രക്ഷാ ബന്ധന്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. രാജ്യത്തെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ പോയവര്‍ക്ക് രവീന്ദ്രനാഥ് ടാഗോര്‍ എന്ന മനുഷ്യന്‍ നല്‍കിയ മറുപടിയുടെ ഓര്‍മ്മപ്പെടുത്തല്‍. ബംഗാള്‍ വിഭജനത്തെ തടയാന്‍ ടാഗോര്‍ രക്ഷാ ബന്ധന്‍ സംഘടിപ്പിച്ച കഥ ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അത്ര സുപരിചിതമായിരിക്കില്ല.

ദേശീയ പ്രസ്ഥാനങ്ങളുടേയും സമരങ്ങളുടേയും പോരാട്ടങ്ങളുടേയും വലിയൊരു ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. 19ാം നൂറ്റാണ്ടില്‍ ഇത്തരം പോരാട്ടങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു ബംഗാള്‍. എന്നാല്‍ ഇത്തരം പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ബംഗാള്‍ വിഭജിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ മുന്നിലുണ്ടായിരുന്നു ഏക മാര്‍ഗം. ഇതിനെ ചെറുക്കാന്‍ ടാഗോര്‍ ഉള്‍പ്പെടെ നിരവധി പേരാണ് നിരന്തര പരിശ്രമങ്ങള്‍ നടത്തിയത്.

1905ലാണ് അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജനം നടത്തിയത്. മുസ്ലീം ഭൂരിപക്ഷമുള്ള കിഴക്കന്‍ ബംഗാളും ആസാമും ചേര്‍ത്ത് പുതിയൊരു പ്രവിശ്യ ഉണ്ടാക്കുകയാണ് കഴ്സണ്‍ ചെയ്തത്. വിഭജനം എന്ന ആശയത്തെക്കുറിച്ച് മുസ്ലീം സമുദായത്തിലുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്കായി. തങ്ങള്‍ക്ക് സ്വന്തമായി ഒരിടം എന്നതായിരുന്നു അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഉപയോഗിച്ച അടവ്. ആഗസ്റ്റിലാണ് വിഭജിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടബോബറില്‍ വിഭജനം നടപ്പാക്കി. എന്നാല്‍ ഇത് നടന്നത് ശ്രാവണ പൂര്‍ണ്ണിമ ദിവസത്തിലായിരുന്നു. ഹിന്ദുക്കള്‍ക്ക് അത് രക്ഷാ ബന്ധന്‍ ദിവസമായിരുന്നു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍.

അവിടെയാണ് ടാഗോര്‍ തന്റെ ബുദ്ധി പ്രയോഗിച്ചത്. രാജ്യം രണ്ടാകാതിരിക്കാന്‍ അദ്ദേഹം സാഹോദര്യത്തിന്റെയും ഒരുമയുടേയും സന്ദേശം ആളുകളിലെത്തിക്കാന്‍ തീരുമാനിച്ചു. ‘സുരക്ഷയുടെ ചരട്’ ഉപയോഗിച്ച് അദ്ദേഹം വിഭജനത്തെ തടയാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം കൊല്‍ക്കത്തയിലും ധാക്കയിലും സില്ലെട്ടിലും ജനങ്ങളെ വിളിച്ചുകൂട്ടി. രാഖികളുമായി നിരവധി പേരാണ് ടാഗോറിനൊപ്പം അണി ചേര്‍ന്നത്. ആ ചരട് ഒരുമയുടേതായിരുന്നു. രക്ഷാബന്ധന്റെ മതപരമായ മുഖത്തെ ഒരുമയുടേതാക്കാന്‍ അദ്ദേഹത്തിനായി.

ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 1911ന് വിഭജന തീരുമാനം ബ്രിട്ടീഷുകാര്‍ പിന്‍വലിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ