താൻ ശ്രമിക്കാം.

1.ലൈറ്റിംഗ്
മികച്ച ലൈറ്റിംഗ് ഫോട്ടോയെ കൂടുതൽ മികച്ചതാക്കും. ലൈറ്റിനു എതിർവശത്തായി നിന്നു വേണം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ. നിങ്ങളുടെ പിറകിൽ നിന്നുമാണ് ലൈറ്റ് വരുന്നതെങ്കിൽ മുഖം ഇരുണ്ടിരിക്കും. ഔട്ട്ഡോറിൽ ഷൂട്ട് ചെയ്യുമ്പോഴും സൂര്യന്റെ സ്ഥാനം എവിടെയാണ് വരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Advertisment

2. വെളിച്ചത്തിന് താഴെ നിൽക്കുന്നത് ഒഴിവാക്കുക
രാത്രിയിൽ തെരുവ് വിളക്കിന് നേരെ ചുവട്ടിലൊക്കെ നിന്ന് ചിത്രങ്ങളെടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിൽ പലയിടത്തും നിഴലുകൾ വീണു കിടക്കുന്നത് കാണാം. ഈ നിഴലുകൾ ചിലപ്പോൾ നിങ്ങളുടെ മുഖത്തെ കൂടുതൽ ഇരുണ്ടതോ അവ്യക്തമായോ തോന്നിപ്പിച്ചേക്കാം.

3.നിങ്ങളുടെ ആംഗിൾ തിരിച്ചറിയുക
ഓരോരുത്തർക്കും ഫോട്ടോയിൽ ഏറ്റവും നന്നായി വരുന്ന ഒരു ആംഗിൾ ഉണ്ടാവും. ചിലർക്ക് അത് ഇടതുവശത്തെ സൈഡ് പ്രൊഫൈൽ ആവും ചിലർക്ക് വലതുവശത്താവും.​അതിനാൽ മുഖത്തിന്റെ രണ്ടുവശങ്ങളിൽ നിന്നും ക്ലിക്ക് ചെയ്തു നോക്കി, നിങ്ങളുടെ മുഖത്തിന്റെ ഏതു വശമാണ് കൂടുതൽ ഫോട്ടൊജെനിക് എന്ന് സ്വയം മനസ്സിലാക്കുക. പിന്നീട് ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കുന്നത് നല്ല ഫോട്ടോ ലഭിക്കാൻ സഹായിക്കും. ചിലർ ക്യാമറയ്ക്ക് മുന്നിൽ വളരെയധികം നെർവസ് ആവാറുണ്ട്. നിങ്ങളുടെ മികച്ച ആംഗിൾ അറിഞ്ഞിരുന്നാൽ ഈ അസ്വസ്ഥത ഒഴിവാക്കാനും ആത്മവിശ്വാസത്തോടെ തന്നെ ചിത്രങ്ങൾക്ക് പോസ് ചെയ്യാനും കഴിയും.

4.ചിത്രങ്ങളുടെ സ്വാഭാവികത കാത്തുസൂക്ഷിക്കുക
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമൊക്കെ നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളും ഫിൽട്ടറുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഫിൽട്ടർ ഉപയോഗത്തിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. ചില ഫിൽട്ടറുകൾ നിങ്ങളുടെ ചിത്രത്തിന്റെ ഗുണനിലവാരം തന്നെ മോശമാക്കും. ചിത്രത്തിന്റെ അടിസ്ഥാന നിറങ്ങളിൽ മാറ്റം വരുത്താതെ കോൺട്രാസ്റ്റും ലൈറ്റിംഗും മാറ്റുന്ന ഫിൽട്ടറുകൾ പരിഗണിക്കുന്നതാവും ഉചിതം.

അതുപോലെ, നിങ്ങളുടെ സ്കിൻ ടോണുമായി അടുത്തുനിൽക്കുന്ന ഫിൽട്ടറുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ചിത്രങ്ങളുടെ സ്വാഭാവികതയാണ് അവയുടെ ഭംഗി, അമിതമായ രീതിയിൽ ഫിൽട്ടർ ഉപയോഗിക്കുമ്പോൾ ഫൊട്ടോകൾ വളരെ ആർട്ടിഫിഷ്യലായി മാറും.

5. ഒറ്റ ക്ലിക്കിൽ ഒതുക്കാതിരിക്കുക
ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ സ്ഥലത്തിന്റെയോ അങ്ങനെ എന്തുമാവട്ടെ, ചിത്രങ്ങൾ എടുക്കുമ്പോൾ ഒറ്റ ക്ലിക്കിൽ ഒതുക്കാതിരിക്കുക. പല പോസുകളിലും ആംഗിളുകളിലും ചിത്രം പകർത്താൻ ശ്രമിക്കാം, ഒപ്പം ക്ലിക്കുകൾക്ക് അനുസരിച്ച് മുഖഭാവങ്ങളിലും മാറ്റം വരുത്താം. ഒന്നിൽ കൂടുതൽ തവണ ക്ലിക്ക് ചെയ്യുന്നത് പിന്നീട് നിങ്ങൾക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടിയാണ് തരുന്നത്.

6. ഫോട്ടോ ഗ്രിഡുകൾ ഉപയോഗപ്പെടുത്താം
ഫോട്ടോഗ്രാഫിയ്ക്കും ചില പൊതുവായ നിയമങ്ങളും ഘടനയുമെല്ലാമുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സിൽ നല്ലൊരു ശതമാനം ആളുകളും ഫോട്ടോഗ്രാഫുകളുടെ ഈ സന്തുലിതാവസ്ഥയും ഘടനയും സാങ്കേതികതയുമെല്ലാം പിന്തുടർന്നുകൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ പകർത്തുന്നത്.

മൊബൈൽ ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾക്ക് അത്തരം കാര്യങ്ങൾ കണിശമായി പരിഗണിക്കേണ്ട ആവശ്യമില്ലെങ്കിലും ഫോട്ടോ ഗ്രിഡ് പോലുള്ള അടിസ്ഥാനകാര്യങ്ങൾ ഉപയോഗപ്പെടുത്താം. ഇതുവഴി ചിത്രങ്ങളുടെ ക്വാളിറ്റി വർധിപ്പിക്കാൻ സഹായിക്കും. ഒട്ടുമിക്ക സ്മാർട്ട്ഫോണുകളിലും ക്യാമറയിൽ ഗ്രിഡ് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടാവാറുണ്ട്. സ്ക്രീനിനെ ഒമ്പത് തുല്യ ബോക്സുകളായി വിഭജിക്കുകയാണ് ഈ ഗ്രിഡുകൾ ചെയ്യുന്നത്. നിങ്ങളുടെ പൊസിഷനിംഗ് കൃത്യമാക്കാൻ ഗ്രിഡുകൾ സഹായിക്കും.

7. സെൽഫികൾ ഒരൽപ്പം അകലെ നിന്നെടുക്കാം
ഫ്രണ്ട് ക്യാമറകളുടെ വരവോടെയാണ് മലയാളികളുടെ സെൽഫി കൾച്ചർ വ്യാപകമായത്. സെൽഫികൾ എടുക്കുമ്പോൾ പരമാവധി കൈനീട്ടിപിടിച്ച് എടുക്കാൻ ശ്രമിക്കാം. ഫോൺ കൈകളിൽ തന്നെ പിടിക്കാതെ, ട്രൈപോഡിലെ നിങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ഉറച്ചൊരു പ്രതലത്തിലോ ചാരിവച്ചും സെൽഫികൾ പരീക്ഷിക്കാം. ഇതിനായി സെൽഫ് ടൈമർ സംവിധാനം ഉപയോഗപ്പെടുത്താം.

8.പുരികങ്ങൾക്ക് നൽകാം ശ്രദ്ധ
ചിലപ്പോൾ ലൈറ്റ് കൂടുമ്പോഴും ഫിൽട്ടറുകൾ ഉപയോഗിക്കുമ്പോഴുമൊക്കെ ഫോട്ടോയിൽ പുരികങ്ങൾ മങ്ങിയതായോ അപ്രത്യക്ഷമായതായോ തോന്നാം. അതിനാൽ ചിത്രമെടുക്കുന്നതിനു മുൻപ്, കൺമഷിയുടെയോ ഐബ്രോ പെൻസിലിന്റെയോ സഹായത്താൽ പുരികങ്ങൾ ഒന്നു കറുപ്പിക്കുന്നത് മികച്ച ഫോട്ടോ ലഭിക്കാൻ സഹായിക്കും.

9.പോസ് ചെയ്യുമ്പോൾ നിവർന്നിരിക്കുക
അധികം ഉയരമില്ലാത്തവർക്കും ഫോട്ടോഗ്രാഫുകളിൽ ഉയരം തോന്നിപ്പിക്കാൻ സാധിക്കും. നിങ്ങൾ എങ്ങനെ പോസ് ചെയ്യുന്നു എന്നതാണ് ഇവിടെ പ്രധാനം. കുനിഞ്ഞുകൂടിയിരിക്കാതെ നേരെ നിവർന്ന് ഇരിക്കുന്നതും, കഴുത്തും തലയുമെല്ലാം നിവർത്തി പിടിക്കുന്നതും കൂടുതൽ ഉയരം തോന്നാൻ സഹായിക്കും.

10.ഫോട്ടോകളുടെ ബാക്ക്ഗ്രൗണ്ട് പ്രത്യേകം ശ്രദ്ധിക്കുക
ഫോട്ടോയിൽ നിങ്ങളുടെ മുഖം എത്ര മികച്ചതായാലും ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് അലങ്കോലപ്പെട്ടു കിടക്കുകയാണെങ്കിൽ കാഴ്ചക്കാരന്റെ ശ്രദ്ധ അങ്ങോട്ടാവും പോവുക. ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിനും പ്രത്യേക ശ്രദ്ധ നൽകണം. അഭംഗിയുണ്ടാക്കുന്ന പരിസരങ്ങളോ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളോ ബാക്ക്ഗ്രൗണ്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക. വീടിനകത്ത് നിന്നാണ് ചിത്രം പകർത്തുന്നതെങ്കിൽ പശ്ചാത്തലം വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കുക.

11.ഫോട്ടോയിൽ വിടർന്ന കണ്ണുകൾ വേണോ?
ഫോട്ടോകളിൽ പലപ്പോഴും ഏറ്റവും ആകർഷകമായി വരുന്ന ഒന്നാണ് കണ്ണ്. വിടർന്ന, ആഴം തോന്നുന്ന കണ്ണുകൾ വേണമെന്നുണ്ടോ? എങ്കിൽ ക്യാമറ മുകളിൽ നിന്നും ഷൂട്ട് ചെയ്യുക. മുകളിൽ നിന്ന് ഷൂട്ട് ചെയ്യുന്നത് നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ വലിപ്പവും മുഖത്തിന് വേറിട്ടൊരു ആകൃതിയും നൽകും. ഇത്തരം ചിത്രങ്ങളിൽ കണ്ണ്, പുരികം, മുഖത്തിന്റെ മുകൾഭാഗം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിൽ മഹേഷ് ഭാവന ജിൻസിയുടെ ചിത്രം പകർത്തുന്ന രംഗമോർമ്മയില്ലേ?

12.ഒരുങ്ങി കഴിഞ്ഞാൽ ഫോട്ടോ ആദ്യമേ എടുത്തേക്കു
കല്യാണത്തിനോ പാർട്ടിയ്ക്കോ ഡിന്നറിനോ ഒക്കെ അണിഞ്ഞൊരുങ്ങി പോവുമ്പോൾ സെൽഫിയോ ഫോട്ടോയോ എടുക്കണമെന്നുള്ളവർ ആദ്യം തന്നെ എടുത്തുവയ്ക്കുക. മേക്കപ്പ്, വസ്ത്രധാരണം, ഹെയർ സ്റ്റൈൽ എന്നിവയെല്ലാം മികവോടെ തന്നെ അപ്പോൾ പകർത്താനാവും. എന്നാൽ പാർട്ടിയും ഡിന്നറുമൊക്കെ കഴിഞ്ഞ് പകർത്താനിരുന്നാൽ വസ്ത്രങ്ങളിൽ ചുളിവ് വീഴാനും വിയർപ്പിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെടാനും ഹെയർ സ്റ്റൈൽ അലങ്കോലമാവാനുമുള്ള സാധ്യതകളേറെയാണ്. ഇതു കാരണം ഫോട്ടോ അനാകർഷണീയമാവാം.

Photography

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: