സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. യോഗയിൽ ഏറെ താൽപര്യമുളള സംയുക്ത ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഇത്തവണ തന്റെ വെറൈറ്റിയായ സെറ്റ് മുണ്ടിന്റെ ചിത്രമാണ് സംയുക്ത ഷെയർ ചെയ്‌തത്.പച്ച കര വരുന്ന സെറ്റ് മുണ്ടാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. അതിൽ പച്ചമാങ്ങ രൂപവും വരച്ചു ചേർത്തിട്ടുണ്ട്. “മാഗോ സീസണിനെ വരവേൽക്കുന്നത് എന്റെ പച്ചമാങ്ങ മുണ്ടണിഞ്ഞെ”ന്നാണ് സംയുക്ത ചിത്രത്തിനു താഴെ കുറിച്ചത്. പച്ച നിറത്തിലുള്ള ജാക്കറ്റാണ് താരം സെറ്റ് മുണ്ടിനൊപ്പം സ്റ്റൈൽ ചെയ്‌തിരിക്കുന്നത്. മ്യൂരൽ കലാകാരിയായ ആശ ചന്ദ്രനാണ് സംയുക്തയ്ക്ക് ഈ സെറ്റ് മുണ്ട് സമ്മാനിച്ചത്. വസ്ത്രത്തിനൊപ്പം വളരെ മിനിമലായ ആഭരണങ്ങളാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?.”