ഹൈരാബാദ്: സാമന്തയുടെയും നാഗചൈതന്യയുടേയും വിവാഹനിശ്ചയം ദക്ഷിണേന്ത്യൻ സിനിമാ ആരാധകർ മറന്നിട്ടില്ല. ഇവരുടെ പ്രണയനിമിഷങ്ങള്‍ സ്വര്‍ണനൂലില്‍ തുന്നിയെടുത്ത് മനോഹരമാക്കിയ സാമന്തയുടെ ആ വിവാഹനിശ്ചയ വേഷവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോൾ വിവാഹദിവസം റിസപ്ഷനിൽ അണിയാനുള്ള വസ്ത്രത്തിന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് സാമന്ത. ഒപ്പം വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമായി തനിക്ക് വസ്ത്രം ഒരുക്കുന്ന ക്രഷ ബജാജിനെ പ്രശംസിക്കുകയും ചെയ്യുന്നു സാമന്ത.

ഒക്ടോബറിലാണ് തെന്നിന്ത്യയൊന്നാകെ കാത്തിരിക്കുന്ന ആ താരവിവാഹം. ഒക്ടോബര്‍ 6 മുതല്‍ 9 വരെ നീളുന്ന വിവാഹാഘോഷങ്ങളിലേക്ക് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. വിവാഹവേളയില്‍ സാമന്ത ധരിക്കുന്ന വസ്ത്രങ്ങളിൽ എന്ത് സര്‍പ്രൈസാവും കാത്തുവച്ചിരിക്കുക എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സാമന്ത തന്നെ ആ രഹസ്യം പരസ്യമാക്കിയത്.

വിവാഹത്തിനായി തയ്യാറാക്കിയ ലെഹങ്ക അണിഞ്ഞ് നില്‍ക്കുന്ന ചിത്രം സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ബെയ്ജ് നിറത്തിലുള്ള ലെഹങ്കയില്‍ സ്വര്‍ണവും വെള്ളിയുമൊക്കെ അലങ്കാരങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. കഴുത്തിലണിഞ്ഞിരിക്കുന്ന പരമ്പരാഗത കുന്തന്‍ ആഭരണം കൂടിയായതോടെ സാമന്തയ്ക്ക് രാജകീയഭംഗി കൈവന്നിരിക്കുന്നു എന്നാണ് ആരാധകര്‍ ചിത്രത്തിന് നല്കിയ പ്രതികരണം.

കഥ തുടങ്ങുന്നു… എന്ന അടിക്കുറിപ്പോടെയുള്ള സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഡിസൈനറായ ക്രഷ ബജാജിനെക്കുറിച്ചും സാമന്ത സൂചിപ്പിച്ചിട്ടുണ്ട്.

“മനസ്സിലുള്ള മുഴുവന്‍ ഭാവനയും കലാചാതുരിയും ശരിയായി പ്രയോഗിക്കേണ്ടതെവിടെ എന്ന് നന്നായറിയാവുന്ന ഒരാളുണ്ടെങ്കില്‍ അത് ക്രഷ ബജാജാണ്. അവള്‍ തയാറാക്കുന്ന ലെഹങ്കകള്‍ നാടോടിക്കഥകളില്‍ നിന്ന് നേരിട്ട് വന്നതാണെന്ന് തോന്നും. എന്റെ വിവാഹ ഒരുക്കങ്ങളില്‍ ആരെയെങ്കിലും നൂറുശതമാനം വിശ്വസിക്കാമെങ്കില്‍ അത് ക്രഷയെ മാത്രമാണ്.” സാമന്ത കുറിക്കുന്നു.

ക്രഷ ബജാജ്

വിവാഹത്തിനു ശേഷമുള്ള റിസപ്ഷനില്‍ അണിയാന്‍ സാമന്തയ്ക്കായി തയാറാക്കിയ ലെഹങ്ക ഇത്രയും മനോഹരമാണെങ്കില്‍ വിവാഹവേളയില്‍ അണിയാന്‍ പോവുന്ന ഗൗണ്‍ എത്രമേല്‍ മനോഹരമായിരിക്കും എന്നാണ് ഫാഷന്‍ ലോകം ഉറ്റുനോക്കുന്നത്. വിവാഹഗൗണില്‍ രാജകുമാരിയെപ്പോലെ തിളങ്ങുന്ന സാമന്തയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പള്ളിയില്‍ വച്ച് നടക്കുന്ന വിവാഹച്ചടങ്ങുകളില്‍ ഗൗണാണ് ധരിക്കുക എന്ന് സാമന്ത തന്നെയാണ് അറിയിച്ചത്. ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാകും സാമന്ത ധരിക്കുക എന്നാണ് സൂചന. ഈ സാരിയിലും മോടികൂട്ടാന്‍ ചില തന്ത്രങ്ങള്‍ ക്രഷ മെനഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. വജ്‌റാഭരണങ്ങളാവും അപ്പോള്‍ സാമന്ത അണിയുക.

സാമന്തയുടെ വിവാഹ നിശ്ചയ വസ്ത്രത്തിൽ ക്രഷ ഒരുക്കിയ ഡിസൈൻ

സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയനിമിഷങ്ങളെ മനോഹരമായി വിവാഹ നിശ്ചയ സാരിയിലേക്ക് പകര്‍ത്തിയ ക്രഷക്ക് അഭിനന്ദന പ്രവാഹം ആയിരുന്നു. സ്വന്തം വിവാഹ വേഷത്തില്‍ പരീക്ഷിച്ച് വിജയിച്ചതായിരുന്നു ക്രഷയുടെ ലൗ ഫോര്‍ ലെഹങ്ക ആശയം എന്നതാണ് വസ്തുത. 2016 മെയിലായിരുന്നു ക്രഷയും വന്‍രാജ് സവേറും തമ്മിലുള്ള വിവാഹം. ഉദയ്പൂറില്‍ നടന്ന വിവാഹവേളയിലണിഞ്ഞ ലെഹങ്ക ക്രഷ മനസ്സുകൊണ്ട് തുന്നിയതാണ് എന്നായിരുന്നു അന്ന് ഫാഷന്‍ ലോകം അഭിപ്രായപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook