രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, മൗനിറായ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്. ജൂൺ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് രൺബീർ. ബ്രഹ്മാസ്ത്രയുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടി വിശാഖപട്ടണത്ത് സന്ദർശനം നടത്തിയിരിക്കുകയാണ് രൺബീർ ഇപ്പോൾ.
പ്രമോഷന് എത്തിയ രൺബീർ ധരിച്ച മാസ്കാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. ലക്ഷ്വറി ബ്രാൻഡായ ബർബറിയുടെ ഹൈ-എൻഡ് ഫേസ് മാസ്കാണ് രൺബീർ അണിഞ്ഞിരിക്കുന്നത്. 150 ഡോളറാണ് (ഏതാണ്ട് 11645 രൂപ) ഇതിന്റെ വില. ആന്റിമൈക്രോബിയൽ ടെക്നോളജിയിൽ നിർമ്മിച്ചവയാണ് ഈ ഐക്കോണിക് ചെക്ക് പാറ്റേണിലുള്ള മാസ്ക്. ആർക്കൈവ് ബെയ്ജ് നിറത്തിലുള്ളതാണ് ഈ മാസ്ക്.
വിന്റെജ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന ബർബറി നോവ ചെക്ക് തന്നെയാണ് ഈ മാസ്കുകളിലും കാണാനാവുന്നത്.
അയൻ മുഖര്‍ജിയാണ് ബ്രഹ്മാസ്ത്ര സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ആലിയ- രൺബീർ പ്രണയം ആരംഭിച്ചത്. ഹുസൈന് ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ പങ്കജ് കുമാറാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
നാഗാര്‍ജുനയും ‘ബ്രഹ്മാസ്ത്ര’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രത്തിന് പതിപ്പുകളുണ്ടാവും.