ഒരാളുടെ ഭക്ഷണക്രമത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നോ രണ്ടോ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രതിരോധശക്തി വളര്‍ത്തിയെടുക്കുക സാധ്യമല്ല. ഒരു നിശ്ചിതകാലയളവ് പിന്തുടരുന്നതിലൂടെ മാത്രമേ നല്ല രീതിയിലുള്ള രോഗപ്രതിരോധശേഷി വികസിപ്പിച്ചെടുക്കാനാവൂ. രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ മാത്രമല്ല, രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും ഉയര്‍ന്ന രോഗപ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഡയറ്റീഷ്യനും, ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റും ലൈഫ്സ്റ്റൈല്‍ കോച്ചുമായ ലവ്‌ലീന്‍ കൗര്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്കായ് ഒരു പാചകക്കൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍, ചുവന്ന കഞ്ഞി തയ്യാറാക്കുന്നതിനെക്കുറിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്നും അവര്‍ വിശദീകരിക്കുന്നു.

Read Also: Covid-19: കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രോട്ടീന്‍

പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ മാത്രമല്ല രോഗപ്രതിരോധശേഷിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതെന്നും മറിച്ച് ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്രമേണ ശരീരത്തിലെ രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയില്‍ അവര്‍ പറയുന്നത്.

കാരറ്റ്, ബീറ്റ്റൂട്ട്, കടുക്, കായം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞി ചെറിയ അളവില്‍ ദിവസവും കഴിക്കാനാണ് ലവ്‌ലീന്‍ നിര്‍ദേശിക്കുന്നത്. എരിവും പുളിയും ചേര്‍ന്ന രുചിയിലുള്ള കഞ്ഞി രണ്ടാഴ്ച വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാനാകും.

ലവ്‌ലീന്‍ കൗര്‍ പങ്കുവച്ച ചുവന്ന കഞ്ഞിയുടെ പാചകക്കുറിപ്പ്

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്റൂട്ട്- അരക്കിലോ(5ml ആപ്പിള്‍ സിഡര്‍ വിനഗറുപയോഗിച്ച് കഴുകി, തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത്)
കാരറ്റ്-അരക്കിലോ
വെള്ളം- എട്ട് കപ്പ്
കടുക് – ഒന്നര ടീസ്പൂണ്‍
ഉപ്പ് – ഒന്നര ടീസ്പൂണ്‍
ഇന്തുപ്പ് – ഒന്നര ടീസ്പൂണ്‍
കായം – ഒരു നുള്ള്
മുളക് പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

* തിളപ്പിച്ച വെള്ളം അല്‍പം തണുക്കാന്‍ വയ്ക്കുക
* ഈ വെള്ളത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ചേര്‍ക്കുക. ഈ മിശ്രിതം വായു കടക്കാത്ത ഒരു കുപ്പിയിലോ, പാത്രത്തിലോ ആക്കി (അച്ചാര്‍ സൂക്ഷിക്കുന്ന തരത്തിലുള്ള പാത്രങ്ങള്‍) രണ്ട് മുതല്‍ നാല് ദിവസം വരെ വെയില്‍ ഏല്‍ക്കുന്ന സ്ഥലത്ത് വയ്ക്കുക

കഴിക്കേണ്ട വിധം

100 മില്ലി മുതല്‍ 150 മില്ലി വരെ മാത്രം ദിവസത്തില്‍ ഒരു നേരം കഴിക്കുക. പുളിപ്പിച്ച രുചി ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നല്‍കിയാല്‍ മതിയാകും. ഇത് അധികം കഴിക്കുന്നത് ചിലരില്‍ തൊണ്ടവേദന ഉണ്ടാക്കുമെന്നതിനാല്‍ നിര്‍ദേശിച്ച അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.

ചില സീസണുകളില്‍ മാത്രം ലഭിക്കുന്ന കറുത്ത കാരറ്റ് ഉപയോഗിച്ചാണ് ഈ കഞ്ഞി തയ്യാറാക്കുന്നതെങ്കിലും ചുവന്ന കാരറ്റ് ഉപയോഗിച്ച് തയ്യാറാക്കിയാലും ഈ കഞ്ഞിയുടെ ആരോഗ്യഗുണം കുറയുന്നില്ല. ചുവന്ന നിറത്തിലുളള ബീറ്റ്റൂട്ടും ചേര്‍ക്കുന്നതിനാല്‍ കഞ്ഞി കൂടുതല്‍ ഇരുണ്ട നിറത്തിലിരിക്കും. പൊതുവെ മരുന്ന് കഞ്ഞികള്‍ക്കുള്ള രുചിയാണ് ഈ ചുവന്ന കഞ്ഞിക്കുമുള്ളത്.

Read in English: Boost your immunity with this red kanji

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook