ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ, റമദാൻ കാലത്ത് നോമ്പ് അനുഷ്ഠിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ നോമ്പുകൾക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ഈ ഉപവാസം നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്നത് നിങ്ങൾക്കറിയാമോ? സോറിയാസിസ്, ഹൈഡ്രഡെനിറ്റിസ് സപ്പുറേറ്റിവ എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ ഉപവാസം സഹായിക്കുന്നു.
റംസാൻ വ്രതാനുഷ്ഠാന കാലത്ത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന സൈറ്റോകൈനുകൾ കുറയുന്നു. ഇത് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്നും ഡെർമറ്റോളജിസ്റ്റ് ഡോ.മുനീബ് ഷാ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
മുഖക്കുരു, സോറിയാസിസ്, ഹൈഡ്രാഡെനിറ്റിസ് സപ്പുറേറ്റിവ എന്നിവ പോലെ ധാരാളം ചർമ്മരോഗങ്ങൾ കോശജ്വലനം കാരണമാണെന്നു അവർ പറയുന്നു. “ശരീരത്തിലെ വീക്കം കുറയുന്നതിലൂടെ, ചർമ്മവും മെച്ചപ്പെടുന്നു,” ഡോ.മുനീബ് പറയുന്നു.
ഉപവാസത്തിന്റെ ഗുണങ്ങൾ
അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ റമദാൻ ഉപവാസത്തിൽ പങ്കെടുത്ത ആളുകളിൽ സോറിയാസിസ് കുറയ്ക്കുന്നതായി കണ്ടെത്തി. ജേർണൽ ഓഫ് ക്യൂട്ടേനിയസ് മെഡിസിൻ ആൻഡ് സർജറിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, ഉപവാസം ഹൈഡ്രാഡെനിറ്റിസ് സപ്പുറാറ്റിവയും കുറയ്ക്കുന്നതായി കണ്ടെത്തി.
റമദാൻ നോമ്പ് എന്നത് ഇടവിട്ടുള്ള ഉപവാസമാണ്. ദിവസത്തിന്റെ നിശ്ചിത മണിക്കൂറുകളിൽ ഭക്ഷണം കഴിക്കുന്നില്ല. “ഉപവാസത്തിന് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്താനും കഴിയുമെന്ന്,” ചെന്നൈയിലെ അപ്പോളോ സ്പെക്ട്രയിലെയും അപ്പോളോ കോസ്മെറ്റിക്സ് ക്ലിനിക്കിലെയും സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. ആനി ഫ്ലോറ പറയുന്നു.
വീക്കം കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുന്ന ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ ഉപവാസം സഹായിക്കുന്നു എന്നതാണ് ഇതിന് കാരണം. കൂടാതെ, ആരോഗ്യമുള്ള ചർമ്മത്തിന്റെ പ്രധാന ഘടകമായ കൊളാജന്റെ ഉൽപാദനവും വർധിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന പ്രോട്ടീനാണ്. പ്രായത്തിനനുസരിച്ച് കൊളാജന്റെ ഉൽപാദനം കുറയുകയും ചർമ്മം തൂങ്ങുന്നതിനും ചുളിവുകൾ ഉണ്ടാകുന്നതിനും കാരണമാകുകയും ചെയ്യുന്നു.
ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഉപവാസത്തിനു കഴിയുന്നു. അത് ചർമ്മത്തിന്റെ കേടുപാടുകൾ കുറയ്ക്കുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
മുഖക്കുരു, സോറിയാസിസ്, എക്സിമ എന്നിവയുൾപ്പെടെ പല ചർമ്മ അവസ്ഥകളിലും വീക്കം ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ കോശജ്വലന മാർക്കറുകളുടെ അളവ് കുറയ്ക്കാൻ ഉപവാസത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് ഈ അവസ്ഥകൾ മെച്ചപ്പെടുത്താൻ സഹായിക്കും, ” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഡിഎം മഹാജൻ പറയുന്നു.
“ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിന് സെല്ലുലാർ റിപ്പയറും പുനരുജ്ജീവനവും അത്യന്താപേക്ഷിതമാണ്. ഉപവാസം അതിനു സഹായിക്കുന്നു. ശരീരം ഓട്ടോഫാഗി എന്ന അവസ്ഥയിലേക്ക് പോവുകയും അത് പഴയതും കേടായതുമായ കോശങ്ങളെ പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ വിഷാംശം നീക്കം ചെയ്യുന്നതിനും പുതിയ ആരോഗ്യമുള്ള കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നു,” ഡോ. മഹാജൻ പറയുന്നു.
ഉപവാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപവാസം ചർമ്മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുമെങ്കിലും ഉപവസിക്കാത്ത സമയങ്ങളിൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. “പലതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യമുള്ള ചർമ്മം നിലനിർത്താനും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു. കൂടാതെ, ഉപവസിക്കാത്ത സമയങ്ങളിൽ ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കുക,” ഡോ ആനി പറഞ്ഞു.
“പാൽ, പാൽ ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, വളരെ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവ നോമ്പ് തുറന്നതിനു ശേഷം ഉടനെ കഴിക്കുന്നത് ചർമ്മത്തിൽ ബ്രേക്ക്ഔട്ടുകൾക്ക് കാരണമായേക്കാം,” അവർ വിശദീകരിക്കുന്നു.