മനുഷ്യരല്ല, ഇനി ഇവിടെ ഭക്ഷണം വിളമ്പുന്നത് റോബോർട്ടുകളായിരിക്കും. പറയുന്നത് ജപ്പാനിലേയോ ചൈനയിലേയോ കാര്യമല്ല, നമ്മുടെ കേരളത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് ആരംഭിച്ച പുതിയ ഹോട്ടൽ ‘ബീ അറ്റ് കിവിസോ’യെ കുറിച്ചാണ്. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ ഹോട്ടൽ കൂടിയാണിത്. നടന് മണിയന്‍പിള്ള രാജു പങ്കാളിയായ ‘ബി അറ്റ് കിവിസോ’എന്ന പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്.
ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തത് പ്രകാരം ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍, യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്പുക. ഭക്ഷണം വിളമ്പിയതിന് ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് ഇത് തിരികെ പോവുക.
അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ് റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്, ജെയിന് എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു കുഞ്ഞ് റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ഈ റോബോട്ട് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും. കൂടാതെ ഡാന്‍സും കളിക്കും.
ചൈനയിൽ നിന്നാണ് ഇവരെ എത്തിച്ചത്. നിലത്ത് പ്രത്യേകം തയ്യാറാക്കിയ മാഗ്നറ്റിക് ഷീൽഡിലൂടെ സഞ്ചരിച്ചാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണപ്രിയനായ മണിയൻപിള്ള രാജുവിനൊപ്പം കണ്ണൂരിൽ നിന്നുള്ള മറ്റ് മൂന്ന് സംരഭകരും ചേർന്നതോടെയാണ് സ്വപ്ന പദ്ധതി യാഥാർഥ്യമായത്. ആഹാരം കഴിക്കുക എന്നാൽ വിശപ്പടക്കൽ മാത്രമല്ല, അതൊരു അനുഭവം കൂടിയാണ് എന്നാണ് ഇവർ പറയുന്നത്.
നൂറോളംപേർക്ക് ഭക്ഷണംകഴിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കണ്ണൂരിലാദ്യമായി മൊ ബൈല്‍ ആപ്പുവഴി ഭക്ഷണവിതരണം തുടങ്ങിയത് കിവിസോ ആണെന്ന് ഇവർ പറയുന്നു. മണിയൻപിള്ള രാജുവിനെ കൂടാതെ സി.വി. നിസാമുദീൻ, ഭാര്യ സജ്മ നിസാം, എം.കെ. വിനീത് എന്നിവരാണ് ഈ സംരംഭത്തിനു പിന്നിൽ.