ഏതു വേദിയിലേക്കാണെങ്കിലും നടി രേഖ കടന്നു വരുമ്പോള്‍ സദസാകമാനം അങ്ങോട്ട് തിരിയും. 69കാരിയായ താരത്തിന്‍റെ സൗന്ദര്യത്തെയും ഫാഷന്‍ സെന്‍സിനേയും അത്രകണ്ടാരാധിക്കുന്നവരാണ് പ്രേക്ഷകര്‍. അതുകൊണ്ട് തന്നെ രേഖ ധരിക്കുന്ന വേഷം ഫാഷന്‍ വൃത്തങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. കാഞ്ചീപുരം സാരിയാണ് തമിഴ്നാട് സ്വദേശിയും മുന്‍കാല നായകന്‍ ജെമിനി ഗണേശന്‍റെ മകളുമായ രേഖയുടെ ഏറ്റവും പ്രിയപ്പെട്ട വേഷം. ഇതില്‍ പല പരീക്ഷണങ്ങളും അവര്‍ നടത്താറുമുണ്ട്.
കഴിഞ്ഞയാഴ്ച ബോളിവുഡ് കണ്ട ഏറ്റവും വലിയ വിശേഷങ്ങളിലൊന്നായ സോനം കപൂറിന്‍റെ വിവാഹസത്കാരത്തിന് രേഖയെത്തിയത് എന്നാല്‍ പതിവായി കാണപ്പെടുന്ന കാഞ്ചീപുരം പട്ടു സാരിയിലല്ല. മറിച്ച് ഒരു പുതിയ വേഷത്തിലാണ്.
‘പാന്റ്-സാരി’ എന്ന് ഫാഷന്‍ ജേര്‍ണലിസ്റ്റുകള്‍ വിളിച്ച ഈ വേഷം എന്താണെന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. വെള്ളയില്‍ സ്വര്‍ണ ജെറികളുള്ള ഒരു സാരിയും, ബ്ലൗസും, അതോടൊപ്പം ഒരു പാന്റും. ഇതെന്താണെന്ന് എല്ലാവരും അത്ഭുതപ്പെട്ടിരിക്കവേയാണ് ഇതിന്‍റെ പേരും പെരുമയും പറഞ്ഞു ഒരു മലയാളി ചരിത്രകാരി രംഗത്തെത്തിയത്.
ഇതിനെ ‘പാന്റ്-സാരി’ എന്ന് വിളിക്കരുത്, ഇതിനു വേറൊരു പേരുണ്ട് എന്ന് തുടങ്ങുന്ന വിശദീകരണവുമായി വന്നത് ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരിയും മലയാളിയുമായ ദീപ്‌തി ശശിധരനാണ്.
“രേഖ ധരിച്ച ‘പാന്റ്-സാരി’ എന്ന് പറയുന്ന ഫാഷന്‍ ജേര്‍ണലിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്. ആ വേഷത്തിന്‍റെ ശരിയായ പേര് ‘ചൗഗോഷിയ’ എന്നാണ്. 150 വര്‍ഷത്തോളം പഴക്കമുള്ള ഒരു തുന്നല്‍ രീതിയാണിത്. ‘ചൗ’ എന്നാല്‍ നാല്. ബ്ലൗസ്, കുര്‍ത്തി, പൈജാമ, അഞ്ചു മീറ്റര്‍ നീളമുള്ള ദുപ്പട്ട എന്നീ നാല് വസ്‌ത്രങ്ങള്‍ ചേര്‍ന്നതാണ് ഈ വേഷം. ഹൈദരാബാദിലെ നിസാം കുടുംബത്തിലെ സ്ത്രീകളുടെ പാരമ്പര്യ വേഷമാണ് ‘ചൗഗോഷിയ’. തീര്‍ത്തും മനോഹരമായ ഈ അലങ്കാര രീതി ഇപ്പോഴും നിസാം കുടുംബങ്ങളിലെ നിക്കാഹുകളിലും മറ്റു പ്രധാന ചടങ്ങുകളിലും അവര്‍ ഉപയോഗിക്കാറുണ്ട്.”, ദീപ്‌തി സോഷ്യല്‍ മീഡിയയില്‍ വിശദീകരിച്ചു.
അതോടൊപ്പം ഹൈദരാബാദിലെ നിസാം ഏഴാമന്‍റെ പത്നി, ഈ വേഷം ധരിച്ചു നില്‍ക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് ദീപ്‌തി. ഫാഷന്‍ ചരിത്രം പഠിപ്പിക്കുന്ന നമുക്ക് നിര്‍ബന്ധമായും വേണം എന്നാവശ്യപെട്ട ദീപ്‌തി ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഏകാ കള്‍ച്ചറല്‍ റിസോര്‍സസി’ന്‍റെ ഡയറക്ടര്‍ ആണ്.
തിരുവനന്തപുരം സ്വദേശികളായ പ്രമോദ് കുമാര്‍, ദീപ്‌തി എന്നിവര്‍ സാരഥ്യം വഹിക്കുന്ന ഈ സ്ഥാപനം ‘ആര്‍ക്കിവിങ്ങി’ലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരള സര്‍ക്കാരിന്‍റെ ചരിത്ര കണ്‍സള്‍ട്ടന്റും കൂടുയാണ് ദീപ്‌തി.