scorecardresearch
Latest News

ആദ്യ ചുംബനത്തിന് പഴക്കം 4500 വർഷം; സംഭവിച്ചതിങ്ങനെ

ആരാണ് ചുംബിക്കുക എന്ന ആശയം ആദ്യം കൊണ്ടുവന്നത്? എപ്പോഴാണ് ആദ്യ ചുംബനം സംഭവിച്ചത്? ‘ചുംബനവഴി’കളെ കുറിച്ച് കൂടുതലറിയാം

kissing, history of kissing, love hormone, oxytocin, Middle East, earliest documentation
ചിത്രീകരണം: വിഷ്ണു റാം

സ്നേഹത്തിന്റെ പ്രപഞ്ച ഭാഷയായിട്ടാണ് ചുംബനത്തെ കണക്കാക്കുന്നത്. ഒരു വൃക്തിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള എളുപ്പ മാർഗമായി അതിനെ കാണുന്നു. ഷേക്‌സ്പിയർ മുതൽ പല എഴുത്തുകാരും ചുംബനത്തെ വളരെ തീവ്രമായി എഴുത്തുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.

ചുംബിക്കുമ്പോൾ ശരീരത്തിൽ ‘ലവ് ഹോർമോൺ’എന്നറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ ഉൽപാദിക്കപ്പെടുന്നു. എന്നാൽ ചുംബനം എന്ന ആശയം എവിടെനിന്നാണ് വന്നത്. ആരാണ് ചുംബിക്കുക എന്ന ആശയം കൊണ്ടുവന്നത്? എപ്പോഴാണ് അത് ആദ്യമായി സംഭവിച്ചത് എന്നതിനെക്കുറിച്ചറിയാമോ?

ഈ രണ്ട് ചോദ്യങ്ങൾക്കും പല കാരണങ്ങളാൽ ഉത്തരം നൽകാൻ ബുദ്ധിമുട്ടായിരിക്കാം. ചുംബിക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമല്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. മനുഷ്യചരിത്രത്തിലെ ചുംബനത്തിന്റെ ആദ്യകാല രേഖകൾ ഏതൊക്കെയാണെന്ന് ചോദിക്കുന്നതാണ് കുറച്ചുകൂടി എളുപ്പം.

ആദ്യ ചുംബനം നടന്നത് 4,500 വർഷങ്ങൾക്ക് മുൻപാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഡോ.ട്രോയല്‍സ് പാങ്ക് അബ്രോള്‍, ഡോ. സോഫി ലൻഡ് റസ്മുസെന്‍ എന്നിവര്‍ ചേര്‍ന്ന് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ചുംബനം ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്ധ്യേഷ്യയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നെന്ന് ഇരുവരും അവകാശപ്പെടുന്നു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ആണ് ഡോ. സോഫി ലൻഡ് റസ്മുസെന്‍, കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെല്ലോയാണ് ഡോ.ട്രോയല്‍സ് പാങ്ക് അബ്രോള്‍.

ഗവേഷകരും ചരിത്രകാരന്മാരും ചുംബനത്തെ രണ്ട് വിഭാഗങ്ങളായി വേർതിരിക്കുന്നു: സൗഹൃദപരം-രക്ഷിതാക്കൾ, റൊമാന്റിക്-ലൈംഗികം. ആദ്യത്തേത് കാലത്തിനും ഭൂമിശാസ്ത്രത്തിനും അപ്പുറത്തുള്ള മനുഷ്യ സമൂഹങ്ങൾക്കിടയിൽ പൊതുവായി കാണപ്പെടുന്നു. എന്നാൽ പ്രണയ-ലൈംഗിക ചുംബനം സാർവത്രികമാണെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് അമേരിക്കൻ ആന്ത്രോപോളജിസ്റ്റ് ജേണലിൽ 2015-ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.

കൗതുകകരമെന്നു പറയട്ടെ, വർഗ്ഗമോ ജാതിയോ പോലുള്ള ഒരു ഔപചാരിക ശ്രേണിക്ക് ചുറ്റും ഭാഗികമായെങ്കിലും ക്രമീകരിച്ചിരിക്കുന്ന സമൂഹങ്ങളിൽ റൊമാന്റിക്-ലൈംഗിക ചുംബനങ്ങൾ കൂടുതൽ പ്രബലമാണ്. ഉമിനീരിലോ ശ്വാസത്തിലോ ആശയവിനിമയം നടത്തുന്ന രാസ സൂചകങ്ങളെ അടിസ്ഥാനമാക്കി ഒരു ഇണ എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ചുംബനം തുടക്കത്തിൽ വികസിപ്പിച്ചതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ രാസ സൂചകങ്ങൾ ‘ദമ്പതികൾ’ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വർധിപ്പിക്കുകയും ലൈംഗിക ഉത്തേജനം സുഗമമാക്കുകയും ചെയ്യും.

ഇടയ്ക്കിടെയുള്ള ചുംബനങ്ങളിൽ മുഴുകുന്നത് മനുഷ്യൻ മാത്രമല്ല. ബോണോബോസും പ്രണയ-ലൈംഗിക ചുംബനത്തിൽ ഏർപ്പെടുന്നു. കൂടാതെ ചിമ്പാൻസികളും സാമൂഹിക ബന്ധങ്ങൾ നിയന്ത്രിക്കാൻ പ്ലാറ്റോണിക് ചുംബനങ്ങൾ നൽകാറുണ്ട്. ഈ രണ്ട് ഇനങ്ങളും മനുഷ്യരോട് ഏറ്റവും അടുത്ത ബന്ധമുള്ളവരാണ്. നമ്മുടെ പൂർവ്വികരിൽ ചുംബനമെന്ന രീതി എങ്ങനെ പരിണമിച്ചുവെന്നതിന് അതൊരു സൂചന നൽകുന്നു.

kissing, history of kissing, love hormone, oxytocin, Middle East, earliest documentation
ചിത്രീകരണം: വിഷ്ണു റാം

“ഇന്നത്തെ ഇറാഖിലെയും സിറിയയിലെയും യൂഫ്രട്ടീസിനും ടൈഗ്രിസിനും ഇടയിൽ നിലനിന്നിരുന്ന ആദ്യകാല മനുഷ്യ സംസ്കാരങ്ങളുടെ പേരായ പുരാതന മെസൊപ്പൊട്ടേമിയയിൽ, ആളുകൾ കളിമൺ ഫലകങ്ങളിൽ ക്യൂണിഫോം ലിപിയിൽ എഴുതിയിരുന്നു.

ഇത്തരത്തിലുള്ള ആയിരക്കണക്കിന് കളിമൺ ഫലകങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ചുംബനം സൗഹൃദങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആത്മബന്ധത്തിന്‍റെ ഭാഗമാകുമെന്നതുപോലെ, പുരാതന കാലത്തും ചുംബനം പ്രണയബന്ധത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു എന്നതിന്‍റെ വ്യക്തമായ ഉദാഹരണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നുവെന്ന് പുരാതന മെസൊപ്പൊട്ടേമിയയിലെ വൈദ്യശാസ്ത്ര ചരിത്രത്തിൽ വിദഗ്ദനായ ഡോ.ട്രോയല്‍സ് പാങ്ക് അബ്രോള്‍ പറഞ്ഞു.

ചുംബനം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഉത്ഭവിക്കുകയും പിന്നീട് വ്യാപിക്കുകയും ചെയ്ത ഒന്നല്ല. മറിച്ച് നിരവധി സഹസ്രാബ്ദങ്ങളിലായി ഒന്നിലധികം പുരാതന സംസ്കാരങ്ങളില്‍ പ്രചാരത്തിലുള്ള ഒരു രീതിയായിരുന്നു അതെന്നും അബ്രോള്‍ വിശദീകരിച്ചു. മെസൊപ്പൊട്ടേമിയൻ ശിലാഫലകങ്ങളിൽ നിന്നുള്ള തെളിവുകളിൽ മറ്റ് ജീവിവർഗങ്ങളും ഇത് പരിശീലിക്കുന്നുവെന്നും ചുംബനം മനുഷ്യരിലെ ഒരു അടിസ്ഥാന സ്വഭാവമാണെന്ന വസ്തുതയും മനസ്സിലാക്കാൻ സാധിക്കുന്നു.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: Worlds oldest recorded kiss might have happened 4500 years ago