സിക്സ് പാക്കും മസിലുകൾ ഉരുണ്ടു നിൽക്കുന്ന നെഞ്ചും കൈകാലുകളും ആഗ്രഹിക്കാത്ത യുവാക്കൾ ഇന്ന് വിരളമായിരിക്കും. അതിനായി ജിംനേഷ്യത്തിൽ കഷ്ടപ്പെട്ട് വർക്ക ഔട്ട് ചെയ്യുകയാണ് യുവാക്കൾ. വളരെക്കാലം കൊണ്ട് ഘട്ടംഘട്ടമായാണ് ഇവരൊക്കെ മസിലുകൾ ഉണ്ടാക്കുന്നത്.

എന്നാൽ ചിലർ കുറുക്ക് വഴികളിലൂടെ മസിൽ പെരുപ്പിക്കാനും ശ്രമിക്കും. അങ്ങനെ ശ്രമിച്ച് പണികിട്ടിയ ഒരാളെ പരിചയപ്പെടാം. സൗത്ത് വെസ്റ്റേൺ റഷ്യയിലെ 21 കാരനായ കിറിൽ ടെറിഷിൻ എന്ന പയ്യനാണ് കൃത്രിമ മാർഗത്തിലൂടെ മസിലുണ്ടാക്കാൻ ശ്രമിച്ച് കുടുങ്ങിയത്.

ആരും കണ്ടാൽ നോക്കിപ്പോകുന്ന മസിലുകൾ സ്വന്തമാക്കണം എന്ന ത് മാത്രമായിരുന്നു ടെറിഷിന്റെ ലക്ഷ്യം. അതിനായി യുവാവ് ചെയ്തത് കൂടിയ അളവിൽ സിന്തറ്റിക് ഓയിൽ(സിന്തോൾ) ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതോടെ സംഗതി കൈവിട്ടു. കൈകൾ അമിതമായി വികസിച്ചു. പത്തുദിവസത്തിനുള്ളിൽ പത്ത് ഇഞ്ചാണ് വികസിച്ചത്.

എന്നാൽ ടെറിഷിന് കുലുക്കമൊന്നുമില്ല. ആള് ഹാപ്പിയാണ്. ബോ‍ഡിബിൽഡിങ്ങിൽ റെക്കോർഡ് നേടാനാകുമെന്ന് സ്വപ്നം കണ്ടിരിക്കുകയാണ് പയ്യൻ. എന്നാൽ സിന്തോളിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഡോക്ടർമാർ യുവാവിനെ അറിയിച്ചിട്ടുണ്ട്.

പ്രഫഷനൽ ബോഡിബിൽഡർമാർ പോലും വളരെ കുറഞ്ഞ തോതിലാണ് സിന്തോൾ ഉപയോഗിക്കുന്നതെന്നതോർക്കണം. അതും മത്സരത്തിനു ഇറങ്ങുന്നതിനു തൊട്ടുമുൻപ് മാത്രം. ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ഞരമ്പുകളേയും ത്വക്കിനേയും സാരമായി ബാധിക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook