scorecardresearch
Latest News

സെക്സ്, സൗന്ദര്യം വർധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ?

സെക്സിന്റെ സൗന്ദര്യപരമായ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം

സെക്സ്, സൗന്ദര്യം വർധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ?

ലൈംഗികത പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന പ്രക്രിയ മാത്രമല്ല, അതിനപ്പുറം ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങൾ സെക്സിനുണ്ട്. മിക്ക ആളുകളും അവരുടെ ലൈംഗിക ജീവിതവും സൗന്ദര്യപരിചരണവും തീർത്തും വ്യത്യസ്തമായ രണ്ട് കാര്യങ്ങളായാണ് കാണുന്നത്. എന്നാൽ അതങ്ങനെയല്ല, രണ്ടും പരസ്പരം കൈകോർക്കുന്നുണ്ട്. സെക്സിന്റെ സമയത്ത് സംഭവിക്കുന്ന ശാരീരിക പ്രവർത്തനങ്ങളും രതിമൂർച്ഛയിലൂടെ ഈസ്ട്രജൻ ഹോർമോണിൽ വരുന്ന വർദ്ധനവും ആരോഗ്യകരമായ ചർമ്മം, മുടി, ആന്റി ഏജിംഗ് എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ചർമ്മം, രക്തക്കുഴലുകൾ, രോമകൂപങ്ങൾ, ശരീരത്തിലെ എണ്ണഗ്രന്ഥികൾ, പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് ഈസ്ട്രജൻ അത്യാവശ്യമാണ്. രതിമൂർച്ഛ സമയത്ത് ഈസ്ട്രജൻ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഈ ഈസ്ട്രജൻ ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഗർഭിണികളിൽ മുടിവളർച്ച വേഗത്തിലാവുന്നത് കണ്ടിട്ടില്ലേ, ഇതിനു പിന്നിലും ഈസ്ട്രജൻ തന്നെയാണ് കാരണം. ഈസ്ട്രജന്റെ അളവ് വർധിക്കുന്ന സമയമാണല്ലോ ഗർഭകാലം.

സെക്‌സ് ഒരു നല്ല ശാരീരിക വ്യായാമം കൂടിയാണ്. സെക്സിൽ ഏർപ്പെടുമ്പോൾ നിങ്ങൾ ധാരാളം കലോറി എരിച്ചുകളയുന്നുണ്ട്. മാത്രമല്ല ശരീരം വിയര്‍ക്കുകയും ചര്‍ത്തിലെ സുഷിരങ്ങളില്‍ കൂടി മാലിന്യങ്ങള്‍ പുറത്തേക്ക്‌ പോവുകയും ചെയ്യും. ഇതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും. സെക്സിൽ ഏർപ്പെടുമ്പോൾ ശരീരം നൈട്രിക് ഓക്സൈഡും കൂടുതലായി പുറത്തുവിടുന്നുണ്ട്. ചർമ്മത്തിലെ മിക്കവാറും എല്ലാ കോശങ്ങൾക്കും ഈ സമയം നൈട്രിക് ഓക്‌സൈഡ് നിർമ്മിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് രക്തയോട്ടം വർധിപ്പിക്കും. സെക്‌സിന് ശേഷമുള്ള തിളക്കത്തിന്റെ (ആഫ്റ്റർ ഗ്ലോ ) രഹസ്യമിതാണ്.

സെക്‌സ് സമ്മർദ്ദം മാത്രമല്ല മുഖക്കുരുവും കുറയ്ക്കും, എങ്ങനെയെന്നല്ലേ? ആളുകൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഹൈപ്പോതലാമസ്-പിറ്റ്യൂട്ടറി-അഡ്രീനൽ (HPA) കോർട്ടികോട്രോപിൻ ഹോർമോൺ (CRH)പുറപ്പെടുവിക്കും. ഇത് എണ്ണ ഗ്രന്ഥികളുടെ ഉത്പാദനവും വളർച്ചയും വർദ്ധിപ്പിക്കുന്നു. എണ്ണ ഗ്രന്ഥിയുടെ സ്രവവും വീക്കവുമാണ് മുഖക്കുരു രൂപീകരണത്തിൽ വലിയ പങ്കു വഹക്കുന്നത്. എന്നാൽ ഒരേ താൽപ്പര്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പങ്കാളികൾക്ക് മാനസികമായ സംതൃപ്തി അനുഭവപ്പെടും. ഇത് ഒരുപരിധി വരെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. സമ്മർദ്ദം കുറയുമ്പോൾ സ്വാഭാവികമായും കോർട്ടികോട്രോപിൻ ഹോർമോണുകളുടെ ഉത്പാദനവും കുറയും. അതുവഴി മുഖക്കുരുവിനുള്ള സാധ്യതകളും ഇല്ലാതാവും. ഇതെല്ലാം പരസ്പരപൂരകമായ കാര്യങ്ങളാണ്.

മറ്റൊരു പഠനം പറയുന്നത്, സെക്‌സിനിടെ സ്തനങ്ങൾ 25 ശതമാനം വരെ വീർക്കും (Swell)എന്നാണ്. ലൈംഗിക പ്രവർത്തനത്തിനിടയിലുണ്ടാവുന്ന വർദ്ധിച്ച രക്തയോട്ടം മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്. രതിമൂർച്ഛയെത്തുടർന്ന് അവ സാധാരണ വലുപ്പത്തിലേക്ക് മടങ്ങുകയും ചെയ്യും. ഇത് സ്തനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: Beauty benefits of sex can nourish skin and hair