scorecardresearch

നിങ്ങളുടെ പങ്കാളിക്ക് സെക്സില്‍ താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക താൽപ്പര്യം കുറയുന്ന അവസ്ഥയ്ക്ക് വ്യത്യസ്തമായ കാരണങ്ങളാണുള്ളത്

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക താൽപ്പര്യം കുറയുന്ന അവസ്ഥയ്ക്ക് വ്യത്യസ്തമായ കാരണങ്ങളാണുള്ളത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Loss of libido | low libido | low sex drive | low sex drive in women | low sex drive in Men

സെക്സിനോടു താൽപ്പര്യമില്ലായ്മയും കാരണങ്ങളും

സ്ത്രീകളിലും പുരുഷന്മാരിലുമൊക്കെ ചില സമയങ്ങളിൽ ലൈംഗികതയിൽ താൽപ്പര്യം നഷ്ടപ്പെടുന്ന അവസ്ഥ (Low Libido | Low Sex Drive) ഉണ്ടാവാറുണ്ട്. കാലാകാലങ്ങളിൽ പങ്കാളികൾക്കിടയിലെ ലൈംഗിക താൽപ്പര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സ്വാഭാവികമാണ്. പങ്കാളികൾക്കിടയിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളുമൊക്കെ ലൈംഗികതയിൽ താൽപ്പര്യം കുറയാൻ കാരണമാവാറുണ്ട്. എന്നാൽ ഈ താൽപ്പര്യക്കുറവ് ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുകയാണെങ്കിൽ അതിനു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

Advertisment

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക താൽപ്പര്യം കുറയുന്ന അവസ്ഥയ്ക്ക് വ്യത്യസ്തമായ കാരണങ്ങൾ കണ്ടെത്താം. പൊതുവിൽ കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ, ഹോർമോൺ അസന്തുലിതാവസ്ഥ, ഉറക്കക്കുറവ്, വിഷാദം അല്ലെങ്കിൽ സമ്മർദ്ദം, ലഹരിവസ്തുക്കളുടെ ഉപയോഗം, വിട്ടുമാറാത്ത രോഗങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ലിബിഡോ കുറയ്ക്കുന്നതിന് കാരണമാകും.

മാനസികമായ കാരണങ്ങൾ

സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിങ്ങനെ മനഃശാസ്ത്രപരമായ ഘടകങ്ങളും ലിബിഡോയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് ലൈംഗികാഭിലാഷത്തിൽ വലിയ പങ്കുണ്ട്. ജീവിതശൈലിയിലെ അപാകതകളും ലൈംഗിക താൽപ്പര്യം കുറയാൻ കാരണമാവും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, അമിതമായ മദ്യപാനം, പുകവലി എന്നിവയും ലൈംഗികാഭിലാഷത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

പങ്കാളികൾക്കിടയിലെ പൊരുത്തക്കേടുകൾ, ആശയവിനിമയ പ്രശ്നങ്ങൾ, പരിഹരിക്കപ്പെടാത്ത സംഘർഷങ്ങൾ, വൈകാരികമായി അടുപ്പം കുറയുന്നത് ഇതൊക്കെ ലൈംഗിക താൽപ്പര്യത്തെ ബാധിക്കും. വിഷാദം പോലുള്ള അവസ്ഥയാണ് മറ്റൊന്ന്. വിഷാദരോഗമുള്ള ആളുകൾക്ക് സെക്‌സ് ഉൾപ്പെടെയുള്ള സന്തോഷകരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവോ അല്ലെങ്കിൽ ഒട്ടും താൽപ്പര്യമില്ലാത്ത അവസ്ഥയോ അനുഭവപ്പെടാം.

Advertisment

ജീവിതത്തിൽ സംഭവിക്കുന്ന ആഘാതങ്ങളോ ഷോക്കിംഗ് ആയ അനുഭവങ്ങളോ ഒക്കെ ചിലരുടെ ലൈംഗിക താൽപ്പര്യങ്ങളെയും ബാധിക്കാറുണ്ട്. വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണം, സാമ്പത്തിക ആശങ്കകൾ, തിരക്കേറിയ ജോലി അന്തരീക്ഷം എന്നിവയൊക്കെ കാരണമാവാം. ഉറക്ക പ്രശ്നങ്ങൾ ഉള്ളവരിലും ലൈംഗിക താൽപ്പര്യം കുറയുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ, ശ്വസന വ്യായാമങ്ങൾ, ധ്യാനം, ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കൽ എന്നിവ സഹായിച്ചേക്കാം.

ഹോർമോൺ വ്യതിയാനങ്ങൾ

പുരുഷന്മാരിൽ ലിബിഡോ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ആണ്. പുരുഷന്മാരിൽ, കൂടുതലും വൃഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന, പ്രധാനപ്പെട്ട ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷന്മാരുടെ വർധിച്ച പേശിബലത്തിന് പിന്നിൽ ഈ ഹോർമോണാണ് ഉള്ളത്. ശരീരത്തിലെ രോമവളർച്ച, ശബ്ദം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്. ബീജ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതും ടെസ്റ്റോസ്റ്റിറോൺ ആണ്. ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം, രതിമൂർച്ഛ എന്നിവയ്ക്ക് ഈ ഹോർമോൺ അത്യാവശ്യമാണ്. പുരുഷന്മാരിൽ നല്ല മാനസികാവസ്ഥ, ഊർജസ്വലത എന്നിവ ഉണ്ടാക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ട്.

പ്രായം കൂടുന്നതിനു അനുസരിച്ച് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് സാധാരണമാണ്. എന്നാൽ, ഇത് എല്ലാവരിലും ഒരുപോലെ ആയിരിക്കണമെന്നില്ല. ജീവിതശൈലി രോഗങ്ങൾ, വ്യായാമക്കുറവ്, അമിത ശരീരഭാരം എന്നിവയും ഈ ഹോർമോൺ ഉത്പാദനം കുറയാൻ കാരണമാവാറുണ്ട്. നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുമ്പോൾ, ലൈംഗികതയോടുള്ള നിങ്ങളുടെ ആഗ്രഹവും കുറയുന്നു. ഈ അവസ്ഥ നിങ്ങളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ ഡോക്ടറെ കാണുക. ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള സപ്ലിമെന്റുകളും മറ്റു മരുന്നുകളുമൊക്കെ ഡോക്ടർ നിർദ്ദേശിക്കും.

സ്ത്രീകളിൽ ആർത്തവവിരാമവും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഒരു പ്രധാന കാരണം. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഹോർമോൺ നിലയിലെ മാറ്റങ്ങൾ കാരണം ലൈംഗിക താൽപ്പര്യം കുറയുന്നു.

മരുന്നുകളുടെ പാർശ്വഫലം

ആന്റീഡിപ്രസന്റുകൾ, ഗർഭനിരോധന ഗുളികകൾ തുടങ്ങിയവയുടെ പാർശ്വഫലമെന്ന രീതിയിലും ലൈംഗികാഭിലാഷം കുറയാം. ക്യാൻസറിനുള്ള കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ ചികിത്സകൾ, പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഹോർമോണുകൾ,
കോർട്ടികോസ്റ്റീറോയിഡുകൾ, മോർഫിൻ, ഓക്സികോഡോൺ തുടങ്ങിയ വേദനസംഹാരികൾ, കെറ്റോകോണസോൾ എന്ന ഒരു ആന്റിഫംഗൽ മരുന്ന്, പേശിബലം വർധിക്കാൻ അത്‌ലറ്റുകൾ ഉപയോഗിക്കുന്ന ചില സ്റ്റിറോയിഡ് മരുന്നുകൾ എന്നിവരും കുറഞ്ഞ ലിബിഡോയ്ക്ക് കാരണമാവാറുണ്ട്.

വിട്ടുമാറാത്ത രോഗങ്ങൾ

വിട്ടുമാറാത്ത വേദന സമ്മാനിക്കുന്ന ആരോഗ്യ അവസ്ഥകളും ലൈംഗിക താൽപ്പര്യങ്ങളിലുള്ള മുൻഗണന കുറയ്ക്കും. ക്യാൻസർ പോലുള്ള ചില രോഗങ്ങൾ ബീജ ഉൽപാദനം കുറയ്ക്കാൻ കാരണമാവും. അതുപോലെ, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയം, വൃക്ക, കരൾ എന്നിവയുമായി ബന്ധപ്പെട്ട അവസ്ഥ… ഇത്തരം സാഹചര്യങ്ങളിലും ലിബിഡോ കുറയും. പങ്കാളികളുമായി ഇത്തരം അവസ്ഥകൾ തുറന്നു സംസാരിക്കുകയും ആവശ്യമെങ്കിൽ സെക്‌സ് തെറാപ്പിസ്റ്റിനെ കാണുകയും ചെയ്യുക.

ആത്മവിശ്വാസക്കുറവ്

കുറഞ്ഞ ആത്മാഭിമാനം, കുറഞ്ഞ ആത്മവിശ്വാസം, മോശം ശരീര പ്രതിച്ഛായ എന്നിവയും വ്യക്തികളുടെ വൈകാരിക ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. നിങ്ങൾ അനാകർഷകനോ അനഭിലഷണീയനോ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അത് ലൈംഗിക ബന്ധങ്ങളെ തടസ്സപ്പെടുത്തും. കണ്ണാടിയിൽ നിങ്ങളുടെ പ്രതിബിംബം കാണുന്നത് പോലും ഇഷ്ടപ്പെടാത്തത് സെക്‌സിൽ ഏർപ്പെടാതിരിക്കാൻ പോലും ചിലപ്പോൾ നിങ്ങളെ പ്രേരിപ്പിക്കും.

മദ്യവും മയക്കുമരുന്നും

മദ്യാസക്തിയും ലൈംഗിക താൽപ്പര്യം കുറയ്ക്കും. നീണ്ട കാലയളവിൽ, അമിതമായ അളവിൽ നിങ്ങൾ മദ്യം കഴിക്കുകയാണെങ്കിൽ നിങ്ങളുടെ സെക്‌സ് ഡ്രൈവ് കുറയും. മാത്രമല്ല, ആരോഗ്യവും വഷളാവും. അതുപോലെ പുകയില, കഞ്ചാവ്, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗവും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിലെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലൈംഗികാഭിലാഷത്തിന്റെ അഭാവത്തിന് കാരണമാകും. ബീജ ഉൽപാദനത്തിൽ പുകവലി പ്രതികൂലമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചികിത്സ

ലൈംഗികതയിൽ താൽപ്പര്യമില്ലാത്ത അവസ്ഥ നിങ്ങളെ ആശങ്കപ്പെടുത്തുന്നുവെങ്കിൽ, ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശം തേടുക. കുറഞ്ഞ ലിബിഡോയുടെ അടിസ്ഥാന കാരണം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വ്യക്തികൾക്ക് അനുസരിച്ച് കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം. ഓരോ വ്യക്തികളുടെയും കാരണങ്ങൾ കണ്ടെത്തി അതിനെ അടിസ്ഥാനമാക്കി വേണം ചികിത്സാ ഓപ്ഷനുകൾ തീരുമാനിക്കാൻ. ഹെൽത്ത് കെയർ പ്രൊഫഷണൽ, തെറാപ്പിസ്റ്റ് എന്നിവർക്ക് നിങ്ങൾക്ക് അനുയോജ്യമായ ചികിത്സാ പദ്ധതി വികസിപ്പിക്കാനും നിർദ്ദേശിക്കാനും സാധിക്കും.

ജീവിതരീതിയിലും ഭക്ഷണശീലത്തിലുമൊക്കെ മാറ്റം വരുത്തി നിങ്ങൾക്ക് സ്വയം ലിബിഡോ വർദ്ധിപ്പിക്കാനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, മതിയായ ഉറക്കം ലഭ്യമാക്കുക, സ്ട്രെസ് മാനേജ്മെന്റ് പരിശീലിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം പിൻതുടരുക എന്നതൊക്കെ പോസിറ്റീവായ ഫലം ചെയ്യും. പങ്കാളിയുമായുള്ള തുറന്ന ആശയവിനിമയവും ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതും ലൈംഗികാഭിലാഷവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Sex Relationship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: