വാഷിങ്ടണ്‍: രസകരവും ആകാംക്ഷാപൂര്‍വവുമായ ഒരു കേസിന്റെ പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കക്കാര്‍. മിഷിഗണ്‍ അപ്പീല്‍ കോടതിയാണ് കേസ് പരിഗണിച്ചത്. ഒരു വിവാഹമോചന കേസാണ് അമേരിക്കയില്‍ ഇത്രമാത്രം ചര്‍ച്ചാ വിഷയമായത്. വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് റിച്ച് എന്ന യുവാവിന് വമ്പന്‍ ജാക്പോട്ട് അടിക്കുന്നത്. അതും 80 മില്യണ്‍ ഡോളറിന്റെ ജാക്പോട്ട്. അതായത് ഏകദേശം 556 കോടി രൂപ. യുവാവിന് ജാക്പോട്ട് അടിച്ചത് അറിഞ്ഞയുടനെ വിവാഹമോചനം കാത്തിരുന്ന യുവതി കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും ജാക്പോട്ട് തുകയുടെ പകുതി ലഭിക്കണം എന്നാണ് യുവതി കോടതിയില്‍ അറിയിച്ചത്.

ചൂതാട്ടക്കാരനായിരുന്ന ഭര്‍ത്താവ് ചൂതാട്ടം നടത്തി ഉണ്ടായ നഷ്ടങ്ങള്‍ ബന്ധത്തിലിരിക്കെ താനും പങ്കുവെച്ചതാണെന്നും അതുകൊണ്ട് ഇപ്പോഴുളള ജാക്പോട്ട് ലാഭത്തിന്റെ പകുതി തനിക്കും ലഭിക്കണമെന്നാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹമോചന കേസ് നടക്കുന്നതിനാല്‍ ജാക്പോട്ട് അടിച്ചതിന്റെ തുക തന്റെ മാത്രമാണെന്ന് യുവാവിന് വേണ്ടി ഹാജരായ അറ്റോണി കോടതിയില്‍ വാദിച്ചു.

‘റിച്ച് ഭാഗ്യവാനായിരുന്നു. അത്കൊണ്ട് ആ പണത്തിന്റെ അവകാശം അദ്ദേഹത്തിന് മാത്രമാണ്. അത് മേരിയുടെ ഭാഗ്യം കൊണ്ട് ലഭിച്ചതല്ല,’ അറ്റോണിയായ സ്കോട്ട് ബസറ്റ് കോടതിയില്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷം 2011ലാണ് ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ 2018 വരെ വിവാഹമോചന കേസില്‍ തീരുമാനം ആയിരുന്നില്ല. 2013ലാണ് റിച്ചിന് ജാക്പോട്ട് അടിക്കുന്നത്.
നികുതിയും മറ്റും കഴിഞ്ഞാല്‍ 38,873,628 ഡോളറാണ് റിച്ചിന് ലഭിക്കുക. അതായത് ഏകദേശം 270 കോടി രൂപ.

Read More: 12 കോടി അടിച്ച അബുദാബി മലയാളി കൊച്ചിയിലുണ്ട്! സമ്മാനത്തുക പാക്കിസ്ഥാന്‍ പൗരന് വീതിച്ച് കൊടുക്കുമെന്ന് മാത്യു

ജാക്പോട്ട് അടിച്ചതിന് ശേഷം റിച്ച് തന്റെ കുട്ടികളുടെ ചെലവോ മറ്റോ നല്‍കിയില്ലെന്ന് കോടതി കണ്ടെത്തി. കൂടാതെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യും മുമ്പ് റിച്ചിന്റെ വരുമാനത്തേക്കാള്‍ മൂന്ന് മടങ്ങ് വരുമാനം മേരി തന്റെ ജോലിയിലൂടെ നേടിയിരുന്നു. അന്ന് ഒരു ടിഷര്‍ട്ട് കടയായിരുന്നു റിച്ച് നടത്തിയിരുന്നത്. തനിക്ക് ജാക്പോട്ട് അടിച്ചെന്ന് ഒരു മാസം കഴിഞ്ഞാണ് റിച്ച് അറിഞ്ഞത്. മെഗാ മില്യണ്‍സ് വെബ്സൈറ്റില്‍ വിജയിയുടെ പ്രൊഫൈല്‍ നേരത്തേ പ്രസിദ്ധീകരിച്ചെങ്കിലും അദ്ദേഹം ടിക്കറ്റുമായി ടൂറിലായിരുന്നു.

വിവാഹത്തിന് മുമ്പ് നഷ്ടങ്ങള്‍ രണ്ട് പേരും പങ്കുവെച്ചത് കൊണ്ട് ത്നനെ കേസ് നടക്കുന്ന കാലയളവിലെ ലാഭങ്ങളും പങ്കുവെക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ അപ്പീല്‍ കോടതിയുടെ തീരുമാനത്തിനെതിരെ മിഷിഗണ്‍ സുപ്രിംകോചതിയെ സമീപിക്കുമെന്നാണ് റിച്ച് വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook