scorecardresearch
Latest News

റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോവണോ; ഇക്കാര്യം ശീലമാക്കൂ എന്ന് ദീപിക

റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള ചില ഉപദേശങ്ങൾ നൽകുകയാണ് ദീപിക

Deepika Padukone marriage advice, Relationship wisdom from Deepika Padukone
ദീപികയും രൺവീറും

സിനിമകൾക്ക് ഒപ്പം തന്നെ അന്താരാഷ്ട്ര വേദികളിലും ഫാഷൻ – ചലച്ചിത്രമേളകളിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ള ഇന്റർനാഷണൽ താരമാണ് ദീപിക പദുകോൺ. 2018ലാണ് ബോളിവുഡ് താരം രൺവീർ സിങ്ങിനെ ദീപിക വിവാഹം ചെയ്തത്. ബോളിവുഡിലെ പവർ കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള ചില ഉപദേശങ്ങൾ നൽകുകയാണ് ദീപിക ഇപ്പോൾ.

ഓരോ ബന്ധവും വ്യത്യസ്തവും അതുല്യവുമാണെന്നും അതിനാൽ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നുമാണ് ദീപിക പറയുന്നത്. പ്രണയബന്ധങ്ങളുടെ കാര്യത്തിൽ മുൻ തലമുറയിൽ നിന്ന് നിലവിലെ തലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന നിരവധി ഗുണങ്ങളുണ്ടെന്നും ദീപിക ചൂണ്ടിക്കാട്ടി, അതിൽ ഏറ്റവും മികച്ചത് ‘ക്ഷമ’യാണെന്നും താരം പറയുന്നു.

ranveer singh, deepika Padukone, ranveer singh new apartment bandra
രൺവീറിനൊപ്പം ദീപിക

“നമ്മൾ എല്ലാവരും സിനിമകളാൽ സ്വാധീനിക്കപ്പെട്ടാണ് വളരുന്നത്. നമുക്ക് ചുറ്റുമുള്ള ബന്ധങ്ങളും നമ്മൾ കാണുന്ന വിവാഹബന്ധങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ, പങ്കാളികൾ എന്ന രീതിയിൽ നമ്മൾ കടന്നുപോകുന്ന യാത്ര മറ്റൊരാളുടെ യാത്രയിൽ നിന്ന് വളരെ വ്യത്യസ്തമാകുമെന്ന് എത്ര പെട്ടെന്ന് നിങ്ങൾ അംഗീകരിക്കുന്നുവോ അത്രയും നല്ലത്,” ദീപിക പറഞ്ഞു.

പ്രണയബന്ധങ്ങളിലെ സുപ്രധാന ഗുണമാണ് ക്ഷമയെന്നും ദീപിക വാഴ്ത്തുന്നു. “എന്റെ മാതാപിതാക്കളുടെ മാത്രമല്ല, മുഴുവൻ തലമുറയെയും എടുത്തു നോക്കുമ്പോൾ, ഇന്നത്തെ ദമ്പതികൾക്ക് വേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ക്ഷമയെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു പ്രണയ ഗുരുവിനെപ്പോലെ സംസാരിക്കുന്നുവല്ലേ? ക്ഷമയുടെ അഭാവമുണ്ട്. ക്ഷമ നമുക്കെല്ലാവർക്കും പഠിക്കാൻ കഴിയുന്ന കാര്യമാണ്. റിലേഷൻഷിപ്പ് മനോഹരമായി മുന്നോട്ടു പോവുന്നതിൽ ഒരുപാട് കാരണങ്ങളുണ്ട്, പക്ഷേ അതിൽ ഒന്നാമതായി വരുന്നത് ക്ഷമയാണ്.”

ദീപിക പദുക്കോണിന്റെ ഈ ഉപദേശം എത്രത്തോളം എത്രത്തോളം സഹായകരമാണ്? ഈ ചോദ്യവുമായി ചില വിദഗ്ധരോട് സംസാരിച്ചപ്പോൾ അവരിൽ നിന്നും ലഭിക്കുന്ന ഉത്തരമിങ്ങനെ. “എന്തുകൊണ്ടാണ് നിങ്ങളുടെ പ്രണയ ജീവിതത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യാനാവാത്തത്? കാരണം, ഓരോ ബന്ധത്തിലെയും പങ്കാളികൾ വ്യത്യസ്തമായ വ്യക്തിത്വവും അനുഭവങ്ങളും പെരുമാറ്റ സവിശേഷതകളും ശക്തിയും ബലഹീനതയുമുള്ളവരായിരിക്കും. അതുപോലെയാവില്ല, റിലേഷൻഷിപ്പിലായ മറ്റൊരു ദമ്പതികൾ. അതിനാൽ, മറ്റൊരാൾ അവരുടെ ബന്ധത്തിൽ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ റിലേഷൻഷിപ്പിൽ ഗുണകരമാവണമെന്നില്ല.”

“ഓരോ വ്യക്തിയും യുണീക് ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോരുത്തരും സവിശേഷമായ ഗുണങ്ങളും സ്വഭാവങ്ങളും സവിശേഷതകളുമെല്ലാം കാണിക്കും. തൽഫലമായി, അനുഭവങ്ങളും ധാരണകളും പ്രതികരിക്കുന്ന രീതികളുമെല്ലാം വ്യത്യസ്തമായിരിക്കും, അതാണ് ഓരോ വ്യക്തിയുടെയും ജീവിതയാത്രയെ വ്യത്യസ്തമാക്കുന്നത്.” ഫോർട്ടിസ് ഹെൽത്ത് കെയർ ഡിപ്പാർട്ട്‌മെന്റ് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസസിലെ മാനസികാരോഗ്യ വിഭാഗം മേധാവി കംന ചിബ്ബർ indianexpress.com-നോട് പറഞ്ഞു.

ഒരു പ്രണയ ബന്ധത്തിൽ ക്ഷമ പരമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
“ക്ഷമയുള്ളവരായിരിക്കുക എന്നത് ബന്ധത്തെ കൂടുതൽ മനസ്സിലാക്കാനും കാഴ്ചപ്പാട് വളർത്തിയെടുക്കാനും സഹായിക്കുന്നു. പൊരുത്തക്കേടുകൾ എളുപ്പത്തിൽ പരിഹരിക്കാനും രണ്ട് ആളുകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ നന്നായി കൈകാര്യം ചെയ്യാനും ഇത് സഹായകരമാണ്.”

“ഒരു ദീർഘകാല ബന്ധത്തിന് ക്ഷമയും വിശ്വാസവും അന്തസ്സും നിലനിർത്തുക. ആശയവിനിമയം വർധിപ്പിക്കുക. പരസ്പരം കേൾക്കാൻ ശ്രമിക്കുക. അനുഭവങ്ങൾ പങ്കിടുക. ലക്ഷ്യങ്ങൾ നേടുന്നതിന് ഇരുവർക്കും പൊതുവായ മൂല്യബോധം വികസിപ്പിച്ചെടുക്കുക, പരസ്പരം ബഹുമാനിക്കുക, വിയോജിപ്പുകൾ സൗഹാർദ്ദപരമായ രീതിയിൽ കൈകാര്യം ചെയ്യുക, വ്യക്തിബന്ധത്തിനിടയിൽ കൃത്യമായ അതിർത്തികൾ സെറ്റ് ചെയ്യുക,” കംന ചിബ്ബർ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: Deepika padukone doles out relationship advice for current generation