ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഏറ്റവും ആരാധകരുള്ള താരമാണ് സാമന്ത പ്രഭു. ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് സാമന്ത. സിറ്റാഡൽ സീരീസിന്റെ ഹിന്ദി പതിപ്പിൽ പ്രിയങ്ക ചോപ്ര ചെയ്ത വേഷം ചെയ്യുന്നത് സാമന്തയാണ്. വരുൺ ധവാനാണ് നായകൻ.
കഴിഞ്ഞ ദിവസം, സിറ്റാഡലിന്റെ ലണ്ടനിൽ നടന്ന പ്രീമിയറിൽ പങ്കെടുക്കാനും സാമന്ത എത്തിയിരുന്നു. വിക്ടോറിയ ബെക്കാം ഡിസൈൻ ചെയ്ത ബ്ലാക്ക് ഗൗണിൽ അതിസുന്ദരിയായി എത്തിയ സാമന്ത അണിഞ്ഞ ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബൾഗറി ബ്രാൻഡിന്റെ സർപെന്റി നെക്ലേസും ബ്രേസ്ലെറ്റും സമാനമായ കമ്മലുമണിഞ്ഞാണ് സാമന്ത എത്തിയത്.
മരതകവും ഡയമണ്ടും കൊണ്ട് നിർമ്മിച്ച ഈ സർപെന്റി നെക്ലേസിന്റെ അഗ്രഭാഗം പിയർ ആകൃതിയിൽ മരതക കണ്ണുകളുള്ള സർപ്പത്തെ ഓർമിപ്പിക്കും. തിളങ്ങുന്ന വജ്രവും മരതകവും അഴകേകുന്ന ഈ നെക്ലേസിന്റെ വില 2 കോടി 98 ലക്ഷം രൂപയാണ്.
ശാകുന്തളം ആണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. തെലുങ്കിൽ വിജയ് ദേവര്കൊണ്ടയ്ക്ക് ഒപ്പം ഖുഷി എന്ന ചിത്രവും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കരിയറിൽ ശ്രദ്ധയൂന്നി മുന്നോട്ട് പോവുമ്പോഴും മൈസ്റ്റൈറ്റിസ് രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മൈസ്റ്റൈറ്റിസ് . ഈ അവസ്ഥയിൽ പേശികള്‍ക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മൈസ്റ്റൈറ്റിസ് ബാധിതർ എന്നാണ് കണക്ക്. കൈകള്‍, തോളുകള്‍, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ, കണ്ണുകളുടെയും അന്നനാളത്തിന്‌റെയും പേശികൾ എന്നിവയെ എല്ലാം ഈ രോഗം ആക്രമിക്കാം.