എല്ലാം തുടങ്ങിയത് 204ാം നമ്പര്‍ മുറിയിലാണ്. ആ മുറിയുടെ കല്‍ ഭിത്തികളാണ് ആദ്യമായി നമ്മുടെ ദേശീയ ഗാനത്തിന്റെ ആംഗലേയ തര്‍ജ്ജമ അതിന്റെ എഴുത്തുകാരനായ രബീന്ദ്രനാഥ ടാഗോറില്‍ നിന്നും കേട്ടത്. ആന്ധ്ര പ്രദേശിലെ മദനപ്പള്ളില്‍ സ്ഥിതിചെയ്യുന്ന ബെസെന്റ് തിയോസഫിക്കല്‍ കോളേജ് നിലവില്‍ പൊതു സമൂഹത്തിന്റെ ഓര്‍മയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല, എന്നാല്‍ അതിന്റെ അനന്യമായ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അന്ന് മദ്രാസ് പ്രെസിഡെന്‍സിയുടെ ഭാഗമായിരുന്ന ചിറ്റൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് മദനപ്പള്ളി, ഇന്നത് ആന്ധ്രാ പ്രദേശിന്റെ ഭാഗമാണ്. തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മസ്ഥലം കൂടെയാണ് ഇവിടം. ഹോര്‍സെലി കുന്ന് എന്ന ചെറിയ ഹില്‍ സ്റ്റേഷനും ഋഷി വാലി സ്‌കൂളും ഇതിനോടടുത്ത് സ്ഥിതി ചെയ്യുന്നു.

1915 ജൂലൈ മാസം പതിനഞ്ചാം തീയതി, മദനപള്ളിയില്‍ തിയോസഫിക്കല്‍ കോളേജിന്റെ പണി കഴിപ്പിച്ചതും, ആനി ബെസെന്റിന്റെ സാന്നിധ്യത്തില്‍ അതിന്റെ ഔപചാരികമായി ഉദ്ഘാടനം നടത്തിയതും അന്നത്തെ മദ്രാസ് ഗവര്‍ണറായ, പെന്റലാന്‍ഡ് പ്രഭുവാണ്. തുടക്കത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ അംഗത്വമുണ്ടായിരുന്ന കോളേജ് പില്‍കാലത്ത് ആനി ബെസെന്റ് സ്വയം ഭരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ 1917-ല്‍ അംഗത്വം നഷ്ടപ്പെട്ടു. ടോഗോര്‍ സര്‍വ്വകലാശാലാധിപതിയും, കവി കൂടെയായ ജെയിംസ് ഹെന്റി കസിന്‍സ് പ്രധാന അദ്ധ്യാപകനുമായിരുന്നു.

ടാഗോറിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പകർപ്പ്

ദക്ഷിണേന്ത്യയില്‍ ഉടനീളം സഞ്ചരിക്കുകയായിരുന്ന ടാഗോര്‍ 1919 ഫെബ്രുവരി മാസം 25 മുതല്‍ മാര്‍ച്ച് മാസം രണ്ടാം തീയതി വരെ മദനപ്പള്ളിയില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. കോളേജിന് സമീപമുള്ള ഒല്‍കോട്ട് പര്‍ണ്ണശാലയില്‍ (തിയോസഫിക്കല്‍ സമൂഹത്തിന്റെ സ്ഥാപകനായ കേര്‍ണല്‍ ഹെന്റി സ്റ്റീല്‍ ഒല്‍കോട്ട് പേരില്‍ പണിത പര്‍ണ്ണശാല) അദ്ദേഹം താമസിച്ചു.

ബുധനാഴ്ച രാത്രികള്‍ കോളേജ് പൊതുവെ വിനോദത്തിനും പാട്ടിനുമായി മാറ്റിവെക്കാറുണ്ട്, അതും പൊതുവായി പ്രധാന അധ്യാപകന്റെ മുറിയിലാണ് സംഘടിപ്പിക്കാറ്. എന്നാല്‍ 1919 ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി അത് കോളേജിന്റെ ആര്‍ട്‌സ് മുറിയിലാണ് നടന്നത്. കുറച്ചു ഗായകസംഘങ്ങള്‍ പാടിക്കഴിഞ്ഞപ്പോള്‍ ടാഗോറും തന്റെയൊരു പാട്ടു പാടാമെന്നു പറഞ്ഞു

കസിന്‍സിന്റെ വാക്കുകളില്‍ ‘ഇത്രയും വലിയൊരു മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കാത്ത തരം മൃദുവായ ശബ്ദത്തില്‍, ഭൂമിശാസ്ത്രത്തിന്റെ ഒരു മാതൃക നല്‍കുന്നതുപോലെ കുറേ രാജ്യങ്ങളുടെ പട്ടികയും, കുന്നുകളെക്കുറിച്ചും, നദികളെക്കുറിച്ചും പാടുകയുണ്ടായി, തുടര്‍ന്ന് രണ്ടാമത്തെ കവിതയില്‍ ഇന്ത്യയിലെ മതങ്ങളെക്കുറിച്ചു പാടുകയുണ്ടായി. ആദ്യത്തെ കവിതയില്‍ ഉണ്ടായിരുന്ന ആവര്‍ത്തിച്ചുവന്ന വരികള്‍ ഞങ്ങളെയും ആ കവിതയോടൊപ്പം ചേരാന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ അദ്ദേഹത്തോട് ആ ഭാഗം പിന്നെയും ആവശ്യപ്പെടുകയും, അധികം താമസിക്കാതെ തന്നെ ഞങ്ങളത് ആവേശത്തോടെ ഏറ്റുപാടുകയും ചെയ്തു: ‘ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ഹേ’ (വിജയം, വിജയം വിജയം നിനക്ക്). ‘ ആ മധുരസംഗീതത്തിന് കൃത്യമായതും സ്ഥിരമായതുമായ രേഖ ഉണ്ടാക്കാനായി അടുത്ത ദിവസം ജന ഗണയുടെ സ്വരങ്ങള്‍ രബീന്ദ്രനാഥ് എന്റെ പത്നിക്ക് നല്‍കുകയുണ്ടായി’ അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

പരിശീലനം നേടിയ സംഗീതജ്ഞയായ മാര്‍ഗരറ്റ് കസിന്‍സ് അടുത്ത ദിവസ0 അതിന് ഈണം നല്‍കി. ടാഗോര്‍ ആ ഗാനത്തിന്റെ ബംഗാളി ഭാഷയിലെ ഓരോ വരികളിലൂടെയും പിന്നെയും കടന്നുപോയി, അതിന്റെ ഇംഗ്ലീഷ് വാക്കുകള്‍ അനുയോജ്യമാണോയെന്ന് പരിശോധിച്ചു. 1919 ഫെബ്രുവരി മാസം ഇരുപത്തിയെട്ടാം തീയതി അദ്ദേഹം ആ പാട്ടിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തന്റെ കൈപ്പടയില്‍ തന്നെ ‘ഇന്ത്യയുടെ പുലര്‍കാല ഗീതം’ എന്ന പേരില്‍ എഴുതുകയുണ്ടായി. കുട്ടികളുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ ബെസെന്റ് ഹാളില്‍ വെച്ച് മാര്‍ഗരറ്റ് ആ ഗാനം അവതരിപ്പിക്കുകയുണ്ടായി.

കോളേജ് വായനശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ടാഗോറിന്റെ കൈപ്പടയില്‍ എഴുതിയ വിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ രേഖയുടെ തനിപ്പകര്‍പ്പല്ലാതെ, ഇന്ന് ആ സംഭവത്തിന്റെ ഒരു രേഖയു0 നിലനില്‍ക്കുന്നില്ല. ഒരു നൂറ്റാണ്ട് മുന്‍പ് ആദ്യമായി ആ ഗാനം അവതരിപ്പിക്കപ്പെട്ട 204 എന്ന ചരിത്രപരമായ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫലകമാണ് ആകെ ഓര്‍മയായി ബാക്കിയുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook