മുടി കഴുകുന്ന ദിവസം തന്നെ എണ്ണമയം കൂടുന്നുണ്ടോ? വീണ്ടും വീണ്ടും മുടി കഴുകുന്നതിന് പകരം ഇവ ചെയ്ത് നോക്കൂ. എണ്ണമയമുള്ള മുടിയുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഡെർമറ്റോളജിസ്റ്റ് ഡോ. ജുഷ്യ ഭാട്ടിയ സരിൻ പറയുന്നു. നിങ്ങളുടെ മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് എണ്ണമയമുള്ള തലയോട്ടിയിൽ നിന്ന് മുക്തി നേടാൻ നിങ്ങളെ സഹായിക്കും.
“സെലിനിയം സൾഫൈഡ്, സിങ്ക് തുടങ്ങിയ ചേരുവകൾ നിങ്ങളുടെ ഷാംപൂവിൽ ഉണ്ടോയെന്ന് പരിശോധിക്കുക. ഇവ നിങ്ങളുടെ തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഉത്തമമാണ്. സാലിസിലിക് ആസിഡ് പോലും മൊത്തത്തിലുള്ള ഓയിൽ ബിൽഡ്-അപ്പ് നീക്കം ചെയ്യുന്നതിൽ അത്ഭുതകരമായി പ്രവർത്തിക്കുന്നു. കൊഴുപ്പ് അകറ്റാൻ ഈ ചേരുവകൾ പായ്ക്ക് ചെയ്ത ഷാംപൂ ഉപയോഗിക്കുക,”ഡോ.ജുഷ്യ പറഞ്ഞു.
എന്തുകൊണ്ടാണ് തലയോട്ടിയിൽ എണ്ണമയം വരുന്നത്?
എണ്ണമയമുള്ള മുടി അടിസ്ഥാനപരമായി തലയോട്ടിയിലെ എണ്ണ ഉൽപാദനത്തിന്റെ ഫലമാണ്. മുടി എണ്ണമയമുള്ളതായിരിക്കുന്നതിന് പിന്നിലെ കാരണങ്ങൾ പലതായിരിക്കാം എന്ന് സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോസർജനുമായ ഡോ. അനഘ സമർഥ് പറഞ്ഞു. അവയിൽ ചിലത്:
- പരിസ്ഥിതിയിലെ ഈർപ്പം
- വലിയ സെബേഷ്യസ് ഗ്രന്ഥികളുള്ളവർക്ക് മുടിയിൽ എണ്ണമയം വർധിപ്പിക്കുകയും ചെയ്യുന്നു.
- അമിതമായ വ്യായാമം എണ്ണ ഉൽപാദനം വർധിപ്പിക്കാൻ കാരണമാകും.
- കോർട്ടിസോൾ പോലെയുള്ള കുറച്ച് ഹോർമോണുകളെ ബാധിക്കുന്നതിനാൽ ചിലപ്പോൾ സമ്മർദ്ദം എണ്ണ ഉൽപാദനം വർദ്ധിപ്പിക്കും.
അമിതമായി എണ്ണമയം ഉണ്ടെങ്കിൽ എന്തുചെയ്യും?
നിങ്ങൾക്ക് എണ്ണമയമുള്ള ശിരോചർമ്മമാണ് ഉള്ളതെങ്കിൽ, മുടി ഇടയ്ക്കിടെ ചൊറിയാതിരിക്കുന്നതാണ് നല്ലത്. സാലിസിലിക് ആസിഡ് പോലുള്ള ചേരുവകളും ഉപയോഗിക്കുക.
“മുടി ഇടയ്ക്കിടെ കഴുകുകയാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക്, അത് തലയോട്ടിയിലെ സംരക്ഷിത എണ്ണ പാളി നീക്കം ചെയ്യും. അതിനാൽ, ആഴ്ചയിൽ മൂന്ന് തവണ മുടി കഴുകാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. തലയോട്ടിയിൽ കണ്ടീഷണർ ഉപയോഗിക്കരുത്; ഇത് മുടിയുടെ നീളത്തിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്,” അധിക എണ്ണ ഉൽപാദനത്തെ ചികിത്സിക്കാൻ സാലിസിലിക് ആസിഡും ടീ ട്രീ ഓയിലുകളും ഉള്ള ഷാംപൂകൾ ഉപയോഗിക്കാൻ ഡോ. അനഘ പറയുന്നു.
ഷാംപൂവിലെ കറ്റാർവാഴയുടെ അംശം തലയോട്ടിയിലെ എണ്ണമയം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, മുകളിൽ നിർദ്ദേശിച്ച ഷാംപൂകൾ ഉപയോഗിച്ചിട്ടും അത് മെച്ചപ്പെടുന്നില്ലെങ്കിൽ, ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്,” ഡോ. അനഘ പറഞ്ഞു.