എന്നാണ് നിങ്ങൾ അവസാനമായി അമ്മയെയോ അച്‌ഛനെയോ ഒന്നു കെട്ടിപിടിച്ചത് ? എന്നാണ് നിങ്ങൾ അവസാനം അമ്മയ്‌ക്കോ അച്‌ഛനോ ഒരു ഉമ്മ കൊടുത്തത് ? എന്നാണ് അവരോടൊപ്പം ഒന്ന് തമാശ പറഞ്ഞോ സംസാരിച്ചോ കൂടുതൽ സമയം ചെലവഴിച്ചത് ? അല്ലെങ്കിൽ അവരെയും കൊണ്ട് ഒന്നു കറങ്ങാൻ പോയിട്ട് എത്ര നാളായി ? ഇതിന്റെയെല്ലാം ഉത്തരം ഓർമയില്ല എന്നാണെങ്കിൽ നിങ്ങൾക്ക് പശ്ചാത്തപിക്കാൻ സമയമായെന്നർത്ഥം. കാരണം, എത്രത്തോളം നിങ്ങൾ മാതാപിതാക്കളോടൊത്ത് സമയം ചെലവഴിക്കുന്നോ അത്രയും അവരുടെ ആയുസ്സ് വർധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

വാർധക്യ കാലത്ത് മക്കളുടെ സാമിപ്യം എല്ലാ മാതാപിക്കളും ആഗ്രഹിക്കും. പക്ഷേ പലപ്പോഴും തിരക്കു നിറഞ്ഞ ജീവിതത്തിൽ അച്‌ഛനും അമ്മയ്‌ക്കും വേണ്ടി സമയം മാറ്റി വയ്‌ക്കാൻ മക്കൾ തയാറാവാറില്ല. പ്രായം കൂടുംതോറും ഉണ്ടാകുന്ന ഏകാന്തതയും ഒറ്റപ്പെടലും മാതാപിതാക്കളെ നാലു ചുമരുകൾക്കുളളിൽ ഒതുക്കുന്നു. എന്നാൽ അവർക്കു വേണ്ടി ദിവസത്തിൽ കുറച്ചു സമയം ചെലവഴിച്ചാൽ, അതവർക്കു നൽകുക നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭൂതിയായിരിക്കും.

അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്. ഏകദേശം 71 വയസ്സു വരുന്ന 1600 പേരിൽ നടത്തിയ പഠനത്തിൽ മറ്റ് സാമ്പത്തിക, സാമൂഹ്യ പ്രശ്‌നങ്ങൾ ഒഴിച്ചു നിർത്തിയാൽ സ്‌നേഹിക്കുന്നവരുടെ സാമിപ്യമില്ലാത്തവരുടെ മരണ നിരക്ക് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഗവേഷണം തുടങ്ങി ആറു വർഷത്തിനുളളിൽ 23% ഒറ്റപ്പെട്ട് താമസിക്കുന്നവരാണ് മരിച്ചത്.

ജീവിതത്തിൽ നമുക്ക് താങ്ങും തണലുമായി നിന്നവർക്ക് അവരുടെ വാർധക്യ കാലത്ത് ഒരു പുഞ്ചിരിയെങ്കിലും തിരികെ നൽകാനായാൽ, കുറച്ചു സമയം അവർക്കായി നീക്കിവച്ചാൽ, അവർ നമുക്കൊപ്പം കുറച്ചുനാൾ കൂടി ഉണ്ടായേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook