ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നത് ഓരോ സ്ത്രീയേയും പുരുഷനെയും സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞൊരു കാര്യമാണ്. തെറ്റായ തീരുമാനങ്ങൾ പലപ്പോഴും മുന്നോട്ടുള്ള ജീവിതത്തെ തന്നെ ബാധിച്ചേക്കാം എന്നതിനാൽ വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും വേണം ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളാൻ. വിവാഹംകഴിക്കാനായി പങ്കാളിയെ തിരയുന്നവരാണ് നിങ്ങളെങ്കിൽ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കുക. അസുഖകരമായ ഒരു ദാമ്പത്യത്തിലേക്കോ ടോക്സികായ റിലേഷന്ഷിപ്പിലേക്കോ വീണുപോകുന്നതിൽ നിന്നും ഇത് നിങ്ങളെ സഹായിക്കും.
ബാഹ്യസൗന്ദര്യമാവരുത് മാനദണ്ഡം
സുന്ദരനായ ഭർത്താവിനെയോ പങ്കാളിയെയോ എല്ലാരും ആശിച്ചുപോകും. പക്ഷെ ശരീര സൗന്ദര്യം മാത്രം കണ്ട് വീണുപോകരുത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഓർക്കുക. ഒരു ജീവിത പങ്കാളിയെ തിരയുമ്പോൾ അയാളുടെ വ്യക്തിത്വത്തെ മനസിലാക്കാൻ ശ്രമിക്കു. അയാൾ അനുയോജ്യനാണോ, അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ അറിയുമ്പോൾ തന്നെ ബാഹ്യ സൗന്ദര്യമെന്ന സൂചിക പ്രസക്തമല്ലാതാവും. ഭാവിവരൻ കാഴ്ചയിൽ സുമുഖനും പക്ഷേ വാ തുറന്നാൽ ആക്ഷേപം മാത്രം പറയുന്ന ഒരാളുമാണെങ്കിൽ തീർന്നില്ലേ കഥ? അതിനാൽ സൗന്ദര്യത്തേക്കാളും പ്രാധാന്യം വ്യക്തിത്വത്തിനു നൽകുക.
തമ്മിലുള്ള മാനസികമായ അടുപ്പം പ്രധാനം
നിങ്ങൾ ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുത്ത വ്യക്തിയുമായി ശരിയായ ആത്മബന്ധവും അടുപ്പവും സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്. സംസാരിക്കുമ്പോൾ ചിലപ്പോൾ ഭക്ഷണകാര്യത്തിലാവാം, സംഗീതമോ യാത്രകളോ കാഴ്ചകളോ അഭിരുചികളോ എന്നിങ്ങനെ നിങ്ങളെ കണക്ട് ചെയ്യാൻ സഹായിക്കുന്ന എന്തെങ്കിലും ഫാക്ടർ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നു നോക്കാം. ഭയപ്പെടാതെ തങ്ങളുടെ അഭിപ്രായം തുറന്നു പറയാൻ കഴിയുന്ന ബന്ധമാണ് ശരിക്കും ആരോഗ്യമുള്ള ബന്ധം. ആശയവിനിമയമാണ് സന്തോഷകരമായ ബന്ധത്തിന്റെ അടിസ്ഥാനം.
ഇഷ്ടങ്ങളും അനിഷ്ടങ്ങളും തൂക്കിനോക്കുക
എതിർ ദിശകൾ തമ്മിൽ ആകര്ഷിക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ശരിയായ ജീവിത പങ്കാളിയെ കണ്ടെത്തുമ്പോൾ തമ്മിൽ കണക്ട് ചെയ്യാൻ പറ്റുന്ന ഒന്നുമില്ലാതെ പോകരുത് എന്ന് ഉറപ്പ് വരുത്തുക. എന്ന് കരുതി എല്ലാ കാര്യത്തിലും ഒരേ ഇഷ്ടമായാലും പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കാം. തമ്മിൽ പൊതു താല്പര്യമുള്ള എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ ജീവിതം ഒരുമിച്ച് കൂടുതൽ ആഘോഷിക്കാൻ സാധിക്കും.
സംസാരത്തിലൂടെ കൂടുതൽ മനസ്സിലാക്കുക
വധു വിവാഹപിറ്റേന്ന് മാത്രം വരനെ കണ്ടുമുട്ടുന്ന കാലമൊക്കെ കടന്നുപോയി. വരനെ നന്നായി അറിയാനും പഠിക്കാനും സമയം ചിലവഴിക്കുക. അയാളുടെ ദൈനംദിന ശീലങ്ങൾ മുതൽ അയാളുടെ സ്വഭാവഗുണങ്ങളും ദോഷങ്ങളും വരെ സൂക്ഷ്മതയോടെ മനസിലാക്കുക. ഒരുമിച്ച് കൂടുതൽ സമയം പങ്കിടുന്നതുവഴി, അവൻ അല്ലെങ്കിൽ അവൾ നിങ്ങളോടും നിങ്ങളുടെ ചുറ്റുമുള്ളവരോടും എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാൻ സാധിക്കും. ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കാനും ആരോഗ്യകരമായ ഒരു കൂട്ടുകെട്ടിന് അടിത്തറയിടാനും ഇത് നിങ്ങളെ സഹായിക്കും.
മര്യാദയും സ്വഭാവവും വീക്ഷിക്കുക
ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവം ഒരിക്കലും മാറുന്നില്ല. അയാൾ ശാന്തനാണോ, ദേഷ്യക്കാരനാണോ, ആധിപത്യം പുലർത്തുന്നവനാണോ, വികാരാധീനനാണോ, ധീരനാണോ, ആത്മവിശ്വാസമുള്ളവനാണോ എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പരസ്പരം സംസാരിക്കുമ്പോൾ അയാളുടെ പെരുമാറ്റവും സംസാര രീതിയും മനസിലാക്കുക. ഉദാഹരണത്തിന് ഒന്നിച്ച് കഴിക്കാൻ പുറത്തു പോവുമ്പോൾ, അയാൾ നിങ്ങളുടെ താൽപ്പര്യം കൂടി പരിഗണിക്കുന്നുണ്ടോ, റെസ്റ്റോറന്റ് ജീവനക്കാരനോട് അയാൾ എങ്ങനെയാണ് പെരുമാറുന്നത്?, നിങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത്, അയാളുടെ സംസാര രീതി എന്നിവയൊക്കെ ശ്രദ്ധിക്കാം. സ്വയം ഒരു ഡിറ്റക്റ്റീവായി മാറുന്നു എന്ന തോന്നൽ വേണ്ട. ഒരൽപ്പം കരുതൽ ഗുണം ചെയ്യുകയേ ഉള്ളൂ.
നിങ്ങൾ എത്രത്തോളം നിരീക്ഷിക്കുന്നുവോ അത്രയും അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ആദ്യ മീറ്റിംഗിൽ കാണിക്കുന്ന സ്വഭാവം മാത്രം വെച്ച് ഒരാളെ വിലയിരുത്തരുത് കാരണം അപ്പോഴാണ് അവർ അവരുടെ മികച്ച പെരുമാറ്റം കാണിക്കുന്നത്. അയാളുടെ സ്വഭാവത്തിൽ സ്ഥിരതയെത്രത്തോളമുണ്ട് എന്നത് തുടർച്ചയായി നിരീക്ഷണത്തിലൂടെയെ മനസ്സിലാവൂ.
ഐ ക്യു മനസിലാക്കുക
ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അയാളുടെ ഇന്റലിജൻസാണ്. എന്ന് കരുതി അയാളുടെ അക്കാദമിക്, കരിയർ റെക്കോർഡ്സ് പരിശോധിക്കാൻ നിൽക്കേണ്ട. ഏതെങ്കിലും വിധത്തിൽ നിങ്ങളെ നിസാരക്കാരിയോ/നിസാരക്കാരനോ ആയി കാണാൻ ശ്രമിക്കുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രമിക്കുക.
ജീവിത നിലവാരത്തിലെ അന്തരം
രണ്ടു വ്യക്തികൾ മാത്രമല്ല, അവരുടെ കുടുംബങ്ങളും ഒരു വിവാഹബന്ധം വഴി കണക്റ്റ് ചെയ്യപ്പെടുന്നുണ്ട്. വിവാഹമെന്നത് ഹണിമൂൺ കാലഘട്ടത്തിലെ ഏതാനും ദിവസങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അതിനാൽ, അയാളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും നിലയെക്കുറിച്ചും അറിവുണ്ടായിരിക്കണം. നിങ്ങൾ താഴ്ന്ന വരുമാനമുള്ള കുടുംബത്തിലേക്കോ ഉയർന്ന വരുമാനമുള്ള കുടുംബത്തിലേക്കോ പോയാലും അവിടവുമായി പൊരുത്തപ്പെട്ടുവരുന്നതിൽ ഒരുപാട് വെല്ലുവിളികൾ നേരിടാം. എന്നിരുന്നാലും, വെല്ലുവിളി മറികടക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങളുടെ പങ്കാളി പിന്തുണയ്ക്കുന്നുവെങ്കിൽ തീരുമാനം നിങ്ങളുടേതായിരിക്കണം!
നിങ്ങൾക്ക് നിങ്ങളായിരിക്കാൻ കഴിയുന്ന ബന്ധം തിരഞ്ഞെടുക്കുക
പലപ്പോഴും വിവാഹബന്ധത്തിൽ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുന്ന സ്ത്രീകളെ കാണാറുണ്ട്. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നവർ. വിവാഹിതയാവുന്നു എന്നതിനർത്ഥം സ്വന്തം വ്യക്തിത്വം അടിയറവു പറയുക അല്ല. നിങ്ങളുടെ സ്വപ്നങ്ങൾക്കോ അഭിരുചികൾക്കോ ഇഷ്ടാനിഷ്ടങ്ങൾക്കോ തടസ്സമാവുന്ന ഒരു പങ്കാളി പലപ്പോഴും ടോക്സിക് ആണ്. അതിനാൽ തിരഞ്ഞെടുക്കുന്ന പങ്കാളി നിങ്ങളുടെ വ്യക്തിത്വത്തിനും ഇഷ്ടങ്ങൾക്കും വില കൽപ്പിക്കുകയും ചെയ്യുന്ന ആളാണോ എന്ന് പരിശോധിക്കുക.
ബഹുമാനം പരമപ്രധാനമാണ്
മറ്റെല്ലാ ഓപ്ഷനുകളും നിങ്ങൾക്ക് തൂക്കിനോക്കാം, എന്നാൽ ഒരു ബന്ധത്തിന് ബഹുമാനമില്ലെങ്കിൽ, അത് ഒരു മരണക്കെണി പോലെയാണ്. അത് നിങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കും. നിങ്ങളോട്, നിങ്ങളുടെ കുടുംബത്തോട്, നിങ്ങളുടെ തീരുമാനങ്ങളോട്, നിങ്ങളുടെ ആശയങ്ങളോട്, നിങ്ങളുടെ മുൻഗണനകളോടെല്ലാം അയാൾ ബഹുമാനം നൽകുന്നു എന്നത് വിവാഹത്തെ അതിജീവിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. നിങ്ങൾക്ക് ബഹുമാനം നൽകാത്ത ഒരാളോടൊപ്പവും ജീവിതം പങ്കിടാൻ ശ്രമിക്കരുത്.
തിടുക്കം വേണ്ട
വിവാഹപ്രായമായി, എന്നാൽ പെട്ടെന്ന് വിവാഹം കഴിച്ചേക്കാം എന്ന ചിന്ത വേണ്ട. പെട്ടന്നെടുക്കുന്ന തീരുമാനങ്ങൾ അപകടത്തിലേക്ക് നയിക്കാം. ‘വിവാഹപ്രായത്തിന്’ അനാവശ്യമായ ഊന്നൽ നൽകുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. മിക്കപ്പോഴും കുടുംബത്തിന്റെ സമ്മർദ്ദം കാരണം ആളുകൾ അസന്തുഷ്ടമായ ദാമ്പത്യത്തിൽ കുടുങ്ങിപ്പോകാറുണ്ട്. വിവാഹം തീരുമാനിക്കുമ്പോൾ തിടുക്കംകൂട്ടേണ്ട കാര്യമില്ല, ചിലപ്പോൾ ആ തിടുക്കം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കാരണമായേക്കും. തിടുക്കമില്ലാതെ മനസിനിണങ്ങിയ, നിങ്ങൾക്ക് വേണ്ട ബഹുമാനം തരുന്ന, ശരിയായ പങ്കാളി എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരാളെ തിരഞ്ഞെടുക്കുക.