ചെറുപ്പക്കാരിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര എന്നത്. മുടിക്ക് ഇരുണ്ടനിറം നൽകുന്നത് മെലനോസൈറ്റ് കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്. പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരുന്നതുകൊണ്ടാണ് മുടി നരച്ചു തുടങ്ങുന്നത്. എന്നാൽ അകാലനര ബാധിച്ചവരിൽ പലരിലും 20 വയസ്സു മുതൽ തന്നെ മുടി നരച്ചു തുടങ്ങുന്നു. ഇത്തരം കേസുകളിൽ പ്രായമെത്തും മുൻപു തന്നെ മെലനോസൈറ്റ് കോശങ്ങളുടെ പ്രവർത്തനം കുറയുന്നതാണ് മുടി നരക്കാൻ കാരണമാവുന്നത്.
പലരിലും പാരമ്പര്യമായാണ് അകാലനര കാണപ്പെടാറുള്ളത്. എന്നാൽ അതുമാത്രമല്ല, അകാലനരയ്ക്കു പിന്നിലെ കാരണങ്ങൾ. അകാലനരയ്ക്ക് പിന്നിലെ ശ്രദ്ധേയമായ ചില കാരണങ്ങളും അതിനെ എങ്ങനെ മറികടക്കാമെന്നും വിശദീകരിക്കുകയാണ് ഡോ. ഗീതിക ഗുപ്ത.
പോഷകാഹാര കുറവ്, ഇടയ്ക്കിടെ മുടി കളർ ചെയ്യുന്നത്, അമിതമായ ബ്ലീച്ചിന്റെ ഉപയോഗം, പുകവലി, മലിനീകരണം എന്നിവയൊക്കെ അകാലനരയ്ക്ക് കാരണമാവുമെന്നാണ് ഡോ. ഗീതിക ചൂണ്ടി കാണിക്കുന്നത്.
അതിനെ മറികടക്കാനുള്ള ചില നുറുങ്ങുവിദ്യകളും ഡോ. ഗീതിക നിർദ്ദേശിക്കുന്നു.
- വൈറ്റമിൻ ഡി, ബി12, ബയോട്ടിൻ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യുക.
- പുകവലി നിർത്തുക, കാരണം ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യും.
- തൊപ്പിയോ സ്കാർഫോ ഉപയോഗിച്ച് നിങ്ങളുടെ മുടിയെ സൂര്യനിൽ നിന്ന് സംരക്ഷിക്കുക.
- നിങ്ങളുടെ മുടിയിൽ അമിതമായ ചൂട്, ബ്ലീച്ച്, നിറങ്ങൾ എന്നിവ പ്രയോഗിക്കരുത്.
- അമിതമായ ടെൻഷൻ ഒഴിവാക്കുക. വ്യായാമം ചെയ്യുകയും സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുക
- പുറത്തുപോവുമ്പോൾ മുടിയിൽ ആന്റി ഓക്സിഡന്റ് സെറം ഉപയോഗിക്കുക.