ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്.
‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
ഇപ്പോഴിതാ, സായ് പല്ലവി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പൂളിന് അരികിൽ കൈനിറയെ പൂക്കളുമായി ഇരിക്കുന്ന സായിയെ ആണ് ചിത്രത്തിൽ കാണാനാവുക. “നിങ്ങൾ മലർ എന്നു പറഞ്ഞോ?” എന്നാണ് സായി ക്യാപ്ഷനിൽ ചോദിക്കുന്നത്.
അതേസമയം, സായ് പല്ലവി അഭിനയിച്ച ശ്യാം സിൻഹ റോയി എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സ്വന്തം പടം തിയേറ്ററിൽ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞ് തിയേറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
പർദ്ദയിലെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാൽ തന്നെ പടം ആസ്വദിച്ച് കണ്ട് മടങ്ങുകയായിരുന്നു താരം. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സാക്രിത്ര്യനും സായ് പല്ലവിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ താരം ക്യാമറകൾക്കായി പോസ് ചെയ്തു.
നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ 24-ാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.